ബ്രസീലിയ: ജുഡീഷ്യല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. 2022ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ബോള്‍സോനാരോയെ വീട്ടുതടങ്കലിലാക്കിയത്. നിലവില്‍ മുന്‍ പ്രസിഡന്റിന്റെ കുടുംബം വീട്ടുതടങ്കല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. ബോള്‍സൊനാരോ ജുഡീഷ്യല്‍ നിയന്ത്രണ ഉത്തരവുകള്‍ ലംഘിച്ചെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടര്‍ ഡി മൊറായിസ് പറഞ്ഞു. ബോള്‍സൊനാരോക്കെതിരായ കേസ് പരിഗണിച്ചതിന് യു.എസിന്റെ ഉപരോധം നേരിടുന്ന ജഡ്ജിയാണ് മൊറായിസ്.
നിരോധനം ലംഘിച്ച് തന്റെ മൂന്ന് മക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ബോള്‍സൊനാരോ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ജസ്റ്റിസ് മൊറായിസ് ചൂണ്ടിക്കാട്ടി.
ഇടത് നേതാവായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2022ലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടെയാണ് ബോള്‍സോനാരോക്കെതിരായ കോടതിയുടെ പുതിയ ഉത്തരവ്.
അഭിഭാഷകരും കോടതിയുമായി ബന്ധപ്പെട്ടവരുമായി മാത്രമേ ബോള്‍സോനാരോയ്ക്ക് കൂടിക്കാഴ്ചക്ക് അനുവാദമുള്ളൂ. കൂടാതെ മൂന്നാം കക്ഷിയുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കും ബോള്‍സോനാരോയ്ക്ക് ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുക.
ബ്രസീലില്‍ 12 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് രാഷ്ട്രീയ അട്ടിമറി. നിലവില്‍ ബോള്‍സോനാരോക്കെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടര്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബോള്‍സോനാരോയെ അനുകൂലിച്ച് ബ്രസീലില്‍ ഒരു ഐക്യദാര്‍ഢ്യ റാലി നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീം കോടതി വീട്ടുതടങ്കലിന് ഉത്തരവിട്ടത്.
അതേസമയം ട്രംപ് അനുകൂലിയായ ബോള്‍സോനാരോക്കെതിരെ വാറണ്ടുകളും നിരോധന ഉത്തരവുകളും പുറപ്പെടുവിച്ചതിനാണ് യു.എസ് വിസ നിയന്ത്രണം അടക്കമുള്ള ഉപരോധം ഏര്‍പ്പെടുത്തിയത്.
ബോള്‍സോനാരോയുടെ പേരില്‍ ഇതാദ്യമായല്ല യു.എസ് ബ്രസീലിനെതിരെ നടപടി എടുക്കുന്നത്. ബൊള്‍സൊനാരോക്കെതിരെ ബ്രസീല്‍ ഭരണകൂടം നടത്തുന്ന നിയമനടപടികള്‍ അന്യായമാണെന്നും വേട്ടയാടലിന് തുല്യമാണെന്നും പറഞ്ഞ്, ബ്രിസീലിന് മേല്‍ ട്രംപ് 50 ശതമാനം താരിഫ് ചുമത്തിയിരുന്നു.
നിലവിലെ ഭരണകൂടത്തിന്റെ ഗുരുതരമായ അനീതികള്‍ തിരുത്തുന്നതിന് 50% താരിഫ് അനിവാര്യമാണെന്നും യു.എസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബ്രസീല്‍ നിയമവിരുദ്ധവുമായ സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു.
Content Highlight: Former Brazilian President Jair Bolsonaro under house arrest