2026 ഡ്യൂറന്റ് കപ്പില്‍ ജംഷഡ്പൂര്‍ എഫ്.സി പുറത്തായിരിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ടാണ് ജംഷഡ്പൂര്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 9-8 എന്ന ആവേശ സ്‌കോര്‍ ലൈനിലാണ് ബഗാന്റെ വിജയം.
മത്സരത്തിന്റെ നിശ്ചിത സമയങ്ങളില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. ദേവേന്ദ്ര മുര്‍ഗാവോങ്കറാണ് ജംഷഡ്പൂരിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെ ബഗാന്‍ സമനില പിടിക്കുകയായിരുന്നു.
ഈ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ ക്ലബ്ബുകളിലൊന്നായ ജാംഷഡ്പൂരിന്റെ പടിയിറക്കത്തിന് കൂടിയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. നീണ്ട ഒമ്പത് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ജംഷഡ്പൂര്‍ ഇന്ത്യന്‍ ഫുട്‌ബോളിനോട് വിടപറഞ്ഞത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ എ.ഐ.എഫ്.എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് നല്‍കാന്‍സാധിക്കാത്തതിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലെ വമ്പന്മാര്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ വാണിജ്യ ചട്ടക്കൂടിന്റെ ഭാഗമായി 55 ലക്ഷം രൂപയുടെ ആദ്യ ഗഡു അടക്കാനുള്ള അവസാന തീയതിയില്‍ ടീമിന് തുക നല്‍കാന്‍ സാധിച്ചിരുന്നില്ല.
ജംഷഡ്പൂർ എഫ്.സി
2017ലാണ് ജംഷഡ്പൂര്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നത്. ആ വര്‍ഷം റ്റാറ്റാ സ്റ്റീല്‍ ഐ.എസ്.എല്‍ എക്സ്പന്‍ഷന്‍ സ്ലോട്ട് സ്വന്തമാക്കിയതിന് പിന്നാലെയാണ് ജംഷഡ്പൂര്‍ ക്ലബ്ബ് നിലവില്‍ വന്നത്. 2021-22 സീസണില്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കാന്‍ ജംഷഡ്പൂരിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റിലെ ടീമിന്റെ ഏറ്റവും വലിയ നേട്ടവും ഇത് തന്നെയാണ്.
ജംഷഡ്പൂര്‍ എഫ്.സിയുടെ ലൈസന്‍സ് ചര്‍ച്ചില്‍ ബ്രദേഴ്സാണ് സ്വന്തമാക്കിയത്. വെറും 100 രൂപ നല്‍കിയാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് ജംഷഡ്പൂരിന്റെ ലൈസന്‍സ് സ്വന്തമാക്കി ഐ.എസ്.എല്ലിന് യോഗ്യത നേടിയത്. ഈ അപൂര്‍വ ഡീലിന്റെ വാര്‍ത്ത ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
അതേസമയം മലയാളി ഫുട്ബോള്‍ ആരാധകര്‍ക്കും ജംഷഡ്പൂര്‍ എഫ്.സിയുമായി ഒരു വൈകാരിക ബന്ധമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റ മുന്‍ പരിശീലകനായ സ്റ്റീവ് കോപ്പല്‍ ജംഷഡ്പൂരിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2016ല്‍ പരിശീലകനായി എത്തിയ ആദ്യ സീസണില്‍ തന്നെ കേരളത്തിനെ ഫൈനലിലേക്ക് നയിച്ച കോപ്പല്‍ തൊട്ടടുത്ത സീസണിലാണ് ജംഷഡ്പൂരിലേക്ക് കൂടുമാറിയത്. ജംഷഡ്പൂരിനൊപ്പവും മോശമല്ലാത്ത പ്രകടനമായിരുന്നു കോപ്പല്‍ പുറത്തെടുത്തത്.
സ്റ്റീവ് കോപ്പൽ
അനസ് എടത്തൊടിക, സി.കെ വിനീത്, ടി.പി രഹനേഷ്, സനാന്‍ തുടങ്ങിയ മലയാളി താരങ്ങള്‍ പന്തുതട്ടിയ ക്ലബ്ബ് കൂടിയാണ് ജംഷഡ്പൂര്‍. ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ക്ലബ്ബായ ജംഷഡ്പൂരിന്റെ പടിയിറക്കം ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ വിടവ് തന്നെയായിരിക്കും സൃഷ്ടിക്കുക.
Content Highlight: Jamshedpur FC bids farewell to Indian football