| Monday, 13th October 2025, 5:52 pm

അങ്ങനെയൊരു നിരാശയുള്ളില്‍ ഉണ്ടായി, അപ്പോഴാണ് രഞ്ജിത്തേട്ടന്റെ കോള്‍ വന്നത്: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരോ ചിത്രത്തിലും സംഗീതം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം ഊട്ടിയുറപ്പിക്കുകയാണ് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്. അടുത്തിടെ വന്ന തുടരും, നരിവേട്ട, ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര,ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിങ്ങനെ എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങള്‍ ഹിറ്റായിരുന്നു.

മോഹന്‍ലാലിന്റെ ഒരു സിനിമ ചെയ്തില്ലെന്നൊരു നിരാശയിലിരിക്കുമ്പോഴാണ് തുടരും തന്നെ തേടിയെത്തിയതെന്ന് ജേക്‌സ് പറയുന്നു.

‘ലാലേട്ടന്റെ സിനിമ ചെയ്യാന്‍ പറ്റിയില്ലെന്നൊരു നിരാശ ഉള്ളിലുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തരുണിന്റെ തുടരും സിനിമയുടെ അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നത്. അങ്ങോട്ട് കയറി ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിക്കാനാകില്ല. ‘ഓപ്പറേഷന്‍ ജാവ കഴിഞ്ഞുള്ള തരുണിന്റെ പടം സംഗീതം ചെയ്തത് ഞാനല്ല. എന്നെത്തന്നെ വിളിക്കുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ നിര്‍മാതാവ് രഞ്ജിത്തേട്ടന്‍വിളിച്ചു.

‘ഇങ്ങനെയൊരു പടമുണ്ട്, ചെയ്യാന്‍ താത്പര്യമുണ്ടോ?’ എന്ന് ചോദിച്ചപ്പോള്‍ ‘എപ്പം ചെയ്തൂന്ന് ചോദിച്ചാ മതീല്ലേ…’ എന്നാണ് ഞാന്‍ പറഞ്ഞത്. തരുണ്‍-ലാലേട്ടന്‍-ശോഭന പടം ഒരു ഡ്രാമയാവാനേ സാധ്യതയുള്ളൂ എന്നായിരുന്നു എന്റെ മനസില്‍. പക്ഷേ, കഥ കേട്ടപ്പോഴാണ് ഐറ്റം വേറെയാണെന്ന് മനസിലായത് എന്നിലര്‍പ്പിച്ച വിശ്വാസം തിരിച്ചുനല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷം,’ ജേക്‌സ് ബിജോയ് പറയുന്നു.

കെ ആര്‍ സുനിലിനൊപ്പം തിരക്കഥയെഴുതിയ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. രജപുത്ര വിഷ്വല്‍ മീഡിയയിലൂടെ എം.രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്. മോഹന്‍ലാലും ശോഭനയും കൂടാതെ പ്രകാശ് വര്‍മ്മ, തോമസ് മാത്യു, അമൃത വര്‍ഷിണി, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ , മണിയന്‍പിള്ള രാജു, ഇര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content highlight: jakes says he came to him when he was disappointed that he hadn’t done a Mohanlal film

We use cookies to give you the best possible experience. Learn more