ഇന്ത്യന്‍ സിനിമാ മേഖലയിലെ ഹൈപ്പുകളെല്ലാം കുറച്ചുദിവസമായ് ഒറ്റക്ക് കൈകാര്യം ചെയ്യുന്ന ചിത്രമാണ് വിജയ്‌യുടെ ജന നായകന്‍. രാഷ്ട്രീയ പ്രവേശത്തോടെ താരത്തിന്റെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജനനായകന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് സിനിമാ ആരാധകര്‍ സ്വീകരിച്ചത്.
പതിവില്‍ നിന്നും വിപരീതമായി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മലേഷ്യയിലാണ് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം മലേഷ്യയിലെ ബുകിത് ജലീല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ തമിഴിലെ മുന്‍നിര സംവിധായകരും വമ്പന്‍ താരനിരയുമാണ് അണിനിരന്നത്.
വിജയ്. Photo: Lets cinema/ x.com
വിജയ്‌യുടെ സിനിമയില്‍ നിന്നുമുള്ള സെന്റ് ഓഫ് എന്ന രീതിയില്‍ നടന്ന ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ രീതിയിലുള്ള ജനാവലിയാണ് വിദേശരാജ്യമായിരുന്നിട്ട് കൂടി പരിപാടിക്കായി സ്‌റ്റേഡിയത്തിലെത്തിച്ചേര്‍ന്നത്. ഇതോടെ മറ്റൊരു നേട്ടവും തമിഴിന്റെ ദളപതി സിനിമയില്‍ നിന്നും വിട പറയുന്നതിന് മുമ്പ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്.
മലേഷ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പൊതുപരിപാടിയെന്ന നേട്ടം കൈവരിച്ച് മലേഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് ജന നായകന്‍ ഓഡിയോ ലോഞ്ച്. ഏകദേശം ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിയിലെ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിന്റെ വീഡിയോകള്‍ ഇതിനോടകം തന്നെ എക്‌സിലെ പല സിനിമാ പേജുകളും പങ്കു വെച്ചിട്ടുണ്ട്.
ഔദ്യോഗികമായി റൊക്കോര്‍ഡ് നേട്ടം കൈവരിച്ചതിനുള്ള മലേഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ വിജയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങളും സിനിമാപേജുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എത്ര പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന ഔദ്യോഗിക വിവരം പുറത്തു വന്നിട്ടില്ല.
വിജയ്. Photo: Tamil TV
തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് മലേഷ്യന്‍ സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുവാദം നല്‍കിയത്. ചടങ്ങില്‍ രാഷ്ട്രീയ പരാമര്‍ശം ഒഴിവാക്കണമെന്നും പാര്‍ട്ടി ചിഹ്നങ്ങളോ ഫ്‌ളാഗുകളോ പരിപാടിയില്‍ ഉപയോഗിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദേശം മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസായി ജനുവരി 9 ന് തിയേറ്ററുകളിലെത്തും. സിനിമയുടെ അവസാനം വിജയ് യുടെ പഴയ ചിത്രങ്ങളിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി 20 മിനുട്ട് ദൈര്‍ഘ്യമുള്ള മാഷപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Content Highlight: Jana nayagan audio launch enters Malaysia book of records