ശ്രീനഗര്‍: ലഡാക്കിന് സംസ്ഥാനപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം. തെരുവിലിറങ്ങിയ നാട്ടുകാര്‍ ലഡാക്കിലെ ബി.ജെ.പി ഓഫീസ് കത്തിച്ചു. ബി.ജെ.പി ഓഫീസിന് നേരെ കല്ലെറിഞ്ഞതിന് പിന്നാലെ നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
ലേ അപെക്‌സ് ബോഡി (എല്‍.എ.ബി)യുടെ യുവജന വിഭാഗമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്‌മീരിനെ വിഭജിച്ച കേന്ദ്ര സർക്കാർ ലഡാക്ക്, ജമ്മു കശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുകയായിരുന്നു.
നിലവിൽ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നാട്ടുകാര്‍ തെരുവിലിറങ്ങിയത്.
പൊലീസ് ജീപ്പ് കത്തിക്കുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലഡാക്കില്‍ ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടാകുന്നത് ഇതാദ്യമായാണ്.
ലേ കേന്ദ്രീകരിച്ചുള്ള ആളുകളാണ് കേന്ദ്രത്തിനെതിരെ തെരുവിലിറങ്ങിയത്. ഈ മേഖലയില്‍ ബുദ്ധമതക്കാരാണ് ഭൂരിപക്ഷവും. എന്നാല്‍ ലേയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിലുള്ള ആളുകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ദേശീയപതാക ഉയര്‍ത്തിയാണ് ലഡാക്കിലെ ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയത്.
കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും (കെ.ഡി.എ) എല്‍.എ.ബിയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം രൂപീകരിച്ച സംഘടകളാണ് എല്‍.എ.ബിയും കെ.ഡി.എയും.
2023 ജനുവരി രണ്ടിന് വിഷയം പരിഹരിക്കുന്നതിനായി ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചിരുന്നു. മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രി അമിത്ഷായെ ലഡാക്ക് പ്രതിനിധികള്‍ സന്ദർശിക്കുകയുമുണ്ടായി.
പിന്നാലെ സെപ്റ്റംബര്‍ 20ന് ലഡാക്കി നേതൃത്വവുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഒക്ടോബര്‍ ആറിന് ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് വിവരം.
Content Highlight: ‘ladakh should be given statehood’; Locals burn BJP office