| Friday, 21st November 2025, 7:59 pm

ഇവിടെ മാത്രമല്ല അങ്ങ് മലേഷ്യയിലുമുണ്ട് നെഞ്ചില്‍ കുടിയിരുക്കും ആരാധകര്‍, ജന നായകന്‍ ഓഡിയോ ലോഞ്ച് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌യുടെ സിനിമകളെപ്പോലെ ഏറെ ഫാന്‍ ബേസുള്ള ഒന്നാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ഓഡിയോ ലോഞ്ച്. ഇഷ്ട താരത്തെ നേരില്‍ കാണാനുള്ള ആരാധകരുടെ ഒരേയൊരു അവസരമാണ് ഇത്തരം ഓഡിയോ ലോഞ്ചുകള്‍. ഓരോ ഓഡിയോ ലോഞ്ചിനും തന്റെ ആരാധകരോട് വിജയ് പറയുന്ന ‘കുട്ടിക്കഥ’കള്‍ക്കും വലിയ ഫോളോവിങ്ങാണുള്ളത്.

എന്നാല്‍ കഴിഞ്ഞ രണ്ട് വിജയ് സിനിമകള്‍ക്കും ഓഡിയോ ലോഞ്ച് ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടിക്ക് അനുമതി നല്കാതിരുന്നത്. ഇപ്പോഴിതാ വിജയ്‌യുടെ അവസാന ചിത്രമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ജന നായകന്‍ ഓഡിയോ ലോഞ്ച് ഉണ്ടാകുമെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ വിജയ് ആരാധകര്‍ക്ക് ഈ വാര്‍ത്ത അല്പം നിരാശയുണ്ടാക്കുന്നതാണ്. ഇത്തവണ മലേഷ്യയിലാണ് ഓഡിയോ ലോഞ്ച് അരങ്ങേറുന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് മലേഷ്യന്‍ മണ്ണിലേക്കെത്തുന്നത്. കുരുവി എന്ന ചിത്രത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് മലേഷ്യയിലായിരുന്നു. ഡിസംബര്‍ 27ന് ക്വാലാലംപൂരിലെ ബുകിത് ജെയിന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഓഡിയോ ലോഞ്ച് അരങ്ങേറുക.

തമിഴ് വംശജര്‍ ധാരാളമുള്ള രാജ്യം കൂടിയാണ് മലേഷ്യ. വിജയ്ക്ക് മലേഷ്യന്‍ മണ്ണില്‍ വലിയ ആരാധക പിന്തുണയാണുള്ളത്. മലേഷ്യയിലെ വിജയ് ആരാധകര്‍ തങ്ങളുടെ ഇഷ്ടനടനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സ്‌പെഷ്യല്‍ വീഡിയോ നിര്‍മാതാക്കളായ കെ.വി.എന്‍. പ്രൊഡക്ഷന്‍സ് പുറത്തുവിട്ടു. വിജയ്‌യുടെ സിനിമകളിലെ രംഗങ്ങളും ആരാധകരുടെ സന്ദേശവും മിക്‌സ് ചെയ്ത വീഡിയോക്ക് വന്‍ റീച്ചാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിജയ്‌യുടെ യാത്രയയപ്പായി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്. താരത്തിന്റെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കിയ സംവിധായകരെല്ലാം ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് കനകരാജ്, അറ്റ്‌ലീ, എ.ആര്‍. മുരുകദോസ്, പ്രഭുദേവ, ധരണി എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

മലേഷ്യ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങാകും ജന നായകന്‍ ഓഡിയോ ലോഞ്ചെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ദളപതിയുടെ എന്‍ട്രിക്ക് മാറ്റ് കൂട്ടാന്‍ അനിരുദ്ധിന്റെ വക സ്‌പെഷ്യല്‍ ട്രിബ്യൂട്ടെല്ലാം ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. നെഞ്ചില്‍ കുടിയിരിക്കുന്ന ആരാധകരോട് ദളപതി പറയുന്ന അവസാന കുട്ടി സ്റ്റോറി എന്താകുമെന്ന് ഡിസംബര്‍ 27ന് കാണാം

Content Highlight: Jana Nayakan Audio launch will take place in Malasiya

We use cookies to give you the best possible experience. Learn more