| Thursday, 23rd July 2026, 3:54 pm

ഇനിയുണ്ടാകില്ല, ഇതുപോലൊരു ഓളം... തരക്കേടില്ലാത്ത വണ്‍ ലാസ്റ്റ് ഡാന്‍സ്

അമര്‍നാഥ് എം.

പറഞ്ഞ സമയത്ത് റിലീസാകാതിരിക്കുക, ഇന്റര്‍നെറ്റില്‍ ഫുള്‍ സിനിമ ലീക്കാവുക, മറ്റേതൊരു നടനാണെങ്കിലും ഈ സമയത്ത് ഒ.ടി.ടി റിലീസിനാകും പ്രധാന്യം നല്‍കുക. അവിടെയാണ് വിജയ് എന്ന സൂപ്പര്‍താരം മാറി ചിന്തിക്കുന്നത്. എത്ര പ്രതിസന്ധിയില്‍ പെട്ടാലും തന്നെക്കാണാന്‍ തിയേറ്ററുകളില്‍ ആരാധകക്കൂട്ടം എത്തുമെന്ന് ഉറപ്പുള്ള മറ്റൊരു താരം ഇന്ത്യന്‍ സിനിമയിലില്ല.

ഫാനിസത്തിനപ്പുറം ജന നായകന്‍ തിയേറ്ററില്‍ നിന്ന് തന്നെ കാണുമെന്ന് തീരുമാനിച്ചതും ഈയൊരു ആരാധക പിന്തുണ കാരണമാണ്. അതിനുമപ്പറും ഇനി ഇതുപോലൊരു വിജയ് സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനാകില്ലെന്ന തിരിച്ചറിവ് കൂടിയാണ് ജന നായകന്‍ കാണാന്‍ പ്രേരിപ്പിച്ചത്. വിജയ് എന്ന താരം സിനിമയില്‍ ഉണ്ടാക്കിവെച്ച ഇംപാക്ട് ചെറുതല്ല.

സിനിമാജീവിതം പൂര്‍ണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ അവസാന സിനിമയായി തെരഞ്ഞെടുത്തത് ഒരു റീമേക്കാണ്. ബാലകൃഷ്ണയുടെ അപാര സ്‌ക്രീന്‍ പ്രസന്‍സും സ്വാഗും കൊണ്ട് ഗംഭീര എക്‌സ്പീരിയന്‍സ് സമ്മാനിച്ച ഭഗവന്ത് കേസരി വിജയ് എങ്ങനെ ചെയ്യുമെന്നായിരുന്നു കരുതിയത്. ഏതെങ്കിലും ഒറിജിനല്‍ സ്‌ക്രിപ്റ്റ് സിനിമയാക്കിയാല്‍ പോരെ എന്നായിരുന്നു ആരാധകരില്‍ പലരും അഭിപ്രായപ്പെട്ടത്.

ഭഗവന്ത് കേസരിയെ തെറ്റില്ലാത്ത വിധം റീമേക്ക് ചെയ്തുവെച്ചിട്ടുണ്ട്. റീമേക്ക് എന്നതിനെക്കാള്‍ റീക്രിയേറ്റ് എന്ന് പറയുന്നതാകും കൂടുതല്‍ ചേരുക. ഒറിജനല്‍ സീനിനെ അതേപടി കോപ്പി പോസ്റ്റ് ചെയ്തതുകൊണ്ട് വലിയ മോശമായി തോന്നിയില്ല. ബാലകൃഷ്ണയും ശ്രീലീലയുമൊത്തുള്ള സീനുകളില്‍ വിജയ്‌യുടെയും മമിതയുടെയും ഫില്‍റ്റര്‍ വെച്ചതുപോലെയാണ് പല സീനുകളും തോന്നിയത്. എന്നാല്‍ ഇരുവരുടെയും പെര്‍ഫോമന്‍സ് കാരണം അതൊന്നും കല്ലുകടിയായില്ല.

സംവിധായകന്‍ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞതുപോലെ ഭഗവന്ത് കേസരിയുടെ 50 ശതമാനം മാത്രമേ റീമേക്ക് ചെയ്തിട്ടുള്ളൂ. സിനിമയില്‍ നല്ലതെന്ന് തോന്നിയത് ആ 50 ശതമാനമാണ്. വില്ലന്റെ മോട്ടീവ്, വിജയ്യുടെ പൊളിറ്റിക്സ് എന്നിവ കയറിയപ്പോള്‍ സിനിമ കൈയീന്ന് പോയി. ഭഗവന്ത് കേസരിയിലെ ഫ്ളാഷ്ബാക്ക് അതേപടി എടുത്തുവെക്കാതെ വിജയ്യുടെ പി.ആര്‍ ടീം നൈസായി ചില പ്രൊപ്പഗണ്ടകള്‍ കുത്തിക്കയറ്റിയിട്ടുണ്ട്.

തലമുറകളായി രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന കുടുംബം, വലിയ ജനപിന്തുണയുള്ള പാര്‍ട്ടിയുടെ നേതാവ്, അയാള്‍ക്ക് ശേഷം അധികാരത്തില്‍ വരാനിരിക്കുന്ന മകന്‍ എന്നിവരെ വിജയ് എതിര്‍ത്ത് നില്‍ക്കുമ്പോള്‍ എന്താണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് പകല്‍ പോലെ വ്യക്തം. ധുരന്ധര്‍ 2ന് ശേഷം ഇത്രയും പ്രൊപ്പഗണ്ട വേറെങ്ങും കണ്ടിട്ടില്ലെന്ന് തന്നെ പറയാം.

നാട്ടില്‍ എല്ലാ മതങ്ങളെയും തമ്മിലടിപ്പിച്ച് ആഭ്യന്തര കലാപമുണ്ടാക്കാനും അതിന് ശേഷം ഏകാധിപതിയാകാനും ശ്രമിക്കുന്നയാളാണ് വില്ലനായ ജോണ്‍ ഹിംലര്‍. ഇത്രയും വിവരംകെട്ട പ്ലാനുള്ള ഒരു വില്ലന്‍ ഈയടുത്ത കാലത്തൊന്നും വന്നിട്ടില്ല. ബോബി ഡിയോളിനെ വിളിച്ചുവരുത്തി അപമാനിച്ചുവിട്ടിട്ടുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റൊക്കെ എം.ജി.ആറിന്റെ കാലത്ത് തന്നെ ഔട്ട്ഡേറ്റഡായതാണ്.

എന്നിരുന്നാലും ഒരു വിജയ് സിനിമയില്‍ പ്രതീക്ഷിക്കാവുന്ന എല്ലാ എലമെന്റുകളും ജന നായകനിലുണ്ട്. അതിഗംഭീര ഇന്‍ട്രോ, തീപ്പൊരി ഫൈറ്റ്, ഞെരിപ്പന്‍ പഞ്ച് ഡയലോഗ്, കണ്ണ് നനയിക്കുന്ന ഇമോഷണല്‍ സീനുകള്‍ അങ്ങനെ കൃത്യമായ പാക്കേജ് ഈ സിനിമയിലുമുണ്ട്. എല്ലാം കൃത്യമായി വര്‍ക്കാവുകയും ചെയ്തിട്ടുണ്ട്.

പെര്‍ഫോമന്‍സിലേക്ക് വന്നാല്‍ വിജയ്…. വിജയ്… വിജയ്… അവസാന സിനിമയില്‍ അഴിഞ്ഞാടിയിട്ടുണ്ട്. ദളപതി വെട്രി കൊണ്ടാന്‍ എന്ന ടിപ്പിക്കല്‍ ഹീറോ റോള്‍ വിജയ് ഗംഭീരമാക്കി. ഡാന്‍സ്, ഫൈറ്റ്, ഇമോഷണല്‍ സീന്‍ തുടങ്ങി ഓള്‍ ഏരിയ ദളപതി ഡൊമിനേഷന്‍ തന്നെയായിരിന്നു. വണ്‍ ലാസ്റ്റ് ഡാന്‍സ് പോര്‍ഷനില്‍ പ്രായത്തെ വെല്ലുന്ന ഗ്രേസും സ്‌ക്രീന്‍ പ്രസന്‍സുമായിരുന്നു അദ്ദേഹത്തിന്. ആരാധകരെ കോരിത്തരിപ്പിക്കാന്‍ ഇനിയൊരു വരവുണ്ടാകില്ലെന്ന് അറിയുമ്പോള്‍ ചെറിയൊരു വിഷമം മാത്രം.

വിജയ്ക്ക് ശേഷം ഈ സിനിമയില്‍ നിറഞ്ഞുനിന്നത് മലയാളികളുടെ സ്വന്തം മമിത ബൈജുവാണ്. വിജയ്ക്കൊപ്പം ആടിയും പാടിയും ഫൈറ്റ് ചെയ്തും മമിത നിറഞ്ഞുനിന്നു. ഒരു മലയാളി നടിക്ക് ഇനി ഇതിലും ഗംഭീര ചാന്‍സ് കിട്ടാനില്ല. അത്രയേ മമിതയെക്കുറിച്ച് പറയാനുള്ളൂ. മമിതയുടെ ചെറുപ്പകാലം ചെയ്ത ലിതന്യയും കണ്ണും മനസും നിറച്ചു.

ഐ ക്യാന്‍ഡി ഹീറോയിനപ്പുറം പൂജ ഹെഗ്ഡേക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മറ്റ് സിനിമകളില്‍ നായികക്കൊപ്പം ഒരു ഡ്യൂവറ്റെങ്കിലും വിജയ് ചെയ്യാറുണ്ട്. ഇവിടെ അതും ഉണ്ടായില്ല. എന്നിരുന്നാലും എല്ലാ സീനിലും വിജയ്യുടെ കൂടെ പൂജയും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

ഒരു വില്ലനും ഇത്ര മോശം ഫ്ളാഷ്ബാക്കും മോട്ടീവും കൊടുക്കരുതെന്ന് ബോബി ഡിയോളിനെ കാണുമ്പോള്‍ തോന്നിപ്പോയി. ഭഗവന്ത് കേസരിയിലെ അര്‍ജുന്‍ റാംപാലിനെ തമിഴിലേക്ക് എത്തിച്ചപ്പോള്‍ വികലമാക്കിക്കളഞ്ഞു. മക്കള്‍രാഷ്ട്രീയം കൊണ്ട് എല്ലാകാലവും അധികാരം കൈപ്പിടിയില്‍ വെക്കുന്ന രാഷ്ട്രീയ നേതാവായാണ് പ്രകാശ് രാജ് വേഷമിട്ടത്. മെയിന്‍ വില്ലനെക്കാള്‍ മെച്ചമെന്ന് തോന്നിയ സൈഡ് വില്ലനായിരുന്നു പ്രകാശ് രാജിന്റെ റോജാ രംഗസ്വാമി.

ഗൗതം വാസുദേവ് മേനോന്‍, നരേന്‍ എന്നിവര്‍ ‘ദേ പോയി ദാ വന്നു’ ടൈപ്പ് വേഷങ്ങളായിരുന്നു ചെയ്തത്. രേവതി, റേച്ചല്‍ റബേക്ക് എന്നിവര്‍ മികച്ചതായിരുന്നു.

സിനിമയിലെ മറ്റൊരു പോസിറ്റീവായിരുന്നു അനിരുദ്ധിന്റെ സംഗീതം. സൂപ്പര്‍താര സിനിമയെ ഒറ്റക്ക് താങ്ങിനിര്‍ത്താന്‍ തനിക്കാകുമെന്ന് അനി ഒരിക്കല്‍കൂടി തെളിയിച്ചു. ബി.ജി.എമ്മുകളായാലും പാട്ടുകളായാലും ഗംഭീരമായിരുന്നു. എന്‍ഡ് ക്രെഡിറ്റില്‍ അനിരുദ്ധിന്റെ ശബ്ദത്തില്‍ വന്ന പാട്ട് സിംപ്ലി സൂപ്പര്‍.

സത്യന്‍ സൂര്യന്റെ ഛായാഗ്രഹണവും തരക്കേടില്ലായിരുന്നു. വിജയ് എന്ന സൂപ്പര്‍താരത്തിന്റെ ഓറ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്. മൂ്ന്ന് മണിക്കൂറുള്ള സിനിമയെ വെട്ടിയൊതുക്കിയത് പ്രദീപ് രാഘവനാണ്. കട്ടുകളും നന്നായിരുന്നു.

കുറച്ചധികം പൈസ മുടക്കി നല്ലൊരു വി.എഫ്.എക്സ് കമ്പനിയെ സി.ജി.ഐ ഏല്പിച്ചുകൂടെയെന്നാണ് സിനിമ കാണുമ്പോള്‍ അണിയറപ്രവര്‍ത്തകരോട് ചോദിച്ചത്. വല്ല എ.ഐ വീഡിയോയോ മറ്റോ ആണോ കാണുന്നത് പല സീനിലും ചിന്തിച്ചു. അത്രമാത്രം മോശം വി.എഫ്.എക്സായിരുന്നു. ഒറിജിനലാണെന്ന് ഒരിടത്തും തോന്നിക്കാത്ത സെറ്റുകളും സിനിമാറ്റിക് ഫീല്‍ സമ്മാനിച്ചു.

Photo: X.com

ഇത്രയും നെഗറ്റീവുകളുണ്ടെങ്കിലും തിയേറ്ററില്‍ തന്നെ എക്സ്പീരിയന്‍സ് ചെയ്യേണ്ട സിനിമ തന്നെയാണ് ജന നായകന്‍. ഫാന്‍സിനൊപ്പമിരുന്ന് കൈയടിച്ച്, വിസിലടിച്ച്, ആര്‍പ്പുവിളിച്ച് എന്‍ജോയ് ചെയ്യാന്‍ ഇനിയൊരു വിജയ് ചിത്രം ഉണ്ടാകില്ല. ‘മുറൈ താന്‍ ഒരു മുറൈ താന്‍ ഉന്നൈ പാര്‍ത്താല്‍ അത് വരമേ’

Content Highlight: Jana nayagan Movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more