| Sunday, 5th October 2025, 1:03 pm

ലോക കണ്ടപ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള സിനിമയാണെന്ന് തോന്നി; മ്യൂസിക് ഐഡന്റിറ്റി ഉണ്ടാക്കാന്‍ ഒരുമാസത്തോളം മുന്നൊരുക്കം നടത്തി: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോക ആദ്യം കണ്ടപ്പോള്‍ തന്നെ ഇതൊരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമയാണെന്ന് തനിക്ക് തോന്നിയെന്ന് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ വിജയത്തില്‍ ജേകസിന്റെ മ്യൂസിക്കും ഒരു വലിയ പങ്ക് വഹിച്ചിരുന്നുവെന്ന് നിസംശയം പറയാം. ചിത്രത്തിന്റെ സംഗീതം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉര്‍ത്തിയിരുന്നു.

ഇപ്പോള്‍ സിനിമയുടെ വിജയം നല്‍കിയ സന്തോഷങ്ങള്‍ പങ്കുവെക്കുകയാണ് ജേക്‌സ് ബിജോയ്. തുടരും, നരിവേട്ട എന്നീ സിനിമകള്‍ ചെയ്തു നില്‍ക്കുന്ന സമയത്താണ് ലോക തന്നിലേക്ക് വരുന്നതെന്നും ഇതിനൊരു മ്യൂസിക് ഐഡന്റിറ്റി ഉണ്ടാക്കാനായി ഒരുമാസത്തോളം താന്‍ മുന്നൊരുക്കം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഗാനരചയിതാവ് ഹരിനാരായണനോട് പറഞ്ഞ് ഞങ്ങള്‍ പ്രത്യേക ഒരുഭാഷ തന്നെ സിനിമയില്‍ പശ്ചാത്തലത്തില്‍ വരുന്ന ഗോത്ര സമാനമായ സംഗീതത്തിന് വേണ്ടി ഉണ്ടാക്കി. ‘മൊഴിഗ എന്നാണ് ആ ഭാഷയ്ക്ക് നല്‍കിയ പേര്. പിന്നെ ഈ സിനിമയുടെ സംവിധാകനായാലും നിര്‍മാതാവായാലും സമ്മര്‍ദ്ദങ്ങളൊന്നും തരാതെ വര്‍ക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. അതുകൂടി കൊണ്ടാണ് ഇത്ര നല്ല രീതിയില്‍ സംഗീതം ചെയ്യാനായതും,’ ജേക്‌സ് പറയുന്നു.

ഒരുപാട് നാളത്തെ കഷ്ടപ്പാടുകള്‍ക്ക് കാലം കാത്തുവെച്ച സമ്മാനം പോലൊരു സമയമാണ് ഇതെന്നും അടുത്തടത്ത് രണ്ട് വലിയ മെഗാഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചുവെന്നും ജേക്‌സ് പറഞ്ഞു. ഇങ്ങനെയൊരു വിജയം മലയാളത്തില്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയ്യപ്പനും കോശിയും, ജനഗണമന, കടുവ, പൊറിഞ്ചുമറിയം ജോസ്, ഫൊറന്‍സിക്, ഓപ്പറേഷന്‍ ജാവ തുടങ്ങി ഹിറ്റുകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍, മലയാളത്തില്‍ ലോകയും തുടരും പോലെയുള്ള വിജയം ഇതുവരെയില്ലാത്ത അനുഭവമായിരുന്നു. ഇപ്പോള്‍ എവിടെപോയാലും ആള്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സ്‌നേഹം ഈ വിജയത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു,’ ജേക്‌സ് പറഞ്ഞു.

Content highlight: Jakes Bejoy said that when he first saw the film lokah  he felt that it was an international standard

We use cookies to give you the best possible experience. Learn more