കോഴിക്കോട്: 79ാംമത് സ്വാതന്ത്ര്യദിനോടനുബന്ധിച്ച് ജനം ടി.വി പങ്കുവെച്ച പോസ്റ്ററിനെതിരെ രൂക്ഷവിമര്‍ശനം. പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നേതാക്കളില്‍ ‘ഗാന്ധിയെവിടെ’ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്ക്കറെയും ഇരുവശങ്ങളിലേക്ക് ഒതുക്കി സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കാണ് ജനം ടി.വി പോസ്റ്ററില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.
കൂടാതെ ഛത്രപതി ശിവജി, മാധവറാവു സദാശിവ ഗോള്‍വാള്‍ക്കര്‍, കേശവ ബലിറാം ഹെഡ്‌ഗേവാര്‍, മഹര്‍ഷി അരബിന്ദോ തുടങ്ങിയ നേതാക്കളെയും പോസ്റ്ററില്‍ എടുത്തുകാണിക്കുന്നു.
‘സ്വാതന്ത്ര്യം നല്‍കപ്പെടുന്നില്ല, അത് എടുക്കപ്പെടുന്നു. ഇന്ന് നാം സ്വതന്ത്രരാണ് നമ്മള്‍ സ്വതന്ത്രരായി തന്നെ തുടരും,’ എന്ന കുറിപ്പോട് കൂടിയാണ് ജനം ടി.വി പോസ്റ്റര്‍ പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റിന് പിന്നാലെ ഗാന്ധിയും അംബേദ്ക്കറും എവിടെയെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്.
അംബേദ്കര്‍ ഒരു സൈഡില്‍ നിന്ന് എത്തിനോക്കുന്നുണ്ട്, മഹാത്മാ ഗാന്ധിയുടെ പടം ഇത്രെങ്കിലും ചെറുതായിട്ട് കാണിച്ച ജനം ടി.വിയുടെ ആ മനസ് നമ്മള്‍ കാണാതെ പോകരുത്, സവര്‍ക്കര്‍ കുമ്മനം ഉണ്ടല്ലോ, ഗാന്ധിജി ഒക്കെ ഉണ്ടല്ലോ, വോട്ട് നല്‍കപ്പെടുന്നില്ല… അത് കട്ടെടുക്കപ്പെടുന്നു, പോസ്റ്ററില്‍ കെ. സുരേന്ദ്രനെ കാണുന്നില്ലാലോ തുടങ്ങിയ പരിഹാസ കമന്റുകളാണ് പോസ്റ്റിന് താഴെ ഉയരുന്നത്.
നിലവില്‍ തൃശൂര്‍ എം.പി സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായിരിക്കുന്ന പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട സ്വാതന്ത്ര്യദിന പോസ്റ്ററും വിവാദത്തിലായിട്ടുണ്ട്. ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചുകൊണ്ടാണ് മന്ത്രാലയം പോസ്റ്റര്‍ പുറത്തുവിട്ടത്.
സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെയാണ് പോസ്റ്ററിൽ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ പോസ്റ്ററില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിലവില്‍ വിമര്‍ശനമുയരുന്നുണ്ട്.
ചെങ്കോട്ടയില്‍ വെച്ച് ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസെന്നും 100 വര്‍ഷത്തെ ആര്‍.എസ്.എസിന്റെ സേവനത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്നുമാണ് മോദി പറഞ്ഞത്. ഇതിനെതിരെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും രൂക്ഷമായ വിമര്‍ശനമുയര്‍ത്തി രംഗത്തുണ്ട്.
Content Highlight: Social media searches for Gandhi in Janam TV’s Independence Day poster