| Monday, 2nd June 2025, 9:53 pm

ഇങ്ങേര്‍ക്ക് 42 വയസോ! 11 വര്‍ഷത്തിന് ശേഷമുള്ള മടങ്ങിവരവില്‍ 17 റണ്ണിന് മൂന്ന് വിക്കറ്റ്, കരിയര്‍ ബെസ്റ്റുമായി 'ഇടിമിന്നല്‍' വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍. കഴിഞ്ഞ ദിവസം റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലങ്കാഷെയര്‍ ലൈറ്റ്‌നിങ്ങിനായി ഡുര്‍ഹാമിനെതിരെ മൂന്ന് വിക്കറ്റുമായാണ് ആന്‍ഡേഴ്‌സണ്‍ ടി-20യിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്.

2014ന് ശേഷം ഇതാദ്യമായാണ് ആന്‍ഡേഴ്‌സണ്‍ ടി-20 ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുന്നത്. 3935 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ടി-20 ഫോര്‍മാറ്റില്‍ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനവുമായാണ് ജിമ്മി തിളങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ലങ്കാഷെയര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. സൂപ്പര്‍ താരം ജിമ്മി നീഷമിന്റെ കരുത്തില്‍ ഡുര്‍ഹാം നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടി.

നീഷം 25 പന്തില്‍ പുറത്താകാതെ 40 റണ്‍സ് സ്വന്തമാക്കി. അഞ്ച് ഫോറും ഒരു സിക്‌സറും അടക്കം 160.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. 24 പന്തില്‍ 29 റണ്‍സ് നേടിയ ബെന്‍ റനി, പത്ത് പന്തില്‍ പുറത്താകാതെ 18 റണ്‍സ് നേടി വില്‍ റൂഡ്‌സ് എന്നിവരാണ് ഡുര്‍ഹാമിന്റെ മറ്റ് റണ്‍ഗെറ്റര്‍മാര്‍.

ലങ്കാഷെയറിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഓപ്പണര്‍മാരായ ഗ്രഹാം ക്ലാര്‍ക്, ക്യാപ്റ്റന്‍ കൂടിയായ അലക്‌സ് ലീസ്, കോളിന്‍ അക്കര്‍മാന്‍ എന്നിങ്ങനെ ടീമിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ തന്നെയാണ് ആന്‍ഡേഴ്‌സണ്‍ മടക്കിയത്.

ജിമ്മിക്ക് പുറമെ ലൂക് വെല്‍സ്, ടോം ആസ്പിന്‍വാള്‍, ജാക് ബ്ലാതര്‍വിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കാഷെയര്‍ ലൈറ്റ്‌നിങ്ങിനും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 39 പന്തില്‍ 55 റണ്‍സുമായി മൈക്കല്‍ ജോണ്‍സും 28 പന്തില്‍ 31 റണ്‍സുമായി ജോഷ് ബോഹനോനും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന പന്തില്‍ മാത്രമാണ് ലങ്കാഷെയറിന് വിജയിക്കാന്‍ സാധിച്ചത്.

അവസാന രണ്ട് പന്തില്‍ ഒരു റണ്ണായിരുന്നു ലങ്കാഷെയറിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 20ാം ഓവറിലെ അഞ്ചാം പന്തില്‍ ബോഹനോനെ പുറത്താക്കി നീഷം മത്സരം കൂടുതല്‍ ആവേശത്തിലേക്ക് വഴിമാറ്റി. എന്നാല്‍ അവസാന പന്ത് നേരിടാന്‍ ക്രീസിലെത്തിയ ബ്ലാതര്‍വിക് സിംഗിള്‍ നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തോടെ ലങ്കാഷെയര്‍ ലൈറ്റ്‌നിങ് നോര്‍ത്ത് ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച ലൈറ്റ്‌നിങ്‌സിന് 12 പോയിന്റുണ്ട്.

ടൂര്‍ണമെന്റില്‍ ജൂണ്‍ നാലിനാണ് ലങ്കാഷെയറിന്റെ അടുത്ത മത്സരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ലെസ്റ്റര്‍ഷെയര്‍ ഫോക്‌സസാണ് എതിരാളികള്‍.

Content Highlight: James Anderson’s brilliant bowling performance in Vitality Blast

We use cookies to give you the best possible experience. Learn more