| Wednesday, 15th July 2026, 5:05 pm

നെഞ്ചില്‍ കുടിയിരിക്കും നന്‍പാ, നന്‍പീ റെഡിയാ... ജന നായകന്‍ ആട്ടത്തിന് റെഡിയായിക്കോ, റിലീസ് തിയതി പുറത്ത്

അമര്‍നാഥ് എം.

മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമലോകത്ത് ഒഴിച്ചുകൂടാനാകത്ത താരമായി നിന്നയാളാണ് വിജയ്. ആരാധകര്‍ സ്‌നേഹത്തോടെ ദളപതിയെന്ന് വിളിച്ച വിജയ് സിനിമാജീവിതത്തോട് ടാറ്റാ പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വെന്നിക്കൊടി പാറിക്കുകയും ചെയ്ത് ചരിത്രമെഴുതി.

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി തങ്ങളുടെ ദളപതി അധികാരത്തിലേറിയപ്പോഴും ആരാധകര്‍ക്ക് ചെറിയ നിരാശ സമ്മാനിച്ച ഒന്നായിരുന്നു ജന നായകന്‍ തിയേറ്ററുകളിലെത്താത്തത്. വിജയ്‌യുടെ അവസാനചിത്രമായി ഒരുങ്ങിയ ജന നായകന്‍ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്‌റെ നൂലാമാകള്‍ കാരണമാണ് ജന നായകന്‍ വൈകിയത്. ഒടുവില്‍ കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

ജന നായകന്‍ Photo: KVN Productions/ X.com

ഇപ്പോഴിതാ ജന നായകന്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 23ന് ചിത്രം തിയേറ്ററുകളിലെത്തും. നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. ‘അഗ്നിയാല്‍ പരീക്ഷിക്കപ്പെട്ട്, കാലത്താല്‍ കെട്ടിച്ചമക്കപ്പെട്ട്, ചരിത്രത്തിനായി നിര്‍മിച്ചത്. യുദ്ധം കൂടുതല്‍ കഠിനമാകുമ്പോള്‍ വിജയം ഉച്ചത്തിലാകുന്നു’ എന്നാണ് പുതിയ പോസ്റ്ററിന് നിര്‍മാതാക്കള്‍ നല്‍കിയ ക്യാപ്ഷന്‍.

പുതിയ റിലീസ് തിയതി ജന നായകന്റെ ഓവര്‍സീസ് വിതരണക്കാര്‍ക്ക് തലവേദനയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്റ്റഫര്‍ നോളന്റെ ഒഡീസി റിലീസ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് ജന നായകന്‍ തിയേറ്ററുകളിലെത്തുക. കൃത്യം ഒരാഴ്ചക്ക് ശേഷം മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയും റിലീസ് ചെയ്യും. സ്‌ക്രീനുകളുടെ എണ്ണത്തിലും കളക്ഷനിലും ചിത്രം പിന്നോട്ട് പോയേക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഓവര്‍സീസില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും മറ്റ് മേഖലകളിലും ഈയൊരു തിരിച്ചടി ജന നായകന് നേരിടേണ്ടി വന്നേക്കും. എന്നിരുന്നാലും തമിഴകത്തിന്റെ മുഖ്യമന്ത്രിയുടെ സിനിമ എന്ന നിലയില്‍ ജന നായകന്‍ ആദ്യദിവസം ആഘോഷമാകുമെന്ന് ഉറപ്പാണ്. ദളപതി കച്ചേരി ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍.

400 കോടിയിലേറെ ബജറ്റിലൊരുങ്ങുന്ന ജന നായകന്‍ തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണ്. ഇതിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങളും ധാരാളമുണ്ടെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. റിലീസ് വൈകിയതും ഇന്റര്‍നെറ്റില്‍ ചിത്രം ലീക്കായതുമെല്ലാം കളക്ഷനെ ബാധിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Jana Nayagan announced its release date

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more