| Saturday, 22nd August 2026, 10:24 am

മാറ്റം വരണമെങ്കില്‍ ആദ്യം നമ്മള്‍ മാറണം, ഇലക്ഷന് തോറ്റിരുന്നെങ്കില്‍ ലൈഫ്‌ടൈം ട്രോളാകേണ്ട ഡയലോഗ്; ജന നായകന്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ച

അമര്‍നാഥ് എം.

തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ അവസാന ചിത്രമാണ് ജന നായകന്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി സിനിമാജീവിതം ഉപേക്ഷിച്ച വിജയ്‌യുടെ അവസാന ചിത്രം ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടാണ് തിയേറ്ററുകളിലെത്തിയത്. ആറ് മാസത്തോളം പെട്ടിയില്‍ കിടക്കുകയും ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടിയോളം നേടിയിരുന്നു.

കഴിഞ്ഞദിവസം ജന നായകന്‍ ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചു. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്റര്‍നെറ്റില്‍ ലീക്കായതില്‍ നിന്ന് കുറച്ചധികം വ്യത്യാസങ്ങളോടെയാണ് ചിത്രം തിയേറ്ററിലും, പിന്നാലെ ഒ.ടി.ടിയിലുമെത്തിയത്. വിജയ് ആരാധകര്‍ ജന നായകനിലെ ഓരോ സീനും ആഘോഷമാക്കുകയാണ്.

അതിലൊന്നാണ് ക്ലൈമാക്‌സില്‍ ദളപതിയുടെ ഫോര്‍ത്ത് വാള്‍ ബ്രേക്കിങ് ഡയലോഗ്. തമിഴിലെ ടോപ് സംവിധായകരായ ലോകേഷ്, നെല്‍സണ്‍, അറ്റ്‌ലീ എന്നിവര്‍ ജേര്‍ണലിസ്റ്റുകളായി എത്തുന്നുണ്ട്. ‘മാറ്റം വരുമോ അണ്ണാ’ എന്ന് ലോകേഷ് ചോദിക്കുമ്പോള്‍ ‘മാറ്റം വരണമെങ്കില്‍ ആദ്യം നമ്മള്‍ മാറണം’ എന്നാണ് വിജയ് മറുപടിയായി നല്‍കുന്നത്.

വോട്ട് ചെയ്തതിന്റെ മഷിയും കാണിച്ചുനില്‍ക്കുന്ന വിജയ്‌യെ കാണിച്ചുകൊണ്ട് ജന നായകന്‍ അവസാനിക്കുന്നതാണ് സിനിമാപേജുകളിലെ ചര്‍ച്ച. ഇലക്ഷന് മുമ്പ് റിലീസ് ചെയ്യാനിരുന്ന സിനിമയില്‍ ഇങ്ങനെയൊരു ഡയലോഗ് ഉള്‍പ്പെടുത്താന്‍ വിജയ് കാണിച്ച കോണ്‍ഫിഡന്‍സിനെയാണ് പലരും അഭിനന്ദിക്കുന്നത്. ഒരുപക്ഷേ, ഇലക്ഷന് വിജയ് പരാജയപ്പെട്ടിരുന്നെങ്കില്‍ വിരോധികള്‍ക്ക് ലൈഫ്‌ടൈം ട്രോളിനുള്ള വകുപ്പായി ജന നായകന്‍ മാറിയേനെ.

ഒ.ടി.ടി റിലീസിന് ശേഷം വിജയ്‌യുടെ ടൈറ്റില്‍ കാര്‍ഡും സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇത്രയും കാലം ‘ദളപതി വിജയ്’ എന്ന് നല്‍കിയത് ഇത്തവണ ‘ഹോണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്, ദളപതി വിജയ്’ എന്ന് മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇനി മറ്റൊരു നടനും ഇത്തരമൊരു ടൈറ്റില്‍ കാര്‍ഡ് സ്വപ്‌നം കാണാനാകില്ലെന്നാണ് ആരാധകരുടെ വാദം.

വിജയ് എന്ന സൂപ്പര്‍താരത്തിന്റെ ഓറ പരമാവധി ഒപ്പിയെടുക്കാന്‍ സംവിധായകന്‍ എച്ച്. വിനോദിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മോശം ഗ്രാഫിക്‌സും കെട്ടുറപ്പില്ലാത്ത തിരക്കഥയും പലപ്പോഴായി ജന നായകനെ പിന്നോട്ടടിക്കുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അവസാന ചിത്രം കാലങ്ങളോളം ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒന്നാകാത്തതും ചിലരെ നിരാശരാക്കുന്നുണ്ട്.

Content Highlight: Jana Nayagan climax scene discussing after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more