| Wednesday, 7th May 2025, 1:44 pm

ഓപ്പറേഷൻ സിന്ദൂരിൽ 10 കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്‌ഷെ തലവൻ; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ തന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പറഞ്ഞതായി ബി.ബി.സി ഉറുദു റിപ്പോർട്ട്. ഇന്ന് പുലർച്ചെ 1.05 ന് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ജെയ്‌ഷെ, ലഷ്‌കർ-ഇ-ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ച് തകർത്തിരുന്നു.

പഹൽഗാം ആക്രമണത്തിന് പകരമായായിരുന്നു ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തിൽ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ മാത്രമാണ്. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്.

കൊല്ലപ്പെട്ടവരിൽ തന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവൾ, കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവർ ഉൾപ്പെടുന്നതായി ജെയ്‌ഷെ മുഹമ്മദ് മേധാവി പറഞ്ഞു. ആക്രമണത്തിൽ അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അനുയായികളും കൊല്ലപ്പെട്ടുവെന്നും പ്രസ്താവനയിൽ പറയുന്നു.

ജെയ്‌ഷെ മുഹമ്മദിന്റെ മറ്റൊരു ശക്തികേന്ദ്രമായ മുരിദ്‌കെയിലെ മസ്ജിദ് വാ മർകസ് തൈബ എന്ന മറ്റൊരു പള്ളിയിലും ആക്രമണം നടന്നു. ബഹാവൽപൂരിലും മുരിദ്‌കെയിലും ഇന്ത്യൻ ആക്രമണങ്ങളിൽ ഏകദേശം 30 ഭീകരർ വീതം കൊല്ലപ്പെട്ടു. മറ്റ് സ്ഥലങ്ങളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉദ്യോഗസ്ഥർ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. 70 നും 80 നും ഇടയിൽ ഭീകരർ കൊല്ലപ്പെട്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കൃത്യമായ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുമ്പുതന്നെ ഇന്ത്യ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുണ്ടായി.

Content Highlight: Jaish chief says 10 family members and 4 aides killed in Operation Sindoor; report

We use cookies to give you the best possible experience. Learn more