| Wednesday, 18th February 2026, 12:21 pm

ഐതിഹാസികം ഈ ചരിത്ര വിജയം; ബംഗാളിനെ തോല്‍പ്പിച്ച് ജമ്മു ഫൈനലിലേക്ക്

ഫസീഹ പി.സി.

രഞ്ജി ട്രോഫിയില്‍ ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ച് ജമ്മു കാശ്മീര്‍. സെമി ഫൈനലില്‍ ബംഗാളിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീമിന്റെ മുന്നേറ്റം. ബൗളര്‍ അക്വിബ് നബിയുടെ കരുത്തിലാണ് ജമ്മു തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയത്.

മത്സരത്തില്‍ ബംഗാള്‍ 126 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ജമ്മു നാലാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെയാണ് സെമി ഫൈനലില്‍ എത്തിയ ആദ്യ വര്‍ഷം തന്നെ കലാശപ്പോരിനും യോഗ്യത നേടിയത്.

ജമ്മു കാശ്മീർ ടീം. Photo: Crictracker/x.com

ബംഗാള്‍: 328 &99

ജമ്മു കാശ്മീര്‍ : 302 & 126/4

T: 126

സെമി ഫൈനലിലെ ആദ്യ ഇന്നിങ്‌സില്‍ ബംഗാള്‍ 328 റണ്‍സിന് പുറത്തായിരുന്നു. സുദിപ് കുമാര്‍ ഘരാമിയുടെ സെഞ്ച്വറി കരുത്തിലായിരുന്നു ടീം മികച്ച സ്‌കോറുയര്‍ത്തിയത്. താരം ആദ്യ ഇന്നിങ്‌സില്‍ 246 പന്തില്‍ 146 റണ്‍സാണ് എടുത്തത്.

ഒപ്പം 96 പന്തില്‍ 49 റണ്‍സെടുത്ത അഭിമന്യു ഈശ്വരനും 91 പന്തില്‍ 42 റണ്‍സ് നേടിയ ശബാസ് അഹ്‌മദും സംഭാവന ചെയ്തു. സുമന്ത ഗുപ്ത 36 പന്തില്‍ 39 റണ്‍സും എടുത്തു.

ജമ്മുവിനായി അക്വിബ് നബി അഞ്ച് വിക്കറ്റുകളും സുനില്‍ കുമാര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. കൂടാതെ, യുദ്ധവിര്‍ സിങ്ങും ആബിദ് മുഷ്താഖും ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് ഷമിയുടെ മികവില്‍ ബംഗാള്‍ ജമ്മുവിനെ 302 റണ്‍സില്‍ പുറത്താക്കിയിരുന്നു. ജമ്മുവിനായി അബ്ദുല്‍ സമദ് 85 പന്തില്‍ 82 റണ്‍സെടുത്തു. പരസ് ഡോഗ്ര 112 പന്തില്‍ 58 റണ്‍സും അക്വിബ് 54 പന്തില്‍ 42 റണ്‍സും നേടി. യുദ്ധവിര്‍ (42 പന്തില്‍ 33), കനയ്യ വാധവാന്‍ (53 പന്തില്‍ 29), ആബിദ് (46 പന്തില്‍ 27) എന്നിവരും സംഭാവന ചെയ്തു.

ബംഗാളിനായി ഷമി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

26 റണ്‍സിന്റെ ലീഡുമായാണ് ബംഗാള്‍ തങ്ങളുടെ രണ്ടാം ഇന്നിങ്‌സിന് തുടക്കമിട്ടത്. എന്നാല്‍, ഇത് ബംഗാളിന് മുതലാക്കാനയില്ല. അക്വിബിന്റെയും സുനില്‍ കുമാറിന്റെയും ബൗളിങ് മികവിന് മുന്നില്‍ ടീമിന് അടിപതറി.

അതോടെ രണ്ടാം ഇന്നിങ്സ് ബംഗാളിന് 99 റണ്‍സിന് അവസാനിപ്പിക്കേണ്ടി വന്നു. 25 പന്തില്‍ 24 റണ്‍സെടുത്ത ഷഹബാസ് അഹമ്മദും 41 പന്തില്‍ 14 റണ്‍സെടുത്ത സൂരജ് സിന്ധു ജെയ്‌സ്വാളും മാത്രമാണ് തിളങ്ങിയത്. ബംഗാളിനായി ഷമിയും സുനിലും നാല് വിക്കറ്റുകളും യുദ്ധവിര്‍ രണ്ട് വിക്കറ്റുകളും നേടി.

അവസാന ഇന്നിങ്‌സില്‍ 126 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ജമ്മുവിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാലാം ഓവറില്‍ ടീമിന് ഇരു ഓപ്പണര്‍മാരെയും നഷ്ടമായി. ആകാശ് ദീപായിരുന്നു രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ടീം സ്‌കോര്‍ 50 റണ്‍സ് എടുത്തപ്പോഴേക്കും ടീമിന് മൂന്നാം വിക്കറ്റും നഷ്ടമായി.

58 പന്തില്‍ 27 റണ്‍സെടുത്ത ശുഭം പുന്ദിറിനെ ഷമി പുറത്താക്കുകയായിരുന്നു. ഏറെ വൈകാതെ ഡോഗ്രയെ ആകാശ് ദീപ് പുറത്താക്കി. പിന്നീട് ഒന്നിച്ച വന്ശജ് ശര്‍മയും അബ്ദുല്‍ സമദും ടീമിനെ വിജയിപ്പിച്ചു. വന്ശജ് 83 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ സമദ് 27 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്നു.

Content Highlight: Jammu Kashmir qualified to the final of Ranji Trophy for the first time by defeating Bengal

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more