| Saturday, 25th July 2026, 10:47 pm

ലീക്കായ പടത്തിന് ഇത്രയും കളക്ഷനോ, ബോക്‌സ് ഓഫീസില്‍ തനിക്ക് വട്ടംവെക്കാന്‍ ആരുമില്ലെന്ന് അവസാന സിനിമയിലും തെളിയിച്ച ദളപതി

അമര്‍നാഥ് എം.

പറഞ്ഞദിവസം റിലീസാകാതെ അനിശ്ചിതമായി വൈകുക, കോടതിയെ സമീപിച്ചിട്ടും അനുകൂലമായ വിധി ലഭിക്കാതിരിക്കുക. തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ അവസാന ചിത്രം ജന നായകന്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളായിരുന്നു. ഏഴ് മാസത്തോളം പെട്ടിയില്‍ കിടക്കേണ്ടി വന്ന ജന നായകന്‍ ഇതിനിടയില്‍ ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്തു.

ഇത്രയും പ്രതിസന്ധികള്‍ തരണം ചെയ്ത് കഴിഞ്ഞദിവസമാണ് ജന നായകന്‍ തിയേറ്ററുകളിലെത്തിയത്. ദളപതിയുടെ അവസാനചിത്രം ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റി. ദളപതി വിജയ് എന്ന സ്ഥിരം ടൈറ്റില്‍ കാര്‍ഡിന് പകരം ‘മാന്‍പുമിക് തമിഴ്‌നാട് മുതലമൈച്ചര്‍ ദളപതി സി. ജോസഫ് വിജയ്’ (ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്) എന്ന ടൈറ്റില്‍ കാര്‍ഡ് ആരാധകര്‍ക്ക് നല്‍കിയ രോമാഞ്ചം ചെറുതല്ല.

അവസാനമായി ഒരിക്കല്‍കൂടി ദളപതി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുകയാണെന്ന് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ 120 കോടിയാണ് ജന നായകന്‍ സ്വന്തമാക്കിയത്. ഈ വര്‍ഷം തമിഴിലെ രണ്ടാമത്തെ 100 കോടി ചിത്രമാണ് ജന നായകന്‍. ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തുന്ന സിനിമയായും ജന നായകന്‍ മാറി.

ഇന്റര്‍നെറ്റില്‍ ലീക്കായ, ഒരുകോടിക്കടുത്ത് ആളുകള്‍ കണ്ട ഒരു ചിത്രം ഇത്രയും വലിയ കളക്ഷന്‍ നേടുന്നത് മറ്റ് താരങ്ങള്‍ക്ക് സ്വപ്‌നം മാത്രമാണ്. 34 വര്‍ഷം കൊണ്ട് വിജയ് എന്ന താരം നേടിയെടുത്ത സ്റ്റാര്‍ഡവും പ്രേക്ഷകര്‍ക്കിടയിലെ സ്വാധീനവുമാണ് ജന നായകന്റെ ഈ കളക്ഷന് പിന്നില്‍. അവസാന ചിത്രത്തിലും തന്റെ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ദളപതി വ്യക്തമാക്കുകയാണ്.

തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ 100 കോടി ഓപ്പണിങ് നേടുക എന്ന അപൂര്‍വ റെക്കോഡ് തലനാരിഴക്കാണ് വിജയ്ക്ക് നഷ്ടമായത്. ലിയോ, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നീ ചിത്രങ്ങള്‍ ആദ്യദിനം 100 കോടിയിലേറെ നേടിയപ്പോള്‍ ജന നായകന്‍ 80 കോടി മാത്രമാണ് നേടിയത്. ജനുവരിയില്‍ തന്നെ റിലീസായിരുന്നെങ്കില്‍ വമ്പന്‍ കളക്ഷന്‍ ജന നായകന്‍ സ്വന്തമാക്കിയേനെ.

കേരളത്തിലും ഗംഭീര കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് എട്ട് കോടിക്കടുത്ത് നേടിയ ചിത്രം മൂന്നാം ദിവസം 10 കോടി കടക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് മാത്രം 10 കോടി നേടുന്ന 13ാമത്തെ വിജയ് ചിത്രമാണ് ജന നായകന്‍. മറ്റൊരു അന്യഭാഷാ നടനും ഈയൊരു നേട്ടമില്ല എന്നതും ദളപതിയെ വ്യത്യസ്തനാക്കുന്നുണ്ട്.

Content Highlight: Jana Nayagan collected more than 120 crore within two days

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more