വലിയ പ്രതീക്ഷയോടെ കഴിഞ്ഞ മാസം പകുതിയോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍ 2. 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണം തിയേറ്ററുകളില്‍ നിന്നും ലഭിച്ചതോടെ ബോക്‌സ് ഓഫീസിന് തീ പിടിക്കുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. ഇതോടെ റെക്കോഡുകള്‍ ഓരോന്നോരോന്നായി രജിനി തന്റെ പേരിലാക്കിയിരുന്നു.
ജയിലര്‍ 2. Photo: X.com
ലിയോയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ഏഴ് ദിവസത്തിനുള്ളിലായിരുന്നു ആഗോളതലത്തില്‍ കളക്ഷന്‍ 500 കോടി പിന്നിട്ടത്. ഇതോടെ തമിഴില്‍ നിന്നും ആയിരം കോടി നേടുന്ന ആദ്യ ചിത്രമായി ജയിലര്‍ 2 മാറുമെന്ന് പലരും പ്രവചിക്കുകയും ചെയ്തിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളില്‍ തമിഴിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രജിനിയുടെ തന്നെ 2.0 യുടെ റെക്കോഡ് 700 കോടിയിലധികം നേടി ജയിലര്‍ 2 തകര്‍ക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം എണ്ണൂറ് കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും 1000 കോടിയെന്ന നേട്ടത്തിലേക്കെത്തുക പ്രയാസമായിരിക്കും എന്നാണ് പലരും വിലയിരുത്തുന്നത്.
തമിഴ്‌നാട് ബോക്‌സ് ഓഫീസിലടക്കം ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചതോടെയാണ് ചിത്രത്തിന് ഈ മാര്‍ക്ക് പിന്നിടാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. എന്നാല്‍ ജയിലര്‍ 2 മികച്ച അന്തരീക്ഷമാണ് അടുത്തയാഴ്ച വരാനിരിക്കുന്ന സീനിന് ഒരുക്കി കൊടുത്തിരിക്കുന്നത്. ദീപാവലി റിലീസായെത്തുന്ന സൂര്യ ചിത്രം വലിയ ഹൈപ്പാണ് ഇതിനോടകം ട്രെയ്‌ലറുകളിലൂടെയും ടീസറുകളിലൂടെയും സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
Photo: X.com
ആദ്യ ദിനത്തില്‍ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായാല്‍ ഫെസ്റ്റിവല്‍ സീസണ്‍ കണക്കിലെടുത്ത് ചിത്രത്തിന് വലിയ കളക്ഷന്‍ നേടാന്‍ സാധിച്ചേക്കും. സംവിധായകനടക്കം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മലയാളികളായതിനാല്‍ കേരളത്തിലും നൂറ് കോടിയോ അതിന് മുകളിലോ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ തെലുങ്ക്, കന്നഡ ബോക്‌സ് ഓഫീസിലും നോര്‍ത്തിലും ചിത്രത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം രാമായണ ആയിരിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പ്രത്യേകതയില്‍ ഒരുങ്ങുന്ന രാമായണ നവംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.
Content Highlight: Jailer 2 will not get 1000 crore from box office and Scene has high hope for a good collection