| Friday, 20th January 2012, 11:21 am

റുഷ്ദിയുടെ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍: ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിന് ഇന്ന് തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: സല്‍മാന്‍ റുഷ്ദിയുടെ പങ്കാളിത്തത്തെ തുടര്‍ന്ന് വിവാദമായ ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിന് ഇന്ന് തുടക്കം. മുസ്‌ലിം വികാരം വ്രണപ്പെടുത്തിയ റുഷ്ദിയെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നാണ് മുസ്‌ലിം മതമൗലികവാദികളുടെ വാദം. ദയൂബന്ദ് ദാറുല്‍ ഉലൂം അധികൃതരാണ് റുഷ്ദിയുടെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയത്.

റുഷ്ദിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുകയോ തടയുകയോ ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം റുഷ്ദിയുടെ സന്ദര്‍ശനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ലിറ്റററി ഫെസ്റ്റ് വേദിയിലും പ്രധാന ചര്‍ച്ചാ വിഷയം റുഷ്ദിയുടെ സന്ദര്‍ശനം തന്നെയാണ്. റുഷ്ദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം ലോകപ്രശസ്ത എഴുത്തുകാരനാണെന്നും തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ വ്യക്തമാക്കി.

” ഫെസ്റ്റിലെ ഒരു സെഷനില്‍ എനിക്കൊപ്പം അദ്ദേഹം പങ്കെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ആ സെഷന്റെ തീയ്യതി പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല. എല്ലാം അദ്ദേഹത്തിന്റെ വരവിനെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ എല്ലാ വര്‍ഷവും ഞാന്‍ ജയ്പൂര്‍ ലിറ്റററി ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. വലിയൊരു അനുഭവമാണിത്”- തേജ്പാല്‍ വ്യക്തമാക്കി.

1989ല്‍ പ്രസിദ്ധീകരിച്ച റുഷ്ദിയുടെ “സാത്താനിക്ക് വേഴ്‌സസ്” എന്ന പുസ്തകമാണ് മുസ്‌ലിം മതമൗലികവാദികളുടെ വിമര്‍ശനത്തിനിടയാക്കിയത്. റുഷ്ദിയെ വധിക്കണമെന്ന ഇറാന്‍ ആത്മീയ നേതാവ് പുറപ്പെടുവിച്ച ഫത്‌വ 1998ല്‍ മയപ്പെടുത്തിയെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ല.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more