| Wednesday, 18th March 2026, 6:30 pm

ജന നായകന് ഗ്രീന്‍ സിഗ്നലായപ്പോള്‍ പണി കിട്ടിയത് സൂര്യക്ക്, കറുപ്പിന് പെട്ടിയില്‍ കിടക്കാന്‍ തന്നെയാണോ യോഗം?

അമര്‍നാഥ് എം.

ഈ വര്‍ഷം പലരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജന നായകന്‍. വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം അവസാനനിമിഷമാണ് റിലീസ് മാറ്റിവെച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണമാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കേണ്ടി വന്നത്. പൊങ്കലിന് റിലീസ് ചെയ്യേണ്ട വിജയ് ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ കേസ് പിന്‍വലിക്കുകയും ചെയ്തു. റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ ഫെബ്രുവരിയില്‍ തന്നെ ജന നായകന്‍ സമര്‍പ്പിച്ചെങ്കിലും കഴിഞ്ഞദിവസമാണ് കമ്മിറ്റി ചിത്രം കണ്ടത്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചിത്രം തിയേറ്ററുകളിലത്തിക്കാനുള്ള നിര്‍മാതാക്കളുടെ ശ്രമത്തിന് ഇതോടെ തിരിച്ചടി നേരിട്ടു.

ഇനി തെരഞ്ഞെടുപ്പിന് ശേഷമേ ജന നായകന്‍ തിയേറ്ററുകളിലെത്തുകയുള്ളൂ. ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം തന്നെ ജന നായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ ചിത്രം തിയേറ്ററുകളിലെത്തിയേക്കും. ഏപ്രില്‍ 24, 30 എന്നീ തിയതികളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ജന നായകന് ഏറെക്കുറെ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചതോടെ സൂര്യക്ക് തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

ഏറെക്കാലമായി റിലീസ് കാത്തിരിക്കുന്ന സൂര്യയുടെ കറുപ്പ് ഇലക്ഷന് ശേഷം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ ആര്‍.ജെ ബാലാജി അറിയിച്ചത്. എന്നാല്‍ ജന നായകന്‍ ഏപ്രിലില്‍ റിലീസ് ചെയ്താല്‍ കറുപ്പിന്റെ കാര്യം വീണ്ടും പ്രതിസന്ധിയിലാകും. മെയ് മാസത്തിലെങ്കിലും റിലീസായില്ലെങ്കില്‍ കറുപ്പിനെ മാത്രമല്ല, സൂര്യയുടെ അടുത്ത ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സിനെയും ഇത് ബാധിക്കും.

നിലവില്‍ ജൂലൈയിലാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസ് ചെയ്യുമെന്നറിയിച്ചത്. കറുപ്പ് ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് ആദ്യം അറിയിച്ചതുകൊണ്ടാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് ജൂലൈയിലേക്ക് മാറ്റിവെച്ചത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ സ്ലോട്ട് ലഭ്യതയാണ് മൂന്ന് മാസത്തെ ഗ്യാപ്പിനായി അണിയറപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. കറുപ്പിന്റെ റിലീസ് തിയതി അടുത്തയാഴ്ചയെങ്കിലും സംവിധായകന്‍ പ്രഖ്യാപിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2024ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം കഴിഞ്ഞവര്‍ഷം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ നല്ലൊരു ഫെസ്റ്റിവല്‍ സീസണ്‍ ലഭിച്ചിട്ടും പറഞ്ഞസമയത്ത് റിലീസ് ചെയ്യിക്കാന്‍ കറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. പൊങ്കലിന് ജന നായകന്‍ പിന്മാറിയിട്ടും ആ സ്ലോട്ടിലേക്ക് കറുപ്പ് കൊണ്ടുവരാനായില്ല.

ഒരുപാട് കാലത്തിന് ശേഷം സൂര്യ നായകനാകുന്ന റൂറല്‍ മാസ് എന്റര്‍ടൈനറാണ് കറുപ്പ്. നടനും സംവിധായകനുമായ ആര്‍.ജെ. ബാലാജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തൃഷ, ഇന്ദ്രന്‍സ്, സ്വാസിക, നടരാജ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Jana Nayagan’s release might affect Suriya’s Karuppu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more