| Wednesday, 9th September 2026, 9:42 am

ജനസംഖ്യാ കണക്ക് വളച്ചൊടിച്ച് ജനം ടി.വിയുടെ വിദ്വേഷ പ്രചാരണം; വ്യാജവാർത്തയ്‌ക്കെതിരെ വിമർശനം ശക്തം

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: 2024ലെ സാമ്പത്തിക സ്ഥിതിവിവര വാർഷിക റിപ്പോർട്ടിലെ കണക്കുകൾ വളച്ചൊടിച്ച് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതായി ബി.ജെ.പി ചാനലായ ജനം ടി.വിക്കെതിരെ വിമർശനം. മുസ്‌ലിം ജനസംഖ്യ വർധിക്കുന്നുവെന്നും ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നുവെന്നും പ്രചരിപ്പിച്ച് ഉത്തരേന്ത്യയിൽ സംഘപരിവാർ ഉപയോഗിച്ച വിദ്വേഷ പ്രചാരണ തന്ത്രം കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നതായാണ് ആരോപണം.

മുസ്‌ലിം ജനസംഖ്യയിൽ വർധനയുണ്ടായെന്നും മലപ്പുറം ജില്ലയിൽ ജനസംഖ്യ കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടിൽ, തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ജനനനിരക്കിനേക്കാൾ മരണനിരക്ക് കൂടുതലാണെന്നും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ മരണനിരക്കിനേക്കാൾ ജനനനിരക്ക് കൂടുതലാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്.

ഈ പ്രവണത കേരളത്തിന്റെ സാമൂഹിക സന്തുലിതാവസ്ഥയെയും മതേതര സ്വഭാവത്തെയും ബാധിക്കുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി. ബാബുവിന്റെ പ്രതികരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ജനനനിരക്ക്, മരണനിരക്ക്, ജനസംഖ്യയുടെ പ്രായഘടന, കുടിയേറ്റം, ആയുർദൈർഘ്യം തുടങ്ങിയ പ്രധാന ഘടകങ്ങൾ പരിഗണിക്കാതെയാണ് കണക്കുകൾ അവതരിപ്പിച്ചതെന്നാണ് വിമർശനം. കേരളത്തിൽ സാക്ഷരതയും ജീവിതനിലവാരവും ഉയർന്നതോടെ ജനനനിരക്ക് കുറയുന്നതും ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുന്നതും സ്വാഭാവികമായ സാമൂഹിക മാറ്റത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടുന്നു.

വിവിധ മതവിഭാഗങ്ങളുടെ മരണനിരക്ക് താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യയുടെ പ്രായഘടന കൂടി പരിഗണിക്കേണ്ടതുണ്ട്. എന്നാൽ ജനം ടി.വി റിപ്പോർട്ടിൽ പ്രായവ്യത്യാസം പരിഗണിക്കാത്ത പൊതുമരണനിരക്കായ ക്രൂഡ് ഡെത്ത് റേറ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് വിമർശനം. കേരളത്തിലെ വിവിധ മതവിഭാഗങ്ങളുടെ പ്രായഘടന ഒരുപോലെയല്ലാത്തതിനാൽ ക്രൂഡ് ഡെത്ത് റേറ്റും ജനനനിരക്കും നേരിട്ട് താരതമ്യം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും വിമർശകർ പറയുന്നു.

സമൂഹത്തിൽ വിഭാഗീയതയും വിദ്വേഷവും വളർത്തുന്ന മാധ്യമങ്ങൾക്കും വ്യക്തികൾക്കുമെതിരെ സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും, എന്നാൽ ജനം ടി.വിക്കെതിരെ യുഡിഎഫ് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും വിമർശനമുണ്ട്.

2024ലെ സാമ്പത്തിക സ്ഥിതിവിവര വാർഷിക റിപ്പോർട്ടിലെ കണക്കുകൾ തെറ്റായി ഉപയോഗിച്ച് വെറുപ്പും പകയും വളർത്താനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ശ്രമിച്ച ജനം ടി.വിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധൻ ഡോ. കെ.പി. അരവിന്ദൻ ആവശ്യപ്പെട്ടു.

ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നുവെന്ന വാദത്തിന് ആധാരമാക്കിയിരിക്കുന്നത് പ്രായവ്യത്യാസം പരിഗണിക്കാത്ത ക്രൂഡ് ഡെത്ത് റേറ്റാണെന്ന് അരവിന്ദൻ വ്യക്തമാക്കി. കേരളത്തിൽ ആയിരം പേരിലെ ക്രൂഡ് ഡെത്ത് റേറ്റ് ഹിന്ദു വിഭാഗത്തിൽ 7.95, ക്രിസ്ത്യൻ വിഭാഗത്തിൽ 7.92, മുസ്‌ലിം വിഭാഗത്തിൽ 4.93 എന്നിങ്ങനെയാണ്.

എന്നാൽ മൂന്ന് സമുദായങ്ങളുടെയും പ്രായഘടനയിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിം ജനസംഖ്യയിൽ ചെറുപ്പക്കാരുടെ അനുപാതം കൂടുതലും ക്രിസ്ത്യൻ ജനസംഖ്യയിൽ പ്രായമായവരുടെ അനുപാതം കൂടുതലുമാണ്.

2011ലെ സെൻസസ് മാതൃകാസ്ഥാനത്തെ അഞ്ചുവർഷം വീതമുള്ള പ്രായഘടനാ കണക്കുകൾ പരിഗണിച്ച് മരണനിരക്ക് താരതമ്യം ചെയ്താൽ ഹിന്ദു വിഭാഗത്തിൽ 7.35, ക്രിസ്ത്യൻ വിഭാഗത്തിൽ 6.41, മുസ്‌ലിം വിഭാഗത്തിൽ 7.31 എന്നിങ്ങനെയാണ് നിരക്ക്. അതിനാൽ പ്രായഘടന പരിഗണിക്കാതെ കണക്കുകൾ അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും അരവിന്ദൻ പറഞ്ഞു.

Content Highlight:Janan TV’s Hate Campaign Distorts Population Data; Strong Criticism Over Fake News.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more