| Tuesday, 25th August 2020, 10:26 pm

600 ടെസ്റ്റ് വിക്കറ്റ് തികച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് തികച്ചു. പാകിസ്താന്റെ അസര്‍ അലിയെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സണ്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ പേസ് ബൗളറാണ് 38-കാരനായ ആന്‍ഡേഴ്‌സണ്‍. 17 വര്‍ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ ഇനി വിക്കറ്റ് വേട്ടയില്‍ ആന്‍ഡേഴ്‌സന്റെ മുന്നിലുള്ളത് സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും അനില്‍ കുംബ്ലെയുമാണ്.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ മികച്ച റെക്കോഡാണ് ആന്‍ഡേഴ്‌സണിനുള്ളത്. താരം വീഴ്ത്തിയ 600 വിക്കറ്റില്‍ 110ഉം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടേതാണ്.

104 തവണ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരേയും ആന്‍ഡേഴ്‌സണ്‍ പുറത്താക്കിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഏറ്റവും കൂടുതല്‍ തവണ ടെസ്റ്റില്‍ പുറത്താക്കിയതിന്റെ റെക്കോഡും ആന്‍ഡേഴ്‌സണിന്റെ പേരിലാണ്.

പരസ്പരം കളിച്ച 14 ടെസ്റ്റില്‍ 9 തവണയാണ് സച്ചിനെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കിയത്.

ഇംഗ്ലണ്ട് പിച്ചില്‍ 384 വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസര്‍മാരുടെ പട്ടികയില്‍ ഗ്ലെന്‍ മക്ഗ്രാത്തിനൊപ്പം രണ്ടാമതാണ് ഈ ഇംഗ്ലണ്ട് പേസര്‍.

29 തവണയാണ് ടെസ്റ്റില്‍ ഇരുവരും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ന്യൂസിലാന്റിന്റെ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയുടെ പേരിലാണ് ഈയിനത്തിലെ റെക്കോഡ്. 36 തവണയാണ് ഹാര്‍ഡ്‌ലി ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

563 വിക്കറ്റ് വീഴ്ത്തിയ ഗ്ലെന്‍ മക്ഗ്രാത്ത്, 519 വിക്കറ്റ് നേടിയ കോര്‍ട്‌നി വാല്‍ഷ്, 511 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ ആന്‍ഡേഴ്‌സണിന് പിറകിലുള്ള പേസര്‍മാര്‍.

അതേസമയം ഏറ്റവും കൂടുതല്‍ വിക്കറ്റുകളുടെ റെക്കോഡ് മുത്തയ്യ മുരളീധരന്റെ പേരിലാണ്. 800 വിക്കറ്റാണ് മുരളിയുടെ പേരിലുള്ളത്. ഷെയ്ന്‍ വോണ്‍ 708 വിക്കറ്റുമായി രണ്ടാമതും അനില്‍ കുംബ്ലെ 619 വിക്കറ്റുമായി മൂന്നാമതുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: James Anderson becomes 1st pacer to take 600 wickets in history of Test cricket

We use cookies to give you the best possible experience. Learn more