| Thursday, 9th October 2025, 3:13 pm

അവിടെ വെച്ച് മനസിലുണ്ടായിരുന്ന ട്യൂണുകളെല്ലാം ഒരുമിപ്പിച്ച് പാട്ടുകളുണ്ടാക്കി; ശേഷം വിനീത് ശ്രീനിവാസനിലേക്ക് എത്തി: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരോ ചിത്രത്തിലും സംഗീതം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം ഊട്ടിയുറപ്പിക്കുകയാണ് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. അടുത്തിടെ വന്ന തുടരും, നരിവേട്ട, ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിങ്ങനെ എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങള്‍ ഹിറ്റായിരുന്നു.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംഗീത ജീവിതത്തിലേക്ക് കടന്നുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്. വീട്ടില്‍ അമ്മ മൂളിപ്പാട്ട് പാടുന്നത് കേട്ടാണ് താന്‍ വളര്‍ന്നതെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

‘അപ്പയ്ക്ക് ടെക്‌നിക്കല്‍ കാര്യങ്ങളോട് വളരെ താത്പര്യമായിരുന്നു. കുട്ടിക്കാലം തൊട്ടേ സംഗീത പഠനം തുടങ്ങി. യേര്‍ക്കാടിലെ മോണ്‍ ഫോര്‍ട്ട് ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് പിയാനോയും കമ്പോസിങ്ങുമെല്ലാം പഠിക്കുന്നത്. അന്നേ ട്യൂണുകള്‍ മനസിലുണ്ട്. എന്നാല്‍, അതെങ്ങനെ പാട്ടാക്കി മാറ്റണമെന്ന് അറിയില്ലായിരുന്നു. പഠിത്തം കഴിഞ്ഞ് എങ്ങനെയെങ്കിലും പാട്ടിലേക്ക് കയറണം എന്നതായിരുന്നു പ്ലാന്‍,’ ജേക്‌സ് പറയുന്നു.

ബിരുദം കൂടി പൂര്‍ത്തിയാക്കിയശേഷം പാട്ട് നോക്കാമെന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെന്നും അങ്ങനെ രാജഗിരി എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്ത് പറഞ്ഞു. അവിടെവച്ച് മനസിലുണ്ടായിരുന്ന ട്യൂണുകളെല്ലാം ഒരുമിപ്പിച്ച് സുഹൃത്തായ അര്‍ജുനൊപ്പം പാട്ടുകളുണ്ടാക്കിയെന്നും ശേഷം വിനീത് ശ്രീനിവാസനിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെയാണ് മലയാളി എന്ന ആല്‍ബം പിറക്കുന്നത്. ‘മിന്നലഴകേ മിന്നുമഴകേ’ തുടങ്ങി അതിലെ എല്ലാ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. 2022-ല്‍ 17 സിനിമ ചെയ്തിട്ടുണ്ട്. ഓരോ സിനിമയ്ക്കും കഴിവിന്റെ മാക്‌സിമം നല്‍കാനാണ് ശ്രമിക്കുന്നത്. ഏയ്ഞ്ചല്‍സിലെ ജേക്സില്‍ നിന്ന് ഇന്നിലേക്ക് എത്തുമ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കാന്‍ പറ്റുന്നുണ്ട്, ഇഷ്ടമുള്ള പാട്ടുകള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായി കാണുന്നു,’ ജേക്‌സ് പറയുന്നു.

Content highlight: Jakes Bejoy talks about his entry into music

We use cookies to give you the best possible experience. Learn more