ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് വിദ്യ ബാലൻ. പരിണീത എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലേക്ക് അരങ്ങേറിയത്. പിന്നീട് വളരെ പെട്ടെന്നാണ് വിദ്യ ഇൻഡസ്ട്രിയുടെ മുൻനിരയിലേക്കുയർന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡും ഏഴ് ഫിലിംഫെയർ അവാർഡും വളരെ ചെറിയ സമയം കൊണ്ട് വിദ്യ തന്റെ പേരിലാക്കിയിട്ടുണ്ട്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ന്റെ ക്യാരക്ടർ അപ്‌ഡേറ്റുകൾ ഓരോന്നായി പുറത്തുവരികയാണ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ദിലീപ് എന്ന കഥാപാത്രമായെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ എസ്.ജെ സൂര്യയുടെ കാരക്ടർ പോസ്റ്റും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നടി വിദ്യ ബാലന്റെ കഥാപാത്രത്തെയും പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘കാന്ത’ എന്നാണ് ചിത്രത്തിൽ വിദ്യ ബാലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ജയിലർ 2, Photo. Screen Grab/ Youtube.com
കിടിലൻ ലുക്കിലും ബോൾഡ് ഭാവത്തിലുമാണ് വിദ്യ ബാലനെ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ സിഗരറ്റുമായി തമിഴിൽ ഡയലോഗ് പറയുന്ന താരത്തിന്റെ കഥാപാത്ര വീഡിയോ ഇതിനോടകം ശ്രദ്ധ നേടുകയാണ്. ‘ഇങ്കെ വന്തിട്ട് നാങ്കെ സൊൾറത് കേൾകാമല്ല പോക്കേ മുടിയാത്’ എന്നാണ് വീഡിയോയിൽ വിദ്യ പറയുന്നത്. കഥാപാത്രത്തിന്റെ സ്വാഗും സംഭാഷണത്തിലെ മാസും തന്നെയാണ് വീഡിയോയിലെ പ്രധാന ആകർഷണം.
‘ജയിലർ 2’യിൽ വിദ്യ ബാലൻ അവതരിപ്പിക്കുന്നത് ശക്തമായ ഒരു സ്ത്രീ കഥാപാത്രമായിരിക്കുമെന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്. രജനികാന്തിനെ നായകനാക്കി നെൽസൺ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റുകളും വീഡിയോകളും ഒന്നിന് പിന്നാലെ ഒന്നായി പുറത്തുവരുന്നതിനിടെ വിദ്യയുടെ ‘കാന്ത’യും ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
ജയിലർ 2, Photo. IMDb
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യ ബാലൻ, സുരാജ് വെഞ്ഞാറമൂട്,മോഹൻലാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വമ്പൻ താരനിരയുമായി എത്തുന്ന ചിത്രം ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തും.
Content Highlight: ‘Jailer 2’: Vidya Balan’s Kantha character poster revealed