ന്യൂദല്‍ഹി: കഠ്‌വ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷക്ഷവിമര്‍ശനം. അഭിഭാഷകരുടേത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയാണെന്ന് കോടതി വ്യക്തമാക്കി.
കുറ്റപത്രം തടയാനല്ല തങ്ങള്‍ ശ്രമിച്ചതെന്നും മാധ്യമങ്ങള്‍ തങ്ങളുടെ പ്രതിഷേധത്തെ ദുര്‍വ്യാഖ്യാനം ചെയ്തതെന്നുമായിരുന്നു അഭിഭാഷകരുടെ വാദം. “മറ്റൊന്നും ഞങ്ങളെ ആശങ്കപ്പെടുത്തുന്നില്ല. നീതിയുക്തമായ വിചാരണമാത്രമാണ് ഞങ്ങളുടെ ആശങ്ക. പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ കൊണ്ടുകൊടുക്കേണ്ട അവസ്ഥ നിങ്ങള്‍ ഉണ്ടാക്കി.” ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
“നിങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള അവകാശമുണ്ട്. സമരം ചെയ്യാനും തടസപ്പെടുത്താനും അവകാശമില്ല. നിങ്ങള്‍ സമരം പിന്‍വലിച്ചോ?” എന്ന് കോടതി ചോദിച്ചപ്പോള്‍ ഏപ്രില്‍ 12ലേക്ക് മാറ്റിയെന്നായിരുന്നു അഭിഭാഷകരുടെ പ്രതികരണം.
“സാഹചര്യം എന്തു തന്നെയായാലും നിങ്ങള്‍ ചെയ്തത് തെറ്റാണ്.” എന്ന് അഭിഭാഷകരെ വിമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു.
കഠ്‌വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കവെ അഭിഭാഷകര്‍ കോടതിക്കു മുമ്പാകെ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഈ വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ജമ്മു കശ്മീര്‍ ഹൈക്കോടതിയോടും പ്രതികരണം അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ കഠ്‌വയിലേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്.