| Friday, 15th August 2025, 7:32 am

ജമ്മു കശ്മീരിലെ മേഘവിസ്ഫോടനം; മരണം 47 ആയി, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിനും മരണം 50തിനോട് അടുക്കുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 47 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മോശമായ കാലാവസ്ഥ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

എന്നിരുന്നാലും എസ്.ഡി.ആര്‍.എഫും എന്‍.ഡി.ആര്‍.എഫും സുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മിന്നല്‍പ്രളയത്തില്‍ 200ലധികം ആളുകളെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കാണാതായവരുടെ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവിടാന്‍ സാധിച്ചിട്ടില്ല.

അപകടത്തില്‍പ്പെട്ട 167 പേരെ നിലവില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. 37 ഓളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിച്ചവരില്‍ പത്തോളം പേരെ തിരിച്ചറിഞ്ഞതായി ജമ്മു കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പര്‍ദീപ് സിങ് ഇന്ത്യ ടുഡേയോട് പറഞ്ഞു. മരണപ്പെട്ടവരില്‍ രണ്ട് സി.ഐ.എസ്.എഫ് ജവാന്മാരും ഉള്‍പ്പെടുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് ഡിജിപി നളിന്‍ പ്രഭാത് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയാണ് കിഷ്ത്വാറില്‍ മിന്നല്‍പ്രളയമുണ്ടായത്. കിഷ്ത്വാര്‍ ജില്ലയിലെ ചോസിതിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടാകുകയായിരുന്നു. മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിലാണ് മേഘവിസ്ഫോടനവും തുടര്‍ന്ന് പ്രളയവും ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും തീര്‍ത്ഥാടകരാണെന്നാണ് വിവരം.

നിലവില്‍ ക്ഷേത്രത്തിലേക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ സ്വാതന്ത്ര്യദിന പരിപാടികള്‍ റദ്ദാക്കിയതായി ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി അറിയിച്ചു. അപകടമുണ്ടായ മേഖലകളില്‍ ഏകദേശം 1200ഓളം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഇന്ന് (വെള്ളി) കിഷ്ത്വാര്‍ സന്ദര്‍ശിക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാലാവസ്ഥ കണക്കിലെടുത്തായിരിക്കും കേന്ദ്രമന്ത്രി ജമ്മു കശ്മീര്‍ സന്ദര്‍ശനം. രക്ഷാപ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സമയബന്ധിതമായി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

അപകടത്തില്‍ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആവശ്യമുള്ളവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

സ്ഥിതിഗതി നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Content Highlight: Cloudburst in Jammu and Kashmir; Death toll rises to 50, rescue operations difficult

We use cookies to give you the best possible experience. Learn more