| Thursday, 15th October 2026, 2:06 pm

ഇന്നെക്കും എന്നൈക്കും ഒരു തലൈവന്‍ താന്‍

അമര്‍നാഥ് എം.

റിട്ടയര്‍മെന്റിന് ശേഷം ഭാര്യയും മകനും കൊച്ചുമകനുമൊക്കെയായുള്ള സാധാരണ ജീവിതം നയിക്കുന്ന മുത്തുവേല്‍ പാണ്ഡ്യന്റെ ജീവിതത്തിലേക്ക് നൊട്ടോറിയസായിട്ടുള്ള ഒരു ഗ്യാങ്‌സ്റ്റര്‍ കടന്നുവരുന്നതും പിന്നീട് അയാളുടെ വിശ്വരൂപം പുറത്തെടുക്കുന്നതും കണ്ട് സിനിമാലോകം അന്തം വിട്ടിരുന്നു. പൊലീസുകാരന്റെ അച്ഛനില്‍ നിന്ന് ഇന്ത്യയിലെ സകല റൗഡികളെയും പേടിപ്പിച്ചിരുന്ന ജയിലറായി സൂപ്പര്‍സ്റ്റാര്‍ നിറഞ്ഞാടിയത് ആരാധകര്‍ ആഘോഷമാക്കി. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ വീണ്ടും വന്നിരിക്കുകയാണ്.

സ്വന്തം കുടുംബത്തെ ഒരേസമയം സുരക്ഷിതരാക്കുകയും അതിനൊപ്പം വര്‍മന് മുകളിലുള്ളവരെ തേടിപ്പിടിച്ച് വേട്ടയാടുകയും ചെയ്യുന്ന കഥയാണ് രണ്ടാം ഭാഗത്തില്‍. ആദ്യഭാഗം മാസാണെങ്കില്‍ രണ്ടാം ഭാഗം അതിനൊപ്പമോ അതിന് മുകളിലോ നില്‍ക്കുന്ന ഒന്നാണെന്ന് സംശയമില്ലാതെ പറയാം. ടൈഗറിന് വേട്ടയാടാനുള്ളവര്‍ ഇത്തവണ നിസാരക്കാരനല്ല.

വര്‍മന്റെ മരണത്തിന് പകരം ചോദിക്കാന്‍ നടക്കുന്ന ടീം ഒരുഭാഗത്ത്, വര്‍മന്റെ ടീമിനെ വേട്ടയാടുന്ന മുത്തുവേല്‍ പാണ്ഡ്യന്‍ വേറൊരു വശത്ത്. ആദ്യപകുതി ഈ രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരമാണ്. ഇതിനിടയില്‍ നെല്‍സന്റെ സ്ഥിരം ഡാര്‍ക്ക് കോമഡി പരിപാടികള്‍ ഫസ്റ്റ് ഹാഫിനെ എന്‍ജോയബിളാക്കുന്നുണ്ട്. വര്‍ക്കാകാതെ പോയ കോമഡികള്‍ കുറവാണെന്ന് തന്നെ പറയാം.

ഒന്നാം ഭാഗത്തിന്റെ ഇന്റര്‍വെല്‍ ഏത് രീതിയില്‍ ഹൈ സമ്മാനിച്ചോ അതിന്റെ ‘മൂന്നിരട്ടി’ ഡോസിലുള്ള ഒന്നാണ് ഇത്തവണ നെല്‍സണ്‍ ഒരുക്കിവെച്ചത്. രണ്ടാം പകുതിയില്‍ പ്രധാന വില്ലന്‍ കടന്നുവരുന്നതും പിന്നീട് മുത്തുവേല്‍ പാണ്ഡ്യനെ പല രീതിയില്‍ ഇല്ലാതാക്കാന്‍ നോക്കുന്നതുമൊക്കെയാണ് കഥ. രജിനിയുടെ വണ്‍ മാന്‍ ഷോയിലൂടെ തന്നെയാണ് സിനിമ ആദ്യാവസാനം പോകുന്നത്. കാമിയോകള്‍ ഉണ്ടെങ്കില്‍ പോലും അതിലൊന്ന് പോലും രജിനിക്ക് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടില്ല.

ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റിനെ കൃത്യമായി ഉപയോഗിക്കാനും ആദ്യഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന ഒരു രണ്ടാം ഭാഗം ഒരുക്കാനും നെല്‍സണ് സാധിച്ചിട്ടുണ്ട്. രജിനിയെക്കൊണ്ട് ഒരു ഫൈറ്റ് പോലും ചെയ്യിക്കാതെ അദ്ദേഹത്തിന്റെ ഓറ പൂര്‍ണമായി ഒപ്പിയെടുത്തത് രണ്ടാം ഭാഗത്തിലും നെല്‍സണ്‍ ആവര്‍ത്തിച്ചു. ട്രെയ്‌ലറില്‍ ട്രോള്‍ മെറ്റീരിയലായ ബ്ലാസ്റ്റ് സീന്‍ തിയേറ്ററിലുണ്ടാക്കിയ ഇംപാക്ട് ചെറുതല്ല.

പെര്‍ഫോമന്‍സിലേക്ക് വന്നാല്‍… One Sun, One Moon One and Only തലൈവര്‍. 51 വര്‍ഷം സിനിമാലോകത്ത് മറ്റാര്‍ക്കും തകര്‍ക്കാനാകാത്ത വിധം സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്നത് ചെറിയ കാര്യമല്ല. 75ാം വയസിലും ഇന്ത്യയിലെ പല സൂപ്പര്‍സ്റ്റാറുകള്‍ ഒപ്പം നില്‍ക്കുമ്പോഴും സ്‌ക്രീന്‍ പ്രസന്‍സ് മൊത്തമായി തൂക്കിയത് തലൈവര്‍ തന്നെ. പുള്ളിക്ക് വട്ടം വെക്കാന്‍ ഈ സിനിമയില്‍ ആരുമുണ്ടായിരുന്നില്ല.

രജിനി കഴിഞ്ഞാല്‍ ഈ സിനിമയിലെ ഷോ സ്റ്റീലര്‍ നമോ നാരായണയാണ്. ആദ്യപകുതിയില്‍ രജിനിയെക്കാള്‍ കൈയടി കിട്ടിയത് നമോ നാരായണ അവതരിപ്പിച്ച മൂര്‍ത്തിയായിരുന്നു. നെല്‍സണ്‍ ഒരുക്കിയ കോമഡി സീനുകള്‍ കൃത്യമായി വര്‍ക്കാക്കുന്നതില്‍ നമോ നാരായണ വഹിച്ച പങ്ക് ചെറുതല്ല. സെക്കന്‍ഡ് ഹാഫില്‍ ഈ കഥാപാത്രത്തിന് അധികം സ്‌ക്രീന്‍ സ്‌പേസ് ഇല്ലെങ്കിലും ഫസ്റ്റ് ഹാഫിലെ സ്‌കോറിങ് മാത്രം മതി ഓര്‍ത്തിരിക്കാന്‍.

മലയാളത്തില്‍ നിന്ന് ഒരുലോഡ് ആര്‍ട്ടിസ്റ്റുകളില്‍ അന്യായ സ്‌കോര്‍ ചെയ്തത് സുരാജ് വെഞ്ഞാറമൂടാണ്. ജയിലറിന്റെ ഓപ്പണിങ് സീനില്‍ വര്‍മന്‍ എങ്ങനെയായിരുന്നോ അതിന്റെ ഒരുപടി മേലെയായിരുന്നു ദിലീപ്. ഡെവിളിഷ് + കോമഡി നിറഞ്ഞ വില്ലനെ അഭിനയിച്ച് ഫലിപ്പിക്കുക എന്നത് നിസാര കാര്യമല്ല. സാക്ഷാല്‍ തലൈവരെ വരെ ഒരു സീനില്‍ വിറപ്പിക്കാന്‍ സുരാജിന് സാധിച്ചു.

പ്രധാന വില്ലനായി വേഷമിട്ട എസ്.ജെ സൂര്യയും ഗംഭീരമായിരുന്നു. കഴിഞ്ഞ ഒരുപാട് സിനിമകളില്‍ എസ്.ജെ. സൂര്യ ചെയ്യുന്ന വില്ലന്‍ വേഷങ്ങളിലെല്ലാം ഒരുതരം ആവര്‍ത്തന വിരസതയുണ്ടായിരുന്നു. എന്നാല്‍ നെല്‍സന്റെ കൈയില്‍ കിട്ടിയപ്പോള്‍ അദ്ദേഹത്തെ ഗ്രൗണ്ടഡായി പ്രസന്റ് ചെയ്തിട്ടുണ്ട്. ബോധി കല്‍പക് ഈയടുത്ത് രജിനിക്ക് വന്ന നല്ലൊരു വില്ലന്‍ തന്നെയാണെന്ന് സംശയമില്ലാതെ പറയാം.

യോഗി ബാബു ആസ് യൂഷ്വല്‍ കിട്ടുന്ന ഗ്യാപ്പില്‍ കൗണ്ടറടിച്ച് കൈയടി നേടി. വിദ്യാ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, ഹക്കിം ഷാ, കോട്ടയം നസീര്‍, ഭഗവതി പെരുമാള്‍, രമ്യാ കൃഷ്ണന്‍, മിര്‍ണ മേനോന്‍ എന്നിങ്ങനെ എല്ലാ താരങ്ങളും അവരവരുടെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്.

അനൗണ്‍സ്‌മെന്റ് മുതല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത് കാമിയോ റോളുകള്‍ എങ്ങനെ പ്രസന്റ് ചെയ്യുമെന്നായിരുന്നു. മുത്തുവേല്‍ പാണ്ഡ്യനെ ആദ്യഭാഗത്തില്‍ സഹായിച്ചവര്‍ ഇത്തവണയുമുണ്ട്. അതില്‍ കുറച്ചധികം സ്‌ക്രീന്‍ ടൈമുള്ളത് നരസിംഹനാണ്. ഫസ്റ്റ് ഇന്‍ട്രോ ഗംഭീരമായപ്പോള്‍ സെക്കന്‍ഡ് ഇന്‍ട്രോ അതിന് മേലെ നില്‍ക്കുന്ന ഒന്നായി മാറി.

ലാലേട്ടന്റെ മാത്യുവും തിയേറ്റര്‍ കുലുക്കി. ജാക്കി ഷ്‌റോഫിന്റെ കാംദേവും ഗംഭീരമാക്കിയപ്പോള്‍ പുതിയ എന്‍ട്രിയായ ഹൃതിക് റോഷന്‍ തിയേറ്റര്‍ കത്തിച്ചു. 40 വര്‍ഷത്തിന് ശേഷം ഗ്രീക്ക് ദൈവം സൂപ്പര്‍സ്റ്റാറിനൊപ്പമെത്തിയ ഫ്രെയിം സ്‌ക്രീനിന് തീപിടിപ്പിച്ചു.

രജിനിയും നെല്‍സണും എത്രമാത്രം പ്രധാനമാണോ അതുപോലെ പ്രധാനമായിരുന്നു അനിയുടെ സംഗീതവും. ‘തലൈവര്‍ക്കാക ഉയിരെയേ കൊടുപ്പേന്‍’ എന്ന് അനിരുദ്ധ് പറഞ്ഞത് വെറുതേയല്ലെന്ന് ജയിലര്‍ 2 ഒരിക്കല്‍കൂടി തെളിയിച്ചു. ഹുക്കും റീലോഡഡ് ആയാലും One Sun One Moon ആയാലും ഗംഭീര പ്ലെയ്‌സ്‌മെന്റായിരുന്നു. അതുപോലെ ഫസ്റ്റ് ഹാഫിലെ ‘പുട്ടാപ്പു ഗ്യാങ്’ സോങ് ഗംഭീരമായപ്പോള്‍ ‘അല്ല ബോലേലോ’ നനഞ്ഞ പടക്കം പോലെയായി. ‘An Anirudh Musical’ എന്ന് എഴുതിക്കാണിക്കുമ്പോള്‍ കിട്ടുന്ന കൈയടി തെളിയിക്കും അനിയുടെ ഇംപാക്ട്.

ടെക്‌നിക്കല്‍ ക്രൂ അവരുടെ മാക്‌സിമം ഔട്ട്പുട്ട് ഇത്തവണ നല്‍കിയിട്ടുണ്ട്. ഡാക്കു മഹാരാജിന് ശേഷം വിജയ് കാര്‍ത്തിക് കണ്ണന്‍ ഒരുക്കിയ ഫ്രെയിമുകള്‍ ഓരോന്നും ഗംഭീരം. രജിനികാന്തിനെ ‘Aurakanth’ ആയി പ്രസന്റ് ചെയ്തതില്‍ വിജയ്‌യുടെ ക്യാമറ വഹിച്ച പങ്ക് ചെറുതല്ല. അട്ടപ്പാടി മുതല്‍ ഗോവ വരെയുള്ള ലൊക്കേഷനുകളുടെ ഭംഗി ഒപ്പിയെടുത്തതും എടുത്തുപറയണം.

ചേതന്‍ ഡിസൂസയുടെ ആക്ഷന്‍ ബ്ലോക്കുകള്‍, പ്രത്യേകിച്ച് ക്ലൈമാക്‌സിന് മുമ്പുള്ള സീനില്‍ സെറ്റ് ചെയ്ത ആക്ഷന്‍ സീന്‍ വേറെ ലെവലായിരുന്നു. ഡി.ആര്‍.കെ കിരണ്‍ ഒരുക്കിയ സെറ്റുകളും ഗംഭീരമായിരുന്നു. ആര്‍. നിര്‍മലിന്റെ അളന്നുമുറിച്ചുള്ള കട്ടുകളും ചിത്രത്തെ എന്‍ഗേജിങ്ങാക്കി നിര്‍ത്തി.

മൊത്തത്തില്‍ പാക്ക്ഡ് ആയിട്ടുള്ള തിയേറ്ററില്‍ ആര്‍പ്പുവിളിച്ച് ആഘോഷിക്കാനുള്ള മൊമന്റുകള്‍ ചിത്രത്തിലുണ്ട്. 50 വര്‍ഷമായി പലരും ഇല്ലാതാക്കാന്‍ നോക്കിയിട്ടും ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന തലൈവര്‍ ഇനിയും നിലനില്‍ക്കുമെന്ന് ഒരിക്കല്‍കൂടി പറഞ്ഞുവെക്കുകയാണ് ജയിലര്‍ 2. ഇന്നേക്കും എന്നൈക്കും ഒരു തലൈവന്‍ താന്‍…

Content Highlight: Jailer 2 movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more