| Tuesday, 30th December 2025, 8:57 am

14 ദിവസം കൊണ്ട് ആ സിനിമയിലെ മ്യൂസിക് കമ്പോസ് ചെയ്തു; ഏറ്റവും സമയം എടുത്ത് ചെയ്തത് മണ്‍സൂണ്‍ മാംഗോസ്: ജേക്‌സ് ബിജോയ്

ഐറിന്‍ മരിയ ആന്റണി

അക്ഷരാര്‍ത്ഥത്തില്‍ ജേക്‌സ് ബിജോയിസമായിരുന്നു 2025. നരിവേട്ട, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, തുടരും, ലോകഃ ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങി എല്ലാ ഹിറ്റ് ചിത്രങ്ങളുടെയും സംഗീതം സംവിധാനം ഒരാളായിരുന്നു.

എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ ജേക്‌സ് പിന്നീട് നിരവധി സിനിമകളില്‍ ഭാഗമായിരുന്നു. ഇപ്പോള്‍ ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ഓരോ സിനിമയ്ക്കായും മ്യൂസിക് കമ്പോസ് ചെയ്യാനെടുക്കുന്ന സമയത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘മണ്‍സൂണ്‍ മാംഗോസ്’ സിനിമയുടെ മ്യൂസിക് കമ്പോസ് ചെയ്യാനാണ് ഏറ്റവും കൂടുതല്‍ സമയം എടുത്തത്. തുടക്കത്തില്‍ ചെയ്യുന്ന സിനിമകള്‍ക്ക് എല്ലാം സമയം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒന്നും സമയമേ കിട്ടിയിട്ടില്ല. ലോകഃക്ക് എനിക്ക് ഒരു മൂന്ന് മാസം സമയം കിട്ടിയിരുന്നു. തുടരും ചെയ്യാന്‍ ശരിക്കും ഒന്നര മാസമേ ഉണ്ടായിരുന്നുള്ളു.

ജനുവരി ആദ്യമായിരുന്നു റിലീസ് പറഞ്ഞത്, പിന്നീട് അത് മാറ്റി വെച്ചപ്പോള്‍ മ്യൂസിക് ചെയ്യാന്‍ കുറച്ച് കൂടി സമയം കിട്ടി. അത് ആ സിനിമയെ നല്ലരീതിയില്‍ സഹായിച്ചിട്ടുണ്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചുരുങ്ങിയ സമയം കൊണ്ട് ചെയ്തതാണ്. പതിനാല് ദിവസത്തില്‍ അതിന്റെ മ്യൂസിക്ക് ചെയ്യാന്‍ കഴിഞ്ഞു,’ ജേക്‌സ് പറഞ്ഞു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ പാട്ടുകള്‍ കുറച്ച് നേരത്തെ ചെയ്തിരുന്നുവെന്നും ബാക്ക്ഗ്രൗണ്ട് സ്‌കോറും മറ്റും ഒരു പതിനാല് ദിവസത്തില്‍ തീര്‍ക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയുടെ പുറകില്‍ നമ്മള്‍ കുറച്ച് നാളായി വര്‍ക്ക് ചെയ്തിരുന്നുവെന്നും അതുകൊണ്ട് എങ്ങനെയാകണമെന്ന് കൃത്യമായി ധാരണയുണ്ടായിരുന്നുവെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ‘ഐ ആം ഗെയിം’ ആണ് ജേക്‌സിന്റേതായി വരാനിരിക്കുന്ന ചിത്രം. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓണം റിലീസായി തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമ നിര്‍മിക്കുന്നത്.

സ്പോര്‍ട്സ് ആക്ഷന്‍ ഴോണറില്‍ ഒരുങ്ങുന്ന ഐ ആം ഗെയിമില്‍ ആന്റണി വര്‍ഗീസ് പെപ്പെ, കയേദു ലോഹര്‍, മിഷ്‌കിന്‍, കതിര്‍, സാന്‍ഡി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Jakes Bejoy talking about the time it takes to compose music for each film

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more