| Thursday, 15th May 2025, 10:29 am

ഇന്ത്യയെ വിലകുറച്ചുകാണാന്‍ നില്‍ക്കരുത്; വിരാടും രോഹിത്തും വിരമിച്ച ശേഷവും ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ആന്‍ഡേഴ്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടാണ് രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്.

തുടര്‍ച്ചയായ സീനിയര്‍ താരങ്ങളുടെ കൊഴിഞ്ഞുപോക്കിനാണ് ഇന്ത്യന്‍ ടെസ്റ്റ് ഫോര്‍മാറ്റ് സാക്ഷ്യം വഹിക്കുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ ആര്‍. അശ്വിനും ഇപ്പോള്‍ വിരാടും രോഹിത്തും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ഹമായ വിടവാങ്ങല്‍ മത്സരം പോലുമില്ലാതെയാണ് മൂവരും പടിയിറങ്ങിയിരിക്കുന്നത് എന്നതാണ് ആരാധകരെ നിരാശയിലേക്ക് തള്ളിയിടുന്ന മറ്റൊരു ഘടകം.

ഇപ്പോള്‍ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇരുവരും മികച്ച താരങ്ങളാണെന്നും രോഹിത്തിന്റെയും വിരാടിന്റെയും അഭാവം പരിഹരിക്കുക ഇന്ത്യയെ സംബന്ധിച്ച് ഏറെ വെല്ലുവിളിയാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ടോക്‌സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മികച്ച താരങ്ങള്‍. രോഹിത് ശര്‍മ വിരമിച്ചതിനാല്‍ തന്നെ ഇന്ത്യയ്ക്ക് മറ്റൊരു ക്യാപ്റ്റനുണ്ടാകും. വിരാട് കോഹ്‌ലി ടെസ്റ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. ഇരുവരുടെയും അഭാവം നികത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാകും. എന്നാല്‍ ഇന്ത്യയ്ക്ക് വളരെ മികച്ച സ്‌ക്വാഡ് സ്‌ട്രെങ്ത്താണുള്ളത്.

ഐ.പി.എല്‍ മാത്രം നോക്കൂ. ഐ.പി.എല്ലില്‍ നിന്നും ടെസ്റ്റിലേക്ക് വരുന്ന ബാറ്റര്‍മാര്‍ ഫിയര്‍ലെസ്, അഗ്രസ്സീവ്, അറ്റാക്കിങ് മനോഭാവത്തോടെയാണ് ബാറ്റ് വീശുന്നത്,’ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിച്ചുവെങ്കിലും ഇന്ത്യയെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഹോം കണ്ടിഷനിലല്ല കളിക്കുന്നതെങ്കില്‍ക്കൂടിയും ഇന്ത്യ ശക്തരായ എതിരാളികളായിരിക്കും. അവര്‍ ശക്തമായ ടീമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണ ഇന്ത്യ ഇംഗ്ലണ്ടിലെത്തി ടെസ്റ്റ് പരമ്പകള്‍ കളിച്ചു. ഇതില്‍ മൂന്ന് തവണ മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.

ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.

ഇത്തവണ കൈവിട്ട വിജയം തിരിച്ചുപിടിക്കാന്‍ തന്നെയാകും ഇന്ത്യ ഒരുങ്ങുന്നത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2025

ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.

രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.

Content Highlight: James Anderson about Rohit Sharma, Virat Kohli and India vs England test series

We use cookies to give you the best possible experience. Learn more