| Tuesday, 29th September 2026, 8:38 pm

മൂന്നര മിനിറ്റ് പാട്ട്.... ലാസ്റ്റ് 30 സെക്കന്‍ഡ് അനിരുദ്ധ് കത്തിച്ചു; ഹുക്കുമിനെ ഓര്‍മിപ്പിച്ച് ജയിലര്‍ 2ലെ വണ്‍ നെയിം

അമര്‍നാഥ് എം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജിനികാന്തും നെല്‍സണും വീണ്ടും ഒന്നിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. ബീസ്റ്റ് എന്ന ട്രോള്‍ മെറ്റീരിയലിന് ശേഷം നെല്‍സണും അണ്ണാത്തേക്ക് ശേഷം രജിനിയും വമ്പന്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ജയിലര്‍.

മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആദ്യഭാഗത്തെക്കാള്‍ ശക്തരായ വില്ലന്മാരെയാണ് മുത്തുവേല്‍ പാണ്ഡ്യന് ഇത്തവണ നേരിടാനുള്ളതെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. ആദ്യഭാഗത്തിലേത് പോലെ അനിരുദ്ധിന്റെ മ്യൂസിക്ക് ഇത്തവണയും തിയേറ്ററുകള്‍ക്ക് തീയിടുമെന്ന് ഉറപ്പാണ്.

റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്ത ടീസറില്‍ പലരും ശ്രദ്ധിച്ചത് അനിരുദ്ധിന്റെ ബി.ജി.എമ്മാണ്. ആദ്യഭാഗത്തിലെ ‘ഹുക്കും’ എന്ന പാട്ടിനോട് സാമ്യതയുള്ള ബീറ്റ് വലിയരീതിയില്‍ ചര്‍ച്ചയായി. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനം റിലീസായിരിക്കുകയാണ്. ടീസറില്‍ കേട്ട ബി.ജി.എമ്മിന്റെ എക്‌സ്റ്റന്‍ഡഡ് വേര്‍ഷനാണ് ഈ പാട്ട്.

റോക്ക് ടച്ചും കുറച്ച് റാപ്പും ചേര്‍ത്ത് ഒരുക്കിയ ‘വണ്‍ നെയിം’ എന്ന് പേരിട്ടിരിക്കുന്ന പാട്ട് ഇതിനോടകം സോഷ്യല്‍ മീഡിയക്ക് തീയിട്ടിരിക്കുകയാണ്. രജിനി എന്ന താരത്തിന്റെ ഓറയ്ക്ക് ചേര്‍ന്ന പാട്ടാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ അവസാന 30 സെക്കന്‍ഡ് ആവേശം ഇരട്ടിയാക്കി. പുതിയ പാട്ടിലെ വരികളും ‘ഹുക്കു’മിലെ ‘ഉന്‍ അലമ്പ് പാത്തവന്‍’ എന്ന പോര്‍ഷന്‍ മിക്‌സ് ചെയ്തതാണ് ആരാധകരെ ആവേശത്തിലാക്കിയത്.

‘ഹുക്കും’ പോലെ കൃത്യമായി പ്ലെയ്‌സ് ചെയ്യുകയാണെങ്കില്‍ സിനിമാപ്രേമികള്‍ക്ക് മറക്കാനാകാത്ത എക്‌സ്പീരിയന്‍സ് ലഭിക്കുമെന്നും കമന്റുകളുണ്ട്. ജയിലറിന്റെ ഹൈപ്പിന് ‘ഹുക്കും’ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ലായിരുന്നു. സൂപ്പര്‍ സുബ്ബു എന്ന ഫാന്‍ബോയ് ഇഷ്ടനടന് നല്‍കിയ ഏറ്റവും വലിയ ട്രിബ്യൂട്ടാണ് ഈ പാട്ടിലെ വരികള്‍. രണ്ടാം ഭാഗത്തിലും ഇതേ ഫയര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സമീപകാലത്ത് ഓഡിയോ ലോഞ്ചില്ലാതെ തിയേറ്ററുകളിലെത്തുന്ന രജിനി ചിത്രം കൂടിയാണ് ജയിലര്‍ 2. ഓഡിയോ ലോഞ്ചിന് പകരം പാട്ടുകള്‍ റിലീസ് ചെയ്യാന്‍ ജയിലര്‍ 2 റേവ് എന്ന പരിപാടി നിര്‍മാതാക്കള്‍ സംഘടിപ്പിക്കുന്നുണ്ട്. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവില്‍ തകരുമോ എന്നറിയാന്‍ ഒക്ടോബര്‍ 15 വരെ കാത്തിരിക്കണം.

Content Highlight: Jailer 2 new song out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more