| Wednesday, 7th January 2015, 10:05 am

ഇമ്രാന്‍ ഖാന് മുന്‍ ഭാര്യയുടെ വിവാഹാശംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലണ്ടന്‍: ബി.ബി.സി മുന്‍ ചാനല്‍ അവതാരക റെഹ്മ ഖാനുമായുള്ള വിവാഹ ബന്ധം സ്ഥിരീകരിച്ച തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിനേതാവ് ഇമ്രാന്‍ ഖാന് മുന്‍ ഭാര്യയുടെ ആശംസ. ട്വിറ്ററിലൂടെയാണ് ഇമ്രാന്റെ ആദ്യ ഭാര്യയായ ജെമീമ ഗോള്‍ഡ് സ്മിത്ത് അദ്ദേഹത്തിന് ആശംസ അറിയിച്ചിരിക്കുന്നത്. ഇത് ഇമ്രാന്റെ ജീവിതത്തിലെ പുതിയ ഘട്ടമാണെന്നാണ് ജെമീമ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് താന്‍ രണ്ടാമതും വിവാഹിതനായ വിവരം ഇമ്രാന്‍ തന്റെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. 41 കാരിയായ റെഹ്മഖാന്‍ നിലവില്‍ പാക് ടെലിവിഷന്‍ ചാനലായ ഡോണിന്റെ അവതാരകയാണ്.

വീണ്ടും വിവാഹം കഴിക്കുന്നതിനുള്ള ഇമ്രാന്‍ ഖാന്റെ തീരുമാനത്തിനെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരിയായ അലീമ ഖാന്‍ വിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ നിഷേധിച്ചിരുന്നു. വാര്‍ത്തകള്‍ ഇമ്രാന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ പറഞ്ഞ് പരത്തുന്ന കുപ്രചരണങ്ങളാണെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

നേരത്തെ 1995ല്‍ ആയിരുന്നു ഇമ്രാനും ജമീമയും വിവാഹിതരായിരുന്നത്. ഒമ്പത് വര്‍ഷം നീണ്ട് നിന്ന ഇവരുടെ ദാമ്പത്യം 2004 ജൂണിലായിരുന്നു അവസാനിച്ചിരുന്നത്. പാകിസ്ഥാന്‍ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ പ്രയാസം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജമീമ വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നത്.

ഇംറാന്‍ ഖാന്‍  വീണ്ടും വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്ന്  തന്റെ പേരിനൊപ്പമുള്ള ഖാന്‍ എന്ന കുടുംബപ്പേര് ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ജമീമ വ്യക്തമാക്കിയിരുന്നു. ഒമ്പത് വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളാണുള്ളത്.

We use cookies to give you the best possible experience. Learn more