| Saturday, 18th July 2026, 10:05 am

അനിരുദ്ധിന്റെ ശബ്ദത്തില്‍ ഒരു തങ്കച്ചി പാസം സോങ്; വൈറലായി ജന നായകനിലെ പുതിയ ഗാനം

അശ്വിന്‍ രാജേന്ദ്രന്‍

നിലിവല്‍ ഇന്ത്യന്‍ സിനിമയില്‍ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് വൈകുകയായിരുന്നു. എന്നാല്‍ സിനിമാക്കഥയെ വെല്ലുന്ന വിധത്തിലായിരുന്നു തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ നടന്നത്.

വിജയ്. Photo: The Federal

തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട വിജയ് തന്റെ പാര്‍ട്ടിയെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റുകയും മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ ഭരണം കൈയാളുകയുമായിരുന്നു. തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ താരത്തിന്റെ അവസാന ചിത്രമായ ജനനായകന്‍ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ദളപതി എന്ന ടൈറ്റിലിന് പകരം ചീഫ് മിനിസ്റ്റര്‍ എന്ന ടൈറ്റില്‍ ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Photo: Screen Grab/ T Series/ Youtube.com

ഇപ്പോഴിതാ ചിത്രത്തിലെ അനിരുദ്ധ് ആലപിച്ച ‘അടിയേ എന്‍ പൂന്തേനേ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടി സിരീസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് സിനിമാ പേജുകളില്‍ നിന്നും ലഭിക്കുന്നത്.

കാര്‍ത്തിക് നേത വരികളെഴുതിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദര്‍ ആണ്. മാസ് ഗാനങ്ങള്‍ക്ക് പേര് കേട്ട അനിരുദ്ധിന്റെ സമീപകാലത്തെ പ്ലേ ലിസ്റ്റുകളില്‍ മികച്ച ഫീല്‍ ഗുഡ് സോങ്ങാണ് അടിയേ എന്‍ പൂന്തേനേ’ എന്നാണ് ഏവരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ചിത്രത്തില്‍ വിജയ്‌യുടെയും മമിത ബൈജുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധവും ഇമോഷനും പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാന്‍ ഗാനത്തിനാവുന്നുണ്ടെന്നും ചിത്രത്തില്‍ ഈ ഗാനത്തിന് വലിയ റോളുണ്ടാകുമെന്നും ഏവരും അഭിപ്രായപ്പെടുന്നു. ഏറെ പ്രതിസന്ധകള്‍ക്ക് ശേഷം ജൂലൈ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Jana Nayagan Lyrical video song out and goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more