ശ്രീനഗർ: അരുന്ധതി റോയിയുടേത് ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നു എന്ന് കാണിച്ച് ജമ്മു കശ്മീർ ആഭ്യന്തര വകുപ്പാണ് പുസ്തകങ്ങൾ നിരോധിച്ചത്. ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്താണ് നടപടിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ വാദം.
അരുന്ധതി റോയിയുടെ ‘ആസാദി’, നൂറാനിയുടെ ‘ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012’, സുമന്ത്ര ബോസിന്റെ ‘കശ്മീർ അറ്റ് ദി ക്രോസ്‌റോഡ്‌സ്’, ‘കണ്ടസ്റ്റഡ് ലാൻഡ്‌സ്’ തുടങ്ങിയ രാഷ്ട്രീയ വ്യാഖ്യാനങ്ങളും ചരിത്ര വിവരണങ്ങളും അടങ്ങുന്ന പുസ്തകങ്ങളാണ് സർക്കാർ കണ്ടുകെട്ടിയത്. ഇസ്ലാമിക പണ്ഡിതരുടെ രണ്ട് പുസ്തകങ്ങളായ ഇമാം ഹസൻ അൽ-ബന, മൗലാന മൗദാദി എന്നിവയും പട്ടികയിലുണ്ട്.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023ലെ സെക്ഷൻ 98 പ്രകാരം 25 പുസ്തകങ്ങളെ കണ്ടുകെട്ടി. ഇവയുടെ വിതരണവും നിർത്തലാക്കും. യുവാക്കളെ അക്രമത്തിനും ഭീകരതയ്ക്കും പ്രേരിപ്പിക്കുന്ന തരത്തിലാണ് ഈ പുസ്തകങ്ങളെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ചരിത്രപരമോ രാഷ്ട്രീയമോ ആയ വ്യാഖ്യാനങ്ങൾ എന്ന വ്യാജേന യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിലും തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നതിലും ഇന്ത്യൻ ഭരണകൂടത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഈ പുസ്തകങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ചരിത്രപരമായ വസ്തുതകളുടെ വളച്ചൊടിക്കൽ, തീവ്രവാദികളെ മഹത്വവൽക്കരിക്കൽ, സുരക്ഷാ സേനയെ അപകീർത്തിപ്പെടുത്തൽ, മതപരമായ തീവ്രവാദം, അന്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കൽ, അക്രമത്തിലേക്കും ഭീകരതയിലേക്കുമുള്ള പാത തുറക്കൽ എന്നിവയാണ് ഈ പുസ്തകങ്ങളുടെ ഉള്ളടക്കം. ഇവ ജമ്മു കശ്മീരിലെ യുവാക്കളുടെ തീവ്രവാദവൽക്കരണത്തിന് കാരണമായേക്കാമെന്നും ആഭ്യന്തര വകുപ്പ് പറയുന്നു.
കശ്മീരി-അമേരിക്കൻ എഴുത്തുകാരിയായ ഹഫ്സ കാഞ്ച്വാളിന്റെ കൊളോണിയൈസിംഗ് കശ്മീർ: സ്റ്റേറ്റ്-ബിൽഡിംഗ് അണ്ടർ ഇന്ത്യൻ ഒക്യുപറേഷൻ, ഹാലി ഡഷിൻസ്കിയുടെ റെസിസ്റ്റിംഗ് ഒക്യുപേഷൻ ഇൻ കശ്മീർ, വിക്ടോറിയ ഷോഫീൽഡിന്റെ കശ്മീർ ഇൻ കോൺഫ്ലിക്റ്റ്, ക്രിസ്റ്റഫർ സ്നെഡന്റെ ഇൻഡിപെൻഡന്റ് കശ്മീർ എന്നിവയാണ് നിരോധിക്കപ്പെട്ട അന്താരാഷ്ട്ര പുസ്തകങ്ങൾ.
കണ്ടുകെട്ടിയ പുസ്തകങ്ങളും എഴുത്തുകാരും
Human Rights Violations in Kashmir
പിയോറ്റർ ബാൽസെറോവിച്ച്, അഗ്നിസ്‌ക കുഷെവ്‌സ്‌ക
Kashmiris Fight for Freedom
മുഹമ്മദ് യൂസഫ് സറഫ്
Colonizing Kashmir: State-Building under Indian occupation
ഹഫ്സ കാഞ്ച്വാൾ
Kashmir Politics and Plebiscite
ഡോ. അബ്ദുൾ ഗോഖാമി ജബ്ബാർ
Do You Remember Kunan Poshpora?
എസ്സാർ ബറ്റൂൽ & അതേർസ്
Mujahid ki Azan
ഇമാം ഹസൻ അൽ-ബാന ഷഹീദ്
Al Jihadul fil Islam
മൗലാന മൗദാദി
Independent Kashmir
ക്രിസ്റ്റഫർ സ്നെഡൻ
Resisting Occupation in Kashmir
ഹാലി ഡുഷിൻസ്കി, ഭട്ടിലെ മോണ, ആതർ സിയ, സിന്തിയ മഹമൂദ്
Between Democracy & Nation: Gender and Militarisation in Kashmir
സീമ കാസി
Contested Lands
സുമന്ത്ര ബോസ്
In Search of a Future: The Story of Kashmir
ഡേവിഡ് ദേവദാസ്
Kashmir in Conflict: India, Pakistan and the Unending War
വിക്ടോറിയ ഷോഫീൽഡ്
The Kashmir Dispute: 1947-2012
എ.ജി നൂറാനി
Kashmir at the Crossroads: Inside a 21st-Century Conflict
സുമന്ത്ര ബോസ്
A Dismantled State: The Untold Story of Kashmir after Article 370
അനുരാധ ഭാസിൻ
Resisting Disappearance: Military Occupation & Women’s Activism in
ആതർ സിയ
Confronting Terrorism
മറൂഫ് റാസ
Freedom in Captivity: Negotiations of belonging along Kashmiri Frontier
രാധിക ഗുപ്ത
Kashmir: The Case for Freedom
താരിഖ് അലി, ഹിലാൽ ഭട്ട്, അംഗന പി. ചാറ്റർജി, പങ്കജ് മിശ്ര, അരുന്ധതി റോയ്
Azadi
അരുന്ധതി റോയ്
USA and Kashmir
ഡോ. ഷംഷാദ് ഷാൻ
Law & Conflict Resolution in Kashmir
പിയോറ്റർ ബാൽസെറോവിച്ച്, അഗ്നിസ്‌ക കുസ്‌സെവ്‌സ്ക
Tarikh-i-Siyasat Kashmir
ഡോ. അഫാഖ്
Kashmir & the future of South Asia
എഡിറ്റ് ചെയ്തത്: സുഗത ബോസ്, ആയിഷ ജലാൽ
Content Highlight: Jammu and Kashmir bans 25 books, including those by Arundhati Roy