| Saturday, 17th October 2026, 12:46 pm

ഏകദിനത്തില്‍ 14 പന്തില്‍ 50! എന്നിട്ടും ഒന്നാമന്‍ വൈഭവ് തന്നെ; ചരിത്രനേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം

ആദർശ് എം.കെ.

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഒരു ഓസ്‌ട്രേലിയ താരത്തിന്റെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയുമായി ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക്. ഓസ്‌ട്രേലിയ വണ്‍ ഡേ കപ്പില്‍ സൗത്ത് ഓസ്‌ട്രേലിയ്ക്ക് വേണ്ടി ക്യൂന്‍സ്‌ലാന്‍ഡിനെതിരെയാണ് മക്ഗൂര്‍ക് ചരിത്ര നേട്ടത്തിലെത്തിയത്.

മത്സരത്തില്‍ 63 പന്ത് നേരിട്ട് 122 റണ്‍സടിച്ച താരം നേരിട്ട 14ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഓസ്‌ട്രേലിയ വണ്‍ ഡേ കപ്പ് ചരിത്രത്തിലെയും ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണിത്.

14 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ചിട്ടും ഏറ്റവും വേഗത്തില്‍ ലിസ്റ്റ് എ ഫിഫ്റ്റ് പൂര്‍ത്തിയാക്കിയ താരങ്ങളില്‍ ഒന്നാമനാകാന്‍ മക്ഗൂര്‍ക്കിന് സാധിച്ചിട്ടില്ല. ഈ നേട്ടത്തില്‍ നാലാം സ്ഥാനം പങ്കിടുകയാണ് ഓസ്‌ട്രേലിയന്‍ യുവതാരം.

ജേക് ഫ്രേസര്‍ മക്ഗൂര്‍ക്

11 പന്തില്‍ ലിസ്റ്റ് എ ഹാഫ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയാണ് ഈ റെക്കോഡിലൊന്നാമന്‍. ഈ വര്‍ഷമാദ്യം ശ്രീലങ്ക എയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം.

വൈഭവ് സൂര്യവംശി

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറിയ്ക്കായി വേണ്ടി വന്ന പന്തുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

വൈഭവ് സൂര്യവംശി – ഇന്ത്യ എ – ശ്രീലങ്ക എ – 11 – ദാംബുള്ള – 2026

കൗശല്യ വീരരത്‌നെ – രാഗമ സി.സി – കുറുനാഗല്‍ – 12 – കൊളംബോ – 2005-06

തിസര പെരേര – എസ്.എല്‍. ആര്‍മി – ബ്ലൂംഫീല്‍ഡ് – 13 – പനംഗോഡ – 2020-21

റോറി ക്ലീന്‍വെല്‍ഡ് – വെസ്‌റ്റേണ്‍ പ്രൊവിന്‍സ് – ക്വാസുലു-നേറ്റല്‍ – 14 – ഡര്‍ബന്‍ – 2010-11

ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – സൗത്ത് ഓസ്‌ട്രേലിയ – ക്യൂന്‍സ്‌ലാന്‍ഡ് – 14 – അഡ്‌ലെയ്ഡ് – 2026-27*

അതേസമയം, മത്സരത്തില്‍ സൗത്ത് ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 397 റണ്‍സ് സ്വന്തമാക്കി. മക്ഗൂര്‍ക് ഒമ്പത് സിക്‌സറും പത്ത് ഫോറും അടക്കം 193.65 സ്‌ട്രൈക് റേറ്റിലാണ് സ്‌കോര്‍ ചെയ്തത്.

മക്ഗൂര്‍ക്കിന് പുറമെ നായകന്‍ നഥാന്‍ മക്‌സ്വീനിയും സെഞ്ച്വറിയടിച്ചു. 103 പന്തില്‍ 106 റണ്‍സുമായാണ് മക്‌സ്വീനി തിളങ്ങിയത്.

58 റണ്‍സടിച്ച ജേക് ലെമാനും 46 റണ്‍സടിച്ച മക്കെന്‍സി ഹാര്‍വി എന്നിവരാണ് സൗത്ത് ഓസ്‌ട്രേലിയക്കായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

അതേസമയം, 399 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യൂന്‍സ്‌ലാന്‍ഡ് 39 ഓവര്‍ പിന്നിടുമ്പോള്‍ 262 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്.

Content Highlight: Jake Fraser-McGurk has scored the fastest half-century by an Australian player in the List A format.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more