| Sunday, 13th July 2025, 5:44 pm

ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള ജൂലൈ 17 ന് തിയേറ്ററുകളിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമപോരാട്ടങ്ങൾക്കൊടുവിൽ ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം തിയേറ്ററുകളിലേക്ക്. ചിത്രം ഈ മാസം (ജൂലൈ) 17ന് പ്രദർശത്തിനെത്തും. സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള എന്ന പുതിയ പേരിലുള്ള പോസ്റ്ററും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം റിലീസാകും.

വിവാദങ്ങൾക്കൊടുവിൽ ഇന്നലെയായിരുന്നു (ശനി) ചിത്രത്തിന് സെൻസർ ബോർഡ് U/A 16 + സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. കഴിഞ്ഞ മാസം 27 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജാനകി എന്ന പേര് ജാനകി .വി എന്നോ വി. ജാനകിയെന്നോ ആക്കാമെന്നും ചിത്രത്തിലെ കോടതിയിലെ ക്രോസ് എക്‌സാമിനേഷൻ രംഗത്തെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചതിനെ തുടർന്ന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിന് കാരണമായി സെൻസർ ബോർഡ് വിചിത്രമായ വാദങ്ങളായിരുന്നു ഉയർത്തി കാണിച്ചത്. സിനിമയിൽ മറ്റൊരു മതക്കാരൻ ജാനകിയെ സഹായിക്കുന്നുണ്ടെന്നും ഇത്തരം സഹായങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും സെൻസർ ബോർഡ് പറഞ്ഞിരുന്നു. സിനിമയുടെ സബ്ടൈറ്റിലിൽ അടക്കം മാറ്റം വരുത്തണമെന്നും ജാനകി .വി എന്നോ വി. ജാനകി എന്നോ മാറ്റം വരുത്തണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. 96ഓളം മാറ്റങ്ങൾ സിനിമയിൽ വേണമെന്ന് നേരത്തെ സെൻസർ ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് രണ്ട് മാറ്റങ്ങൾ മതിയെന്ന് നിലപാടിലേക്ക് സെൻസർ ബോർഡ് എത്തുകയായിരുന്നു.

Content Highlight: Janaki Vs State Of Kerala Movie Will Be Release In Theater On July 17

We use cookies to give you the best possible experience. Learn more