ആരാധകരെ രോമാഞ്ചഭരിതരാക്കിക്കൊണ്ട് വിജയ് ചിത്രം ജന നായകന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് പുറത്തിറങ്ങുന്ന ജന നായകനില്‍ വലിയ പ്രതീക്ഷയാണ് സിനിമാലോകം വെച്ചുപുലര്‍ത്തുന്നത്. രണ്ട് മിനിറ്റ് 52 സെക്കന്‍ഡുള്ള ട്രെയ്‌ലറില്‍ വിജയ് എന്ന താരത്തിന്റെ അഴിഞ്ഞാട്ടം തന്നെയാണ്.
കേട്ട റൂമറുകളെയെല്ലാം ശരിവെച്ചുകൊണ്ട് ഭഗവന്ത് കേസരിയുടെ റീമേക്കാണ് സിനിമയുടെ പകുതി ഭാഗം. അതോടൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ ബൂസ്റ്റ് ചെയ്തുകൊണ്ടുള്ള രംഗങ്ങളും കൂടിയാകുമ്പോള്‍ തിയേറ്ററുകളില്‍ തീപാറുമെന്ന് ഉറപ്പായിരിക്കുകയാണ്. ദളപതി വെട്രി കൊണ്ടാന്‍ എന്നാണ് ഈ ചിത്രത്തില്‍ വിജയ്‌യുടെ പേര്.
ജന നായകന്‍ ട്രെയ്‌ലര്‍ Photo: Screen grab/ KVN Productions
തന്റെ പാര്‍ട്ടിയായ ടി.വി.കെയുടെ ചുരുക്കെഴുത്താണ് ഈ പേര് കൊണ്ട് വിജയ് ഉദ്ദേശിക്കുന്നത്. പൊലീസ് ജോലിയില്‍ നിന്ന് മാറി, തനിക്ക് ഏറെ പ്രിയപ്പെട്ട വളര്‍ത്തുമകളോടൊപ്പം കഴിയുന്ന നായകന്‍ പിന്നീട് വലിയൊരു അഴിമതിയെ എതിര്‍ത്ത് തോല്പിക്കുന്നതാണ് ജന നായകന്റെ കഥ. മൂന്ന് ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലന്‍. മമിത ബൈജുവാണ് വിജയ്‌യുടെ വളര്‍ത്തുമകളായി വേഷമിടുന്നത്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. ആരാധകരെ കോരിത്തരിപ്പിക്കാനുള്ള എല്ലാ എലമെന്റുകളും ജന നായകനിലുണ്ടെന്ന് ട്രെയ്‌ലര്‍ അടിയവരയിടുന്നു. തീപാറുന്ന നിരവധി ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
ജന നായകന്‍ ട്രെയ്‌ലര്‍ Photo: Screen grab/ KVN Productions
റോബോട്ടുകളുമായുള്ള വിജയ്‌യുടെ ആക്ഷന്‍ രംഗം ട്രെയ്‌ലറിന്റെ അവസാനം കാണിക്കുന്നുണ്ട്. വരാന്‍ പോകുന്നത് നിസാര സിനിമയായിരിക്കില്ല എന്നതാണ് ഈ രംഗമെല്ലാം സൂചിപ്പിക്കുന്നത്. സിഗ്നേച്ചര്‍ ഡയലോഗായ ‘ഐ ആം വെയ്റ്റിങ്ങി’ന് പകരം ‘കമിങ്’ എന്നാണ് വിജയ് പറയുന്നത്. ബോക്‌സ് ഓഫീസില്‍ ഒരു റെക്കോഡും ബാക്കിവെക്കാതെ എല്ലാം ജന നായകന്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.
തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രകാശ് രാജ്, പ്രിയാമണി, നരേന്‍, ഗൗതം വാസുദേവ് മേനോന്‍, സുനില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. 450 കോടി ബജറ്റിലാണ് ജന നായകന്‍ ഒരുങ്ങിയിട്ടുള്ളത്. അനിരുദ്ധ് ഈണമിട്ട ഗാനങ്ങളെല്ലാം ചാര്‍ട്ട്ബസ്റ്ററായി മാറിക്കഴിഞ്ഞു. ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Jana Nayagan trailer out now