ന്യൂദല്‍ഹി: ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന് ആയുധങ്ങള്‍ ഉള്‍പ്പെടെ നല്‍കി സഹായിച്ചതിന് പിന്നാലെയാണ് ചൈനീസ് മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനമെന്ന് ജയറാം രമേശ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.
ചൈന പാകിസ്ഥാന് ആയുധ സംവിധാനങ്ങളും തത്സമയ ഇന്റലിജന്റ്സ് അപ്‌ഡേറ്റുകളും നല്‍കിയിട്ട് മൂന്ന് മാസം മാത്രമേ പിന്നിട്ടിട്ടുള്ളുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
‘മൂന്ന് മാസം മുമ്പ് ഓപ്പറേഷന്‍ സിന്ദൂരില്‍ ചൈന പാകിസ്ഥാന് പൂര്‍ണമായ സൈനിക പിന്തുണ നല്‍കി. ജെ-10സി ഫൈറ്റര്‍, പി.എല്‍-15 എയര്‍-ടു-എയര്‍ മിസൈല്‍, മറ്റു വിവിധതരം മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയ ആയുധ സംവിധാനങ്ങള്‍ നല്‍കി,’ കോണ്‍ഗ്രസ് എം.പി പറഞ്ഞു.
ഗാല്‍വാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് നല്‍കിയ ക്ലീന്‍ ചിറ്റിന് ഇന്ത്യ വലിയ വിലയാണ് നല്‍കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുകയായിരുന്നു.
എന്നാല്‍ നരേന്ദ്ര മോദി ചൈനയ്ക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് ഗാല്‍വാന്‍ ഏറ്റുമുട്ടലിനിടെ മരണപ്പെട്ട ഇന്ത്യന്‍ സൈനികരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജയറാം രമേശ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യക്കെതിരെ പോരാടിയ എതിരാളികളില്‍ ഒന്നാണ് ചൈനയെന്നും വിമര്‍ശനമുണ്ട്.
‘2025 ജൂലൈ നാലിന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ ആര്‍. സിങ് നടത്തിയ പ്രസ്താവിച്ചത് ഇങ്ങനെയാണ്… ‘ഇന്ത്യക്കെതിരെ ചൈന പാകിസ്ഥാന് തത്സമയ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയിരുന്നു’ എന്ന്,’ ജയറാം രമേശ് ഓര്‍മിപ്പിച്ചു.
യാര്‍ലുങ് സാങ്പോ നദിയിയിലെ ചൈനയുടെ അണക്കെട്ട് നിര്‍മാണത്തെയും ജയറാം രമേശ് വിമര്‍ശിച്ചു. ചൈന 60 ജിഗാവാട്ട് മെഡോഗ് അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചുവെന്നും ഇത് ഇന്ത്യയ്ക്ക് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ന് (ഓഗസ്റ്റ് 18) ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയിലെത്തുമെന്നാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായിവാങ് യി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നതില്‍ വ്യക്തതയില്ല.
Content Highlight: Ahead of Chinese foreign minister’s arrival, jairam ramesh flags Beijing’s support to Pakistan during Operation Sindoor