| Wednesday, 23rd July 2025, 11:48 am

തുടരും പോലെയൊരു മെഗാ ഹിറ്റ് ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പരിചിതനായ സംഗീത സംവിധായകനാണ് ജേക്‌സ് ബിജോയ്. അയ്യപ്പനും കോശിയും, കടുവ, ഓപ്പറേഷന്‍ ജാവ എന്നിങ്ങനെ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ തുടരും സിനിമയുടെ സംഗീതം നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു.

ഇപ്പോള്‍ തുടരും പോലയൊരു ഹിറ്റ് തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ജേക്‌സ് ബിജോയ് പറയുന്നു. താന്‍ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും എന്നാല്‍ തുടരും സമ്മാനിച്ചത് ഇതുവരെയില്ലാത്ത ഒരു അനുഭവമാണെന്നും അദ്ദേഹം പറയുന്നു.
തുടരും എന്ന സിനിമയ്ക്ക് ആളുകളില്‍ നിന്ന് ലഭിച്ച സ്നേഹം വിജയത്തെ സ്പെഷ്യലാക്കി മാറ്റിയെന്നും മോഹന്‍ലാലിന്റെ സിനിമ ഹിറ്റടിച്ചാല്‍ അതിന്റെ ഗുണം ആ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ലഭിക്കുമെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് നാളത്തെ കഷ്ടപ്പാടുകള്‍ക്ക് കാലം കാത്തുവെച്ച സമ്മാനം പോലൊരു സമയം. തുടരും പോലെയൊരു മെഗാ ഹിറ്റ് മലയാളത്തില്‍ ഇതുവരെ കിട്ടിയിട്ടുണ്ടായിരുന്നില്ല. അയ്യപ്പനും കോശിയും, ജനഗണമന, കടുവ, പൊറിഞ്ചുമറിയം ജോസ്, ഫൊറന്‍സിക്, ഓപ്പറേഷന്‍ ജാവ തുടങ്ങി ഹിറ്റുകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍, മലയാളത്തില്‍ തുടരും പോലൊരു വിജയം ഇതുവരെയില്ലാത്ത അനുഭവമായിരുന്നു.

അതിനുശേഷം നാട്ടില്‍ പോയപ്പോള്‍ ആള്‍ക്കാരില്‍നിന്ന് ലഭിച്ച സ്‌നേഹം ഈ വിജയത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു. മലയാളിക്ക് മോഹന്‍ലാല്‍ ഒരു വികാരമാണ്. അദ്ദേഹത്തിന്റെ സിനിമ ഹിറ്റടിച്ചാല്‍ അതിന്റെ ഗുണം ആ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ലഭിക്കും. ഒരു ടെക്‌നീഷ്യനെ സംബന്ധിച്ച് ഹിറ്റ് സിനിമ വലിയൊരു ഊര്‍ജം തരും. കുറച്ച് നാളായി ആ ഊര്‍ജം എനിക്ക് മിസ്സിങ്ങായിരുന്നു. അവസാനം മൂന്ന് വിജയങ്ങള്‍ ഒരുമിച്ചുവന്നു,’ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bejoy says he hasn’t had a hit like thudarum

We use cookies to give you the best possible experience. Learn more