| Sunday, 26th July 2026, 9:45 pm

രജിനിക്ക് പോലും ഇങ്ങനെയൊന്ന് സാധിച്ചിട്ടില്ല, ദളപതി സിനിമാജീവിതം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ ഇനിയും ബോക്‌സ് ഓഫീസിന് പണിയായേനെ

അമര്‍നാഥ് എം.

സിനിമാജീവിതത്തോട് പൂര്‍ണമായും യാത്രപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് കടക്കുകയും ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ റെക്കോഡ് വിജയം നേടി തമിഴകത്തിന്റെ മുഖ്യമന്ത്രിയായി ചരിത്രമെഴുതിയിരിക്കുകയാണ് ദളപതി വിജയ്. സിനിമാജീവിതത്തില്‍ ഒട്ടനവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ സ്വന്തം പേരിലെഴുതിയ വിജയ് അവസാനചിത്രത്തിലും ആ ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്.

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് തിയേറ്ററുകളിലെത്തിയ ജന നായകന്‍ ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 200 കോടി ക്ലബ്ബില്‍ ജന നായകന്‍ ഇടംപിടിച്ചു. ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ 200 കോടി നേടുന്ന തമിഴ് ചിത്രമായി ജന നായകന്‍ മാറി.

എന്നാല്‍ ഇതിനൊപ്പം മറ്റൊരു അപൂര്‍വ റെക്കോഡും വിജയ് സ്വന്തമാക്കിയിരിക്കുകയാണ്. വിജയ്‌യുടെ തുടര്‍ച്ചയായ ഒമ്പതാമത്തെ 200 കോടി ചിത്രമാണ് ജന നായകന്‍. തമിഴില്‍ മറ്റൊരു താരത്തിനും ഈയൊരു നേട്ടം ഇതുവരെ സ്വന്തമാക്കാനായില്ല. വിജയ്‌യെക്കാള്‍ കൂടുതല്‍ 200 കോടി ചിത്രങ്ങള്‍ രജിനിക്കുണ്ടെങ്കിലും തുടര്‍ച്ചയായി ഇത്രയും ചിത്രങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല.

2017ല്‍ പുറത്തിറങ്ങിയ മെര്‍സലിലൂടെയാണ് വിജയ് ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. പിന്നീട് സര്‍ക്കാര്‍, ബിഗില്‍, മാസ്റ്റര്‍, വാരിസ്, ബീസ്റ്റ്, ലിയോ, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നീ സിനിമകള്‍ 200 കോടിയിലേറെ കളക്ഷന്‍ നേടി. ജന നായകനും കൂടി ഈ ലിസ്റ്റില്‍ ചേര്‍ന്നതോടെ വിജയ് ചരിത്രമെഴുതിയിരിക്കുകയാണ്.

രജിനികാന്തിന്റെ 10 സിനിമകള്‍ 200 കോടി ക്ലബ്ബിലുണ്ടെങ്കിലും തുടര്‍ച്ചയായി ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. അണ്ണാത്തെ, ലാല്‍ സലാം എന്നീ ചിത്രങ്ങള്‍ പരാജയമായത് താരത്തിന് തിരിച്ചടിയായി. അപ്പോഴും വിജയ് എന്ന താരം തമിഴില്‍ ഉണ്ടാക്കിവെച്ച ഇംപാക്ട് രജിനിയുടെയും മേലെയാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ 400 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ജന നായകന്‍ ബോക്‌സ് ഓഫീസില്‍ സേഫാകണമെങ്കില്‍ ഇനിയും 300 കോടിയിലേറെ ആവശ്യമാണ്. ഇന്റര്‍നെറ്റില്‍ ലീക്കായ ഇത്രയും വലിയ ഒരു ചിത്രം ഹിറ്റായാല്‍ അത് സിനിമാലോകത്ത് ചരിത്രമാകുമെന്ന് ഉറപ്പാണ്. തിരിച്ചടികളില്‍ തളരാതെ മുന്നോട്ട് കുതിച്ച ദളപതിക്ക് ഇത്തവണയും പിഴക്കില്ലെന്നാണ് പ്രതീക്ഷ.

Content Highlight: Jana Nayagan enters to 200 crore club and creates history

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more