സമീപകാലത്ത് മറ്റൊരു സിനിമയും നേരിടാത്തത തരത്തിലുള്ള തിരച്ചടിയാണ് വിജയ് നായകനായ ജന നായകന്‍ നേരിട്ടത്. പറഞ്ഞ സമയത്ത് കൃത്യമായി സിനിമയിറക്കാറുള്ള വിജയ്ക്ക് അവസാന സിനിമയുടെ കാര്യത്തില്‍ അടിതെറ്റുകയായിരുന്നു. ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റിലീസ് നീളുകയായിരുന്നു. ഡിസംബറില്‍ സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ ചിത്രം സമര്‍പ്പിച്ചിരുന്നു.
മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നതിന് മുമ്പ് വിജയ് നായകനായ ചിത്രമായിരുന്നു ജന നായകന്‍. ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ എന്ന ടാഗ്‌ലൈന്‍ നല്‍കി ദളപതിയുടെ അവസാന സിനിമ പരമാവധി ആഘോഷമാക്കാനുള്ള ആരാധകരുടെ തയാറെടുപ്പുകള്‍ക്ക് മേല്‍ സെന്‍സര്‍ ബോര്‍ഡ് കത്രികവെച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായതാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ച.
ജന നായകന്‍ Photo: Kolly censor/ X.com
സെന്‍സറിങ് വിവരങ്ങള്‍ അടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘A’ സര്‍ട്ടിഫിക്കറ്റാണ് ജന നായകന് ലഭിച്ചിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌യുടെ സിനിമക്ക് ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. റിവൈസിങ് കമ്മിറ്റിയുടെ മുന്നിലെത്തിയ സിനിമയില്‍ കാര്യമായ കട്ടുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് കരുതുന്നത്.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ ഈ മാസം തന്നെ ജന നായകന്‍ തിയേറ്ററുകളിലെത്തും. ജൂലൈ 24 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്. ഓവര്‍സീസിലെ വിതരണക്കാര്‍ ഈ ദിവസം റിലീസെന്ന് ഇതിനോടകം അറിയിച്ചുകഴിഞ്ഞു. ജൂലൈ 17ന് ഹോളിവുഡ് ചിത്രം ഒഡീസിയും 30ന് മാര്‍വലിന്റെ സ്‌പൈഡര്‍മാനും റിലീസുള്ളത് ഓവര്‍സീസിലെ സ്‌ക്രീനുകളുടെ എണ്ണത്തില്‍ തിരിച്ചടിയായേക്കും.
ജന നായകന്‍ Photo: KVN Productions
വിജയ് രാജിവെച്ച ട്രിച്ചി ഈസ്റ്റിലെ ബൈ ഇലക്ഷന്‍ തിയതിയും ഉടന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതയിടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഇനിയും റിലീസ് നീണ്ടുപോകുമെന്ന് ഉറപ്പാണ്. വിജയ്‌യുടെ പാര്‍ട്ടിയായ ടി.വി.കെയെ ഒളിഞ്ഞും തെളിഞ്ഞും സപ്പോര്‍ട്ട് ചെയ്യുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് ജന നായകന്‍.
400 കോടിയിലേറെ ചെലവഴിച്ചാണ് ജന നായകന്‍ അണിയിച്ചൊരുക്കിയത്. തെലുങ്കില്‍ ബ്ലോക്ക്ബസ്റ്ററായ ഭഗവന്ത് കേസരിയുടെ റീമേക്കിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയവും ചിത്രം സംസാരിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം മമിത ബൈജുവും ശക്തമായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രകാശ് രാജ്, ബോബി ഡിയോള്‍, നരേന്‍, പ്രിയാമണി, ഗൗതം മേനോന്‍ തുടങ്ങി വലിയ താരനിര ജന നായകന്റെ ഭാഗമാണ്.
Content Highlight: Jana Nayagan censor certificate out now
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ