തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വിജയ് ഇറങ്ങുന്നതിന് മുമ്പ് തിയേറ്ററിലെത്തുന്ന ചിത്രമാണ് ഇത്. വിജയ്‌യുടെ 69ാമത് ചിത്രമായ ജനനായകന്റെ ടൈറ്റില്‍ പുറത്തുവിട്ടത് അടുത്തിടെയായിരുന്നു. 350 കോടി ബജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
ഓരോ വിജയ് ചിത്രവും ഉത്സവം പോലെയാണ് ആരാധകര്‍ കൊണ്ടാടാറുള്ളത്. താരത്തിന്റെ ചിത്രങ്ങള്‍ പലപ്പോഴും കളക്ഷനില്‍ മറ്റ് നടന്മാരെക്കാള്‍ മുന്നിട്ട് നില്‍ക്കാറുണ്ട്. ഇപ്പോഴിതാ ജനനായകന്റെ പ്രീ റിലീസ് റെക്കോഡാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് റെക്കോഡ് തുകയ്ക്കാണ് വിറ്റുപോയത്.
ഒരുപാട് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ ഓവര്‍സീസില്‍ വിതരണം ചെയ്തിട്ടുള്ള ഫാര്‍സ് ഫിലിംസിനാണ് ജനനായകന്റെ ഓവര്‍സീസ് റൈറ്റ്‌സ്. 75 കോടിക്കാണ് ഫാര്‍സ് ഫിലിംസ് ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത്. ഒരു തമിഴ് ചിത്രത്തിന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന തുകയാണിത്. ചിത്രത്തിന്റെ ഷൂട്ട് തീരുന്നതിന് മുമ്പാണ് റൈറ്റ്‌സ് വിറ്റുപോയതെന്ന് ശ്രദ്ധേയമായ കാര്യമാണ്.
ഈ വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ ചിത്രം 2026 പൊങ്കല്‍ റിലീസായാകും എത്തുക എന്ന് റൂമറുകളുണ്ട്. വിജയ്‌യുടെ മുന്‍ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 400 കോടിക്കുമുകളില്‍ കളക്ട് ചെയ്യുകയും കഴിഞ്ഞവര്‍ഷത്തെ തമിഴിലെ ഇയര്‍ ടോപ്പര്‍ ആവുകയും ചെയ്തു.
തീരന്‍ അധികാരം ഒന്‍ട്ര്, സതുരംഗ വേട്ടൈ, തുനിവ്, വലിമൈ എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ എച്ച്. വിനോദാണ് ജനനായകന്റെ സംവിധായകന്‍. കമല്‍ ഹാസനെ നായകനാക്കി വിനോദ് പ്രഖ്യാപിച്ച കെ.എച്ച് 232 ആണ് ജനനായകനായി മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന വിജയ് തന്റെ രാഷ്ട്രീയ അജണ്ടകള്‍ കാണിക്കുന്ന ചിത്രമാകും ഇതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. പൂജ ഹെഗ്‌ഡേയാണ് നായിക. പ്രേമലുവിലൂടെ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ മമിത ബൈജുവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇവര്‍ക്ക് പുറമെ പ്രിയാമണി, പ്രകാശ് രാജ്, നരേന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം.
Content Highlight: Jana Nayagan movie overseas rights sold for record price