ശ്രീനഗര്‍: തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311 പ്രകാരം ഇന്ന് (വെള്ളിയാഴ്ച) ഒരു അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ ജീവനക്കാരെയാണ് മനോജ് സിന്‍ഹ പിരിച്ചുവിട്ടത്.
കുപ്വാരയിലെ കര്‍ണയില്‍ താമസിക്കുന്ന അധ്യാപകനായ ഖുര്‍ഷിദ് അഹമ്മദ് റാത്തര്‍, കുപ്വാരയിലെ കേരനില്‍ താമസിക്കുന്ന ഷീപ്പ് ഹസ്ബന്‍ഡറി അസിസ്റ്റന്റ് സ്റ്റോക്ക്മാന്‍ സിയാദ് അഹമ്മദ് ഖാന്‍ എന്നീ ജീവനക്കാരെയാണ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പിരിച്ചുവിട്ടത്.
ഒരോ കേസിലെയും വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച ശേഷമാണ് ഇരു ജീവനക്കാരെയും പിരിച്ചുവിട്ടതെന്നും അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തക്ക കാരണങ്ങള്‍ കണ്ടെത്തിയതില്‍ താന്‍ തൃപ്തനാണെന്നും ലെഫന്റവന്റ് ഗവര്‍ണര്‍ പറഞ്ഞു.
ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ശക്തമായി പ്രധിഷേധിച്ചിട്ടും ഗവര്‍ണര്‍ പിരിച്ചുവിടുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311 കണക്കിലെടുത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചുകൊണ്ട് ജമ്മു കശ്മീരിലെ 80 ലധികം സര്‍ക്കാര്‍ ജീവനക്കാരെ ഗവര്‍ണര്‍ മുമ്പും ഇത്തരത്തില്‍ പിരിച്ചുവിട്ടിരുന്നു.
പൊതുസേവനത്തില്‍ തുടരുന്നത് സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ബോധ്യപ്പെട്ടാല്‍, ആര്‍ട്ടിക്കിള്‍ പ്രകാരം സാധാരണ നടപടിക്രമങ്ങള്‍ പാലിക്കാതെ തന്നെ ഒരു ജീവനക്കാരനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുമ്പ് കോടതി പറഞ്ഞിരുന്നു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം, കേന്ദ്രഭരണ പ്രദേശത്തെ ജീവനക്കാര്‍ക്കെതിരെ ജമ്മു കശ്മീര്‍ ഭരണകൂടം കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്.
Content Highlight: Jammu kashmir lieutenant governor dismisses two government employees for alleged links with terrorist organization