| Tuesday, 18th March 2025, 10:47 am

പ്രതാപകാലത്തെ ഞാന്‍ സാക്ഷാല്‍ സിദാനെക്കാളും മോഡ്രിച്ചിനേക്കാളും മികച്ചവന്‍; ഞെട്ടിച്ച് റോഡ്രിഗസ്

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ പ്രതാപകാലത്ത് താന്‍ ഇതിഹാസം താരം സിനദിന്‍ സിദാനക്കാളും മികച്ച ഫുട്‌ബോളറായിരുന്നുവെന്ന് കൊളംബിയന്‍ സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസ്. ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, സാവി എന്നിവരെക്കാളും മികച്ച താരമാണെന്നും റോഡ്രിഗസ് അഭിപ്രായപ്പെട്ടു.

എഡു അഗൈ്വറിന്റെ ലോസ് അമീഗോസ് ഡെ എഡു എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തന്നെ സിദാനെക്കാളും മുകളിലായി റോഡ്രിഗസ് പ്രതിഷ്ഠിച്ചത്. സിദാന്‍ തന്റെ പ്രൈമില്‍ ലോകകപ്പ് നേടിയെന്നും എന്നാല്‍ മികച്ചത് താനാണെന്നും റോഡ്രിഗസ് അഭിപ്രായപ്പെട്ടു.

‘സിദാന്‍ വളരെ മികച്ചതായിരുന്നു, തന്റെ പ്രൈമില്‍ അദ്ദേഹം ലോകകപ്പ് നേടി, പക്ഷേ ഹാമിഷ്. എന്റെ പ്രൈമില്‍ ഹാമിഷ്,’ റോഡ്രിഗസ് പറഞ്ഞു.

ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, സാവി, ഹാമിഷ് റോഡ്രിഗസ് എന്നിവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴും റോഡ്രിഗസ് തന്റെ പേര് തന്നെയാണ് പറഞ്ഞത്.

2014ല്‍ റയല്‍ മാഡ്രിഡിലേക്ക് മാറിയതിനെ കുറിച്ചും താരം സംസാരിച്ചു.

‘ലോകകപ്പിന്റ സമയം ജോര്‍ജ് മെന്‍ഡസാണ് റയല്‍ മാഡ്രിഡിന് എന്നെ ആവശ്യമുണ്ടെന്ന് പറഞ്ഞത്. എന്നോട് ഏകാഗ്രത കൈവിടരുതെന്നും മെന്‍ഡസ് പറഞ്ഞു. ഇത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കി.

ഇതിന് പിന്നാലെയായിരുന്നു ജപ്പാനെതിരായ മത്സരം. ഈ മാച്ചില്‍ ഞാന്‍ ഗോള്‍ നേടി. ശേഷം ഉറുഗ്വായ്‌ക്കെതിരെ രണ്ട് ഗോളും ഞാന്‍ കണ്ടെത്തി. മെന്‍ഡസിന്റെ വാക്കുകളാണ് എനിക്ക് കൂടുതല്‍ ശക്തി നല്‍കിയത്.

അന്ന് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. ഇപ്പോള്‍ കൂടുതല്‍ മികച്ച രീതിയില്‍ കളിക്കണം എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് എനിക്ക് ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കും പി.എസ്.ജിക്കും എന്നെ ടീമിലെത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവര്‍ എനിക്ക് ഒരുപാട് പണവും ഓഫര്‍ ചെയ്തു, ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങി ഇരട്ടി സാലറിയാണ് ഓഫര്‍ ചെയ്തത്.

എന്നാല്‍ ഞാന്‍ റയല്‍ മാഡ്രിഡ് തെരഞ്ഞെടുക്കുകയായിരുന്നു. കാരണം ഫ്‌ളോറന്റീനോ പെരസ് (റയല്‍ മാഡ്രിഡ് പ്രസിഡന്റ്) എന്നെ വിളിച്ച് ‘പണമോ അതോ പ്രതാപമോ? ഏതാണ് തെരഞ്ഞെടുക്കുന്നത്?’ എന്ന് ചോദിച്ചു. ഞാന്‍ പണ്ടുമുതലേ റയല്‍ മാഡ്രിഡ് ആരാധകനായിരുന്നു. മാഡ്രിഡ് മാഡ്രിഡ് തന്നെയാണ്,’ റോഡ്രിഗസ് പറഞ്ഞു.

Content Highlight: James Rodriguez claims he was better than Zinedine Zidane, Luka Modric, Toni Krooz and Xavi

Latest Stories

We use cookies to give you the best possible experience. Learn more