| Wednesday, 17th December 2025, 1:50 pm

കോച്ചിനേക്കാള്‍ ഏഴ് വയസ് മൂപ്പ്, 24 വര്‍ഷം തുടര്‍ച്ചയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍; ഇവന്‍ ചില്ലറക്കാരനല്ല

ആദര്‍ശ് എം.കെ.

39 വയസ്, പരിശീലകനേക്കാള്‍ ഏഴ് വയസിന് മൂത്തത്, തുടര്‍ച്ചയായി 24 വര്‍ഷം ഫുട്‌ബോളിലെ ടോപ്പ് ടയര്‍ ലീഗായ പ്രീമിയര്‍ ലീഗില്‍ സ്ഥിരസാന്നിധ്യം… പറഞ്ഞുവരുന്നത് ബ്രൈറ്റണ്‍ സൂപ്പര്‍ താരം ജെയിംസ് മില്‍നറിനെ കുറിച്ചാണ്.

2002ല്‍ ലീഡ്‌സ് യുണൈറ്റഡിലൂടെ പ്രീമിയര്‍ ലീഗില്‍ പന്ത് തട്ടാന്‍ ആരംഭിച്ച മില്‍നര്‍ ഇപ്പോഴും ഇംഗ്ലണ്ടില്‍ തന്റെ മുന്നേറ്റം തുടരുകയാണ്. തുടര്‍ച്ചയായി ഏറ്റവുമധികം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണുകളില്‍ കളിക്കുന്ന താരമെന്ന നേട്ടവുമായാണ് സീഗള്‍സിന്റെ മുന്നേറ്റ താരം കുതിപ്പ് തുടരുന്നത്.

ജെയിംസ് മില്‍നർ. Photo: Brighton & Hove Albion

കഴിഞ്ഞ സീസണില്‍ തന്റെ തുടര്‍ച്ചയായ 23ാം സീസണ്‍ കളിച്ചുകൊണ്ടാണ് മില്‍നര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. തുടര്‍ച്ചയായി ഏറ്റവുമധികം സീസണ്‍ കളിക്കുന്ന ഫുട്‌ബോളറെന്ന ഇതിഹാസ താരം റയാന്‍ ഗിഗ്‌സിന്റെ (തുടര്‍ച്ചയായി 22 സീസണുകള്‍) റെക്കോഡാണ് മില്‍നര്‍ തകര്‍ത്തത്. എന്നാല്‍ അവിടംകൊണ്ടും നിര്‍ത്താതെയാണ് മില്‍നര്‍ കുതിക്കുന്നത്.

ജെയിംസ് മില്‍നറിന്റെ പ്രീമിയര്‍ ലീഗ് യാത്ര

ലീഡ്‌സ് യുണൈറ്റഡ് – 2002-2004

സ്വിന്‍ഡണ്‍ ടൗണ്‍ (ലോണ്‍) – 2003

ന്യൂകാസില്‍ യുണൈറ്റഡ് – 2004-2008

ആസ്റ്റണ്‍ വില്ല (ലോണ്‍) – 2005-2006

ആസ്റ്റണ്‍ വില്ല (പെര്‍മെനന്റ്) – 2008-2010

മാഞ്ചസ്റ്റര്‍ സിറ്റി – 2010-2015

ലിവര്‍പൂള്‍ – 2015-2023

ബ്രൈറ്റണ്‍ & ഹോവ് ആല്‍ബിയോണ്‍ – 2023-present

വിവിധ ടീമുകള്‍ക്കൊപ്പം

ഇതിന് പുറമെ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ മില്‍നര്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങള്‍ കൂടി കളിച്ചാല്‍ ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്താനും മില്‍നറിന് സാധിക്കും.

ആസ്റ്റണ്‍ വില്ല, മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയണ്‍ എന്നിവര്‍ക്കായി കളത്തിലിറങ്ങിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഗാരെത് ബാരിയാണ് ഈ പട്ടികയില്‍ ഒന്നാമന്‍.

ഗാരെത് ബാരി എവർട്ടണില്‍. Photo: Wikipedia

പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം മത്സരം കളിച്ച താരങ്ങള്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

ഗാരെത് ബാരി – 653

ജെയിംസ് മില്‍നെര്‍ – 646*

റയാന്‍ ഗിഗ്‌സ് – 632

ഫ്രാങ്ക് ലംപാര്‍ഡ് – 609

ഡേവിഡ് ജെയിംസ് – 572

ഈ സീസണില്‍ എട്ട് മത്സരത്തില്‍ മില്‍നര്‍ ബ്രൈറ്റണ് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. 192 മിനിട്ട് കളിച്ച താരം ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ 16 മത്സരത്തില്‍ നിന്നും ആറ് ജയവും അഞ്ച് വീതം സമനിലയും തോല്‍വിയുമായി 23 പോയിന്റോടെ പത്താം സ്ഥാനത്താണ് ബ്രൈറ്റണ്‍.

പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിനെതിരെയാണ് ബ്രൈറ്റണിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ അമേരിക്കന്‍ എക്‌സ്പ്രസ് സ്റ്റേഡിയമാണ് വേദി. 16 മത്സരത്തില്‍ നിന്നും ഏഴ് ജയത്തോടെ എട്ടാമതാണ് സണ്ടര്‍ലാന്‍ഡ്.

Content Highlight: James Milner has scored in 24 consecutive seasons in the English Premier League

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more