അയ്യപ്പനും കോശിയും എന്ന സിനിമയെക്കുറിച്ചും ചിത്രത്തിലെ പാട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് ജേക്സ് ബിജോയി. പൃഥ്വിരാജാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തെക്കുറിച്ച് ആദ്യം തന്നോട് സംസാരിച്ചതെന്നും കഥ കേട്ടപ്പോൾ ഗംഭീര സിനിമയായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും ജേക്സ് പറയുന്നു.
തങ്ങളുടെ ജനറേഷനിലെ പത്മരാജനാണ് സച്ചിയെന്നും അട്ടപ്പാടിയിലെ ഗോത്ര ഗാനസംഘത്തെ സ്റ്റുഡിയോയിൽ എത്തിച്ച് ഒരുപാട് പാട്ടുകൾ റെക്കോർഡ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അവിടെ വെച്ച് നഞ്ചിയമ്മ ഒരുപാട്ട് പാടിയപ്പോൾ എല്ലാവരും നിശബ്ദരായെന്നും ആ പാട്ട് കേട്ട് സച്ചി കരഞ്ഞെന്നും ജേക്സ് കൂട്ടിച്ചേർത്തു. ആ പാട്ടാണ് പിന്നീട് കണ്ണമ്മയെ വിലങ്ങ് വെച്ച് കൊണ്ടുപോകുമ്പോൾ സ്കോറായി ഇട്ടതെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ജേക്സ് ബിജോയ്.
‘പൃഥ്വിയാണ് അയ്യപ്പനും കോശിയും എന്ന സിനിമയെക്കുറിച്ച് ആദ്യം എന്നോട് പറയുന്നത്. പിന്നീട് സച്ചിയേട്ടൻ കഥ കേൾക്കാൻ വിളിച്ചു. ഇതൊരു ഗംഭീരസിനിമയാകും എന്ന് മനസിലായി. എന്നാൽ, കൊമേഴ്ഷ്യലി ഇത്ര വലിയ വിജയമാകുമെന്ന് വിചാരിച്ചിരുന്നില്ല. സച്ചിയേട്ടനെന്ന ക്രാഫ്റ്റ്മാന്റെ അടയാളപ്പെടുത്തലായിരുന്നു ആ സിനിമ. ശരിക്കും നമ്മുടെ ജനറേഷനിലെ പത്മരാജനായിരുന്നു അദ്ദേഹം.
അട്ടപ്പാടിയിലെ ഗോത്ര ഗാനസംഘത്തെ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ഒരുപാട് പാട്ടുകൾ റെക്കോർഡ് ചെയ്തു. അവർക്കൊരു ലീഡ് ഗായികയുണ്ടായിരുന്നു, നഞ്ചിയമ്മ. അവരെ മാറ്റിനിർത്തി ഒറ്റയ്ക്ക് ഞാൻ കുറെ പാടിച്ചുനോക്കി. അതിൽ ‘ദൈവമകളേ’ എന്ന പാട്ട് അവർ പാടിയപ്പോൾ എല്ലാവരും നിശബ്ദരായി. ഞാൻ സച്ചിയേട്ടനെ വിളിച്ചു.
ഒരു മാജിക്കൽ സാധനം കിട്ടിയിട്ടുണ്ടന്നും പക്ഷേ സിനിമയിലെവിടെയും ഉപയോഗിക്കാനാവില്ലെന്നും പറഞ്ഞു. സച്ചിയേട്ടൻ വന്ന് പാട്ടുകേട്ട് വാവിട്ട് കരഞ്ഞു. എന്നിട്ട് പറഞ്ഞു ‘ഇതാടാ എന്റെ കണ്ണമ്മ. പൊലീസ് കണ്ണമ്മയെ വിലങ്ങുവെച്ച് കൊണ്ടുപോകുമ്പോൾ ഈ പാട്ട് നീ സ്കോറായി ഇടണം’ അതുപോലെ ഞാൻ ചെയ്തു. അത് ആ സീനിൻ്റെ മൂഡ് മാറ്റി,’ ജേക്സ് ബിജോയ് പറയുന്നു.
Content Highlight: Jakes Bejoy Talking about Ayyappanum Koshiyum Cinema