| Friday, 24th July 2026, 5:15 pm

സോഷ്യല്‍ മീഡിയയില്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്നു, തരംകിട്ടിയാല്‍ നാട്ടില്‍ കലാപമുണ്ടാക്കുന്നു, ജന നായകനില്‍ വിജയ് കൊട്ടിയത് സംഘപരിവാറിനെയും?

അമര്‍നാഥ് എം.

സിനിമാലോകത്ത് ആര്‍ക്കും തൊടാനാകാത്ത ഉയരത്തില്‍ നിന്നപ്പോള്‍ അതിന്റെ സുഖലോലുപതകള്‍ ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് കടന്നത് ആരാധകരെ നിരാശരാക്കി. അവസാന ചിത്രം തമിഴകം ഇന്നേവരെ കാണാത്ത ആഘോഷമാക്കാന്‍ ശ്രമിച്ച ആരാധകരുടെ പ്രതീക്ഷകളില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചതോടെ നിരാശ ഇരട്ടിയായി.

ഏഴ് മാസത്തോളമാണ് ജന നായകന് പ്രദര്‍ശനാനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ് നട്ടംതിരിച്ചത്. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രദര്‍ശനാനുമതി നല്‍കാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച ന്യായം. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ജന നായകനില്‍ ഇങ്ങനെ ‘സാമൂഹിക ഐക്യം ഇല്ലാതാക്കാന്‍ സാധ്യതയുള്ള രംഗം’ ഏതാണെന്ന് നമുക്ക് നോക്കാം.

ആഫ്രിക്കയിലെ ഒരു സാങ്കല്പിക രാജ്യത്ത് ആഭ്യന്തര കലാപം നടത്തി അവിടെ സര്‍വ്വാധികാരിയായി മാറുകയും അന്നാട്ടിലെ പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തയാളാണ് ജന നായകനിലെ പ്രധാന വില്ലനായ ജോണ്‍ ഹിംലര്‍ (അമരീഷ് പൂജാരി എന്ന് പഴയ പേര്). ബോബി ഡിയോളാണ് ഈ വേഷം കൈകാര്യം ചെയ്തത്.

ഹിംലറുടെ അടുത്ത ലക്ഷ്യം ഇന്ത്യയെന്നാണ് കാണിക്കുന്നത്. അതിനായി അയാള്‍ ഇന്ത്യയിലേക്ക് 50 ലക്ഷം തോക്കുകള്‍ എത്തിക്കുന്നുണ്ട്. സാധാരണക്കാരുടെ കൈയിലേക്ക് ഈ തോക്ക് എത്തുന്ന സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയെടുക്കാനും അയാള്‍ പദ്ധതിയിടുന്നുണ്ട്. ഹോളിവുഡ് സിനിമയില്‍ എല്ലാ പ്രശ്‌നവും അമേരിക്കയില്‍ ആരംഭിക്കുന്നതുപോലെ ഈ സിനിമയില്‍ തമിഴ്‌നാടാണ് വില്ലന്റെ പരീക്ഷണശാല.

സോഷ്യല്‍ മീഡിയയില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് കലാപമുണ്ടാക്കാനായുള്ള ഹിംലറിന്റെ പദ്ധതി അവസാന സ്റ്റേജ് വരെയെത്തുന്നുണ്ട്. അമ്പലങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തി അത് മുസ്‌ലിങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നതും അതിന് ശേഷം ഹിന്ദുക്കളെ വെച്ച് മുസ്‌ലിം പള്ളികള്‍ തകര്‍ക്കാന്‍ കൈയില്‍ തോക്കും നല്‍കി വില്ലന്‍ സാധാരണക്കാരെ പറഞ്ഞുവിടുന്നുണ്ട്.

എന്നാല്‍ ഈ പ്ലാന്‍ വിജയ് അവതരിപ്പിച്ച ദളപതി വെട്രി കൊണ്ടാന്‍ തകര്‍ക്കുന്നുണ്ട്. പള്ളിയെ സംരക്ഷിക്കാന്‍ ഒരു പ്ലാന്‍ നടത്തുകയാണ്. നാട്ടിലെ പൊലീസുകാരെ സാധാരണക്കാരുടെ ഗെറ്റപ്പിലാണ് കലാപസ്ഥലത്തേക്ക് പറഞ്ഞയക്കുന്നത്. ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ പള്ളിയെയും മുസ്‌ലിങ്ങള്‍ അമ്പലത്തെയും ക്രിസ്ത്യാനികള്‍ മുസ്‌ലിം പള്ളിയെയും സംരക്ഷിക്കുന്നതായി കാണിക്കുകയും ‘ഇത് തമിഴ്‌നാടാണ്’ എന്ന് വില്ലനോട് പഞ്ച് ഡയലോഗ് അടിക്കുകയും ചെയ്യുന്നുണ്ട്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി മൂന്നാം സ്ഥാനത്ത് തന്നെ നില്‍ക്കുകയും എങ്ങനെയെങ്കിലും അധികാരം പിടിക്കണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സംശയമേതുമില്ലാതെ ഈ പാര്‍ട്ടി ബി.ജെ.പിയാണെന്ന് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും. കേരള സ്റ്റോറി പോലെ വിദ്വേഷം പരത്തുന്ന പ്രൊപ്പഗണ്ട സിനിമക്ക് ‘U’ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ജന നായകനെ തടഞ്ഞുവെക്കുകയും ചെയ്തതിന്റെ ഉദ്ദേശം സിനിമ കണ്ട ഏതൊരാള്‍ക്കും മനസിലാകും.

Content Highlight: Jana Nayagan movie criticizing Sangh Parivar ideology

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more