| Sunday, 6th September 2026, 12:01 pm

ചെലവ് 1050 കോടി, കളക്ഷന്‍ 610 കോടി... കെ.വി.എന്നിന് 400 കോടിയുടെ നഷ്ടം സമ്മാനിച്ച് ടോക്‌സിക്കും ജന നായകനും

അമര്‍നാഥ് എം.

ഒരേസമയം നാല് ഇന്‍ഡസ്ട്രികളില്‍ വമ്പന്‍ പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്ത് ശ്രദ്ധ നേടിയ പ്രൊഡക്ഷന്‍ ഹൗസാണ് കെ.വി.എന്‍. കന്നഡയില്‍ ഹിറ്റുകളൊരുക്കിയ കെ.വി.എന്‍ ടോക്‌സിക്കിലൂടെ പാന്‍ ഇന്ത്യന്‍ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കാന്‍ ആരംഭിച്ചു. വിജയ്‌യുടെ അവസാന ചിത്രം ജന നായകന്‍, മലയാളത്തില്‍ ബാലന്‍, ഹിന്ദിയില്‍ ഹയ്‌വാന്‍ എന്നീ ചിത്രങ്ങള്‍ ഏറ്റെടുത്തതോടെ കെ.വി.എന്‍ സിനിമാപേജുകളില്‍ ചര്‍ച്ചാവിഷയമായി.

ഒരേസമയം ഒന്നിലധികം ബിഗ് ബജറ്റ് സിനിമകള്‍ നിര്‍മിച്ചതിലൂടെ വലിയ തിരിച്ചടിയാണ് കെ.വി.എന്‍ നേരിടുന്നത്. ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ജന നായകന്‍ 300 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെങ്കിലും നിര്‍മാതാക്കള്‍ക്ക് നഷ്ടം സമ്മാനിച്ചു. വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ടോക്‌സിക്കിന്റെ ഗതിയും വ്യത്യസ്തമല്ല.

600 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ടോക്‌സിക് ഇതുവരെ 330 കോടി മാത്രമാണ് നേടിയത്. ജന നായകനും ടോക്‌സിക്കും ചേര്‍ന്ന് 610 കോടിയിലേറെ നേടിയെങ്കിലും നിര്‍മാതാക്കള്‍ക്ക് 400 കോടിക്കടുത്ത് നഷ്ടം സമ്മാനിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് സിനിമകള്‍ക്കും ചേര്‍ന്ന് 1000 കോടിക്ക് മുകളിലാണ് കെ.വി.എന്‍ ചെലവഴിച്ചത്.

ജന നായകനിലൂടെ കരിയറിലെ നാലാമത്തെ 300 കോടി സ്വന്തമാക്കിയെങ്കിലും ബജറ്റിന്റെ ആധിക്യം ചിത്രത്തിന് തിരിച്ചടിയായി. ബ്രേക്ക് ഈവനാകണമെങ്കില്‍ മിനിമം 500 കോടിക്കടുത്ത് ആവശ്യമെന്നിരിക്കെ വലിയ നഷ്ടമാണ് ചിത്രം സമ്മാനിച്ചത്. റിലീസിന് മുമ്പ് ഇന്റര്‍നെറ്റില്‍ ലീക്കായതും ജന നായകന്റെ പരാജയത്തിന് കാരണമായി.

മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ടോക്‌സിക്കും ആദ്യ വീക്കെന്‍ഡില്‍ തന്നെ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണു. ഇതുവരെ 330 കോടിയാണ് ടോക്‌സിക്കിന് നേടാനായത്. കെ.ജി.എഫിന് ശേഷം യഷ് നായകനായ ചിത്രം ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായി മാറാനുള്ള എല്ലാ സാധ്യതയും മുന്നില്‍ കാണുകയാണ്.

കെ.വി.എന്‍ നിര്‍മിച്ച് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ കെ.ഡി ദി ഡെവിളും വന്‍ പരാജയമായി മാറിയിരുന്നു. അപ്കമിങ് പ്രൊജക്ടുകളില്‍ ഇനി റിലീസാകാനുള്ള ഹയ്‌വാനിലും അധികം ആളുകള്‍ക്ക് പ്രതീക്ഷയില്ല. മലയാളത്തില്‍ വന്‍ ഹിറ്റായ ഒപ്പത്തിന്റെ റീമേക്കാണ് ഹയ്‌വാന്‍. സെപ്റ്റംബര്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jana Nayagan and Toxic combined collection made a loss  of 400 crore

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more