| Monday, 16th June 2025, 7:48 am

ഒമര്‍ അബ്ദുല്ല സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ജമ്മു കശ്മീരിലെ ഏക ആം ആദ്മി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഒമര്‍ അബ്ദുല്ല സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ജമ്മുവിലെ ഏക എ.എ.പി എം.എല്‍.എയായ മെഹ്‌രാജ് മാലിക്കാണ് പിന്തുണ പിന്‍വലിച്ചത്.

നാഷണല്‍ കോണ്‍ഫറന്‍സിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി എ.എ.പി പ്രതിനിധി എക്സിലൂടെ അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ തന്റെ ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്നും അവരുടെ വിശ്വാസവും ക്ഷേമവുമാണ് തന്റെ മുന്‍ഗണനയെന്നുമാണ് മെഹ്‌രാജ് മാലിക് പോസ്റ്റില്‍ പറഞ്ഞത്.

തുടര്‍ന്ന് പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍, നമുക്കൊരു ജന്തര്‍മന്തര്‍ മാര്‍ച്ചിന് തയ്യാറാകാമെന്നും സ്വയം സംസ്ഥാന പദവി നേടിയെടുക്കാമെന്നും ഒമര്‍ അബ്ദുല്ലയ്ക്ക് അതിനുള്ള കഴിവില്ലെന്നും എം.എല്‍.എ പറഞ്ഞു.

‘ജനങ്ങളെ താന്‍ ആഗ്രഹിച്ച രീതിയില്‍ സേവിക്കാന്‍ കഴിയാത്തതിനാല്‍ 49 ദിവസത്തിന് ശേഷം കെജ്‌രിവാൾ രാജിവെച്ചു. ഒമര്‍ അബ്ദുള്ള ഒമ്പത് മാസത്തിലേറെയായി അധികാരത്തിലിരിക്കുന്നുവെങ്കിലും, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞല്ല. ചെയ്യാന്‍ കഴിയാത്തതുകൊണ്ടല്ല, മറിച്ച് അദ്ദേഹം ചെയ്യാത്തതുകൊണ്ടാണ്. പൊതുസേവനത്തിന് ഒഴികഴിവുകളല്ല, ഉദ്ദേശ്യശുദ്ധിയാണ് വേണ്ടത്,’ മറ്റൊരു പോസ്റ്റില്‍ മെഹ്‌രാജ് മാലിക് പറഞ്ഞു.

ശനിയാഴ്ച വൈകീട്ടാണ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്ന് അറിയിച്ച് എ.എ.പി എം.എല്‍.എ പ്രതികരിച്ചത്. ദോഡയില്‍ നിന്നുള്ള എം.എല്‍.എയാണ് മെഹ്‌രാജ് മാലിക്.

90 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ 52 എം.എല്‍.എമാരുടെ പിന്തുണ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനുണ്ട്. ഭൂരിപക്ഷത്തേക്കാള്‍ ഏഴ് എം.എല്‍.എമാരുടെ കൂടുതല്‍ പിന്തുണയാണ് ഈ സര്‍ക്കാരിന് ലഭിക്കുന്നത്.

ഇതിനിടെ മെഹ്‌രാജ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദോഡ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ നല്‍കിയ പരാതിയില്‍ 2025 മെയ്യിലാണ് കേസെടുത്തത്.

ക്രിമിനല്‍ ഭീഷണി, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിയമസഭയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും നിരവധി തവണ മാലിക് സംസാരിച്ചിട്ടുണ്ട്.

ഇതിനുപിന്നാലെയാണ് എ.എ.പി എം.എല്‍.എക്കെതിരെ പരാതി ഉയരുന്നത്. ബി.എന്‍.എസ് സെക്ഷന്‍ 356 (ക്രിമിനല്‍ ഭീഷണി), 79 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), 351 (സമാധാന ലംഘനം നടത്താന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വമായ അപമാനം) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു മെഹ്‌രാജിനെതിരെ കേസെടുത്തത്.

Content Highlight: Jammu and Kashmir’s only Aam Aadmi Party MLA withdraws support to Omar Abdullah government

Latest Stories

We use cookies to give you the best possible experience. Learn more