| Thursday, 15th May 2025, 8:23 pm

'രാജ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നു' തുര്‍ക്കി സർവകലാശാലകളുമായുള്ള ധാരണാപത്രം റദ്ദാക്കി ജാമിയ മില്ലിയയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തുര്‍ക്കി സർവകലാശാലകളുമായുള്ള ധാരണാപത്രങ്ങൾ റദ്ദാക്കി ജാമിയ മില്ലിയ ഇസ്‌ലാമിയയും. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാപത്രങ്ങൾ താത്കാലികമായി നിര്‍ത്തിവെച്ചതായി സര്‍വകലാശാല അറിയിച്ചു.

തുര്‍ക്കിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അനുബന്ധ സ്ഥാപനങ്ങളുമായുള്ള കരാറുകളൂം നിര്‍ത്തിവെക്കുന്നതായും ജാമിയ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ രാജ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്നും ജാമിയ മില്ലിയ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

ഇന്നലെ (ബുധന്‍) തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം ജെ.എന്‍.യുവും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇനോനു സര്‍വകലാശാലയുമായുള്ള കരാറാണ് ജെ.എന്‍.യു റദ്ദാക്കിയത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാപത്രം താത്കാലികമായി നിര്‍ത്തിവെച്ചതായി ജെ.എന്‍.യു അധികൃതര്‍ എക്‌സിലൂടെ അറിയിക്കുകയായിരുന്നു. 2025 ഫെബ്രുവരി മൂന്നിന് ഒപ്പുവെച്ച ധാരണാപത്രമാണ് ഇരു വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍ത്തിവെച്ചത്.

മൂന്ന് വര്‍ഷത്തേക്കാണ് ജെ.എന്‍.യുവും ഇനോനുവും അക്കാദമിക് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച്, ഫാക്കല്‍റ്റി എക്സ്ചേഞ്ച്, വിദ്യാര്‍ത്ഥി എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇരു സ്ഥാപനങ്ങളും തീരുമാനത്തിലെത്തിയിരുന്നു.

ഇനോനു വെബ് സൈറ്റിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ഏകദേശം 150,000 വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രം, ആര്‍ട്സ്, തത്വചിന്ത, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദം നല്‍കിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണയറിയിച്ച തുര്‍ക്കിയുടെ നിലപാടില്‍ ആശങ്ക ഉയര്‍ത്തിയാണ് ഇന്ത്യന്‍ സര്‍വകലാശാലകളുടെ നടപടി. സര്‍വകലാശാലകളുടെ നടപടികള്‍ക്ക് പുറമെ പാകിസ്ഥാനെ പിന്തുണച്ചതിന്റെ പേരില്‍ ഒന്നിലധികം തിരിച്ചടികള്‍ തുര്‍ക്കി നേരിടുന്നുണ്ട്.

നിലവില്‍ ടര്‍ക്കിഷ് മാധ്യമമായ ടി.ആര്‍.ടി വേള്‍ഡ് രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍, മാര്‍ബിള്‍ തുടങ്ങിയ സാധനങ്ങളുടെ ഇറക്കുമതിയും ഇന്ത്യ വെട്ടിക്കുറച്ചു. തുര്‍ക്കിയുമായി ദീര്‍ഘകാല സാമ്പത്തിക സഹകരണ കരാറുകള്‍ നിലനില്‍ക്കെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.

പ്രധാനമായും തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് മാര്‍ബിള്‍, ആപ്പിള്‍, സ്വര്‍ണം, പച്ചക്കറികള്‍, ധാതു എണ്ണ, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക് തുടങ്ങിയവയാണ്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്ഥാന് തുര്‍ക്കി ഡ്രോണുകള്‍ നല്‍കി സഹായിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ തുര്‍ക്കിക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.

കൂടാതെ ഇന്ത്യക്കാര്‍ തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരം വേണ്ടെന്നുവെക്കുകയും മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുമുണ്ട്.

Content Highlight: Jamia Millia University cancels MoU with Turkish university

We use cookies to give you the best possible experience. Learn more