| Thursday, 17th July 2025, 3:34 pm

എന്തിനോ വേണ്ടി തിളച്ച ജാനകി (വി)യും ഡേവിഡ് വക്കീലും പിന്നെ സ്റ്റേറ്റ് ഓഫ് കേരളയും....

അമര്‍നാഥ് എം.

സെന്‍സര്‍ ബോര്‍ഡിന്റെ അതിവിചിത്രമായ നടപടിക്ക് പിന്നാലെ റിലീസ് തടയപ്പെടുകയും ഒടുവില്‍ പേര് മാറ്റി റിലീസ് ചെയ്യേണ്ടി വന്ന ചിത്രമാണ് ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള. സെന്‍സര്‍ ബോര്‍ഡിന് ഹാലിളകാന്‍ മാത്രം എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ സിനിമ കണ്ടു. വളരെ ശക്തമായ പ്രമേയം സംസാരിക്കുന്ന സിനിമയാണ് ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള.

പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നു, നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുന്നു. എന്നാല്‍ വളരെ ദുര്‍ബലമായ തിരക്കഥ കൊണ്ട് നല്ല കഥയെ എങ്ങനെ മോശം സിനിമാനുഭവമായിരിക്കാമെന്നതിന്റെ ഉദാഹരണമായി ഈ സിനിമ മാറിയെന്ന് പറയാം. ഫ്രാങ്കോ ബിഷപ്പിനെ അനുസ്മരിപ്പിക്കുന്ന ഒരു ക്രിസ്ത്യന്‍ പുരോഹിതനെതിരായ കേസ് കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.

കഥയുടെ മുന്നോട്ടുള്ള പോക്കില്‍ ഈ ഭാഗത്തിന് പ്രത്യേകിച്ച് പ്രാധാന്യം സംവിധായകന്‍ നല്‍കുന്നില്ല. ഇത് മാത്രമല്ല, കഥയുമായി യാതൊരു ബന്ധവുമില്ലാഞ്ഞിട്ടു കൂടി സഹകരണ സമിതിയുടെ അഴിമതിയെക്കുറിച്ചും ഡേവിഡ് വക്കീല്‍ ഘോരഘോരം ഡയലോഗടിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പാലവും റോഡും കൊണ്ടുവരുന്നതും മഞ്ഞക്കുറ്റി നാട്ടുന്നതുമല്ല വികസമെന്ന ഡയലോഗ് കൂടിയായപ്പോള്‍ എല്ലാം ശുഭം. ഈ ഡയോലഗ് സിനിമയിലെന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുന്നുണ്ടോ എന്ന് പിന്നീട് ആലോചിച്ചാല്‍ ഇല്ലെന്നേ പറയാനാകുള്ളൂ.

ജാനകി (വി) എന്ന ടൈറ്റില്‍ റോളില്‍ അനുപമ പരമേശ്വരന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സംശയമില്ലാതെ പറയാന്‍ സാധിക്കും. പ്രേമത്തിലെ മേരിയില്‍ നിന്ന് ജാനകി (വി)യിലേക്ക് വരുമ്പോള്‍ മികച്ച നടിമാരുടെ പട്ടികയില്‍ ഇടംപിടിക്കുന്ന അനുപമയെയാണ് കാണാന്‍ സാധിക്കുന്നത്. ഡ്രാഗണിലെ കീര്‍ത്തിയും ഈ സിനിമയിലെ ജാനകിയും അനുപമയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളായി മാറി.

അവസാനത്തെ പത്ത് മിനിറ്റില്‍ മാത്രം പ്രത്യക്ഷപ്പെട്ട ശ്രുതി രാമചന്ദ്രനും മികച്ച പ്രകടനമായിരുന്നു. നിവേദിത ആബേല്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗുകള്‍ പ്രസക്തമായിരുന്നെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ ആ ഭാഗങ്ങള്‍ക്ക് വലിയ ഇംപാക്ട് നല്കാതെ പോയി. ഈ രണ്ട് പേരെ മാറ്റിനിര്‍ത്തിയാല്‍ നല്ല പ്രകടനമൊന്നും ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല.

ഡേവിഡ് ആബേല്‍ ഡോണോവനായി വേഷമിട്ട സുരേഷ് ഗോപിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പഞ്ച് കുറഞ്ഞ ഡയലോഗുകള്‍ക്കൊപ്പം മാധ്യമങ്ങള്‍ക്ക് നേരെ റിയല്‍ ലൈഫില്‍ ക്ഷോഭിക്കുന്നതിനെ ന്യായീകരിക്കുന്ന ഡയലോഗുകളെല്ലാം ഏച്ചുകെട്ടിയതായി അനുഭവപ്പെട്ടു. സ്‌ക്രീന്‍ പ്രസന്‍സില്‍ സുരേഷ് ഗോപി നിറഞ്ഞുനിന്നു എന്നും പറയാം. സുരേഷ് ഗോപിയുടെ താടി ഒട്ടിച്ചുകൊടുത്ത മേക്കപ്പ് മാനെ പ്രത്യേകം എടുത്തുപറയണം. അത്രമാത്രം ആര്‍ട്ടിഫിഷ്യാലിറ്റി പല സീനുകളിലും എടുത്തറിയുന്നുണ്ടായിരുന്നു.

മാധവ് സുരേഷ്, ഡയലോഗില്ലാത്ത സീനുകളില്‍ മാധവ് മികച്ചുനിന്നു. എന്നാല്‍ ഡയലോഗ് ഡെലിവറിയില്‍ താന്‍ വളരെ പിന്നോട്ടാണെന്ന് ഓരോ സീനിലും മാധവ് തെളിയിച്ചു. അസ്‌കര്‍ അലിയുടെ പ്രകടനം നന്നായിരുന്നെങ്കിലും ആ കഥാപാത്രത്തിന് ഒരു പൂര്‍ണത നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ലെന്ന് തന്നെ പറയേണ്ടിവരും.

ഗിരീഷ് നാരായണന്‍ ഒരുക്കിയ സംഗീതം, രെണദിവെയുടെ ഫ്രെയിമുകള്‍ എന്നിവ സിനിമയെ കുറച്ചെങ്കിലും താങ്ങിനിര്‍ത്തി. ജിബ്രന്‍ ഒരുക്കിയ ടൈറ്റില്‍ സോങ്ങും, ‘മിഴിയിലെ സൂര്യനും’ എന്നീ ഗാനങ്ങള്‍ നല്ല അനുഭവമായിരുന്നു. എന്നിരുന്നാലും ഇവയൊന്നു സിനിമയില്‍ വലിയ ഇംപാക്ടുണ്ടാക്കിയില്ല. മൊത്തത്തില്‍ നല്ലൊരു പ്രമേയത്തിന്റെ മോശം അവതരണമായി ജാനകി (വി) മാറി. സുരേഷ് ഗോപിക്ക് കേരളത്തോടുള്ള വൈരാഗ്യം പറയാന്‍ വേണ്ടി മാത്രമുള്ള സിനിമയെന്ന് തോന്നിയാല്‍ തെറ്റ് പറയാനാകില്ല.

Content Highlight: Janaki V vs State of Kerala movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more