| Tuesday, 13th October 2026, 11:30 pm

രണ്ടും കഴിഞ്ഞും മൂന്നും കഴിഞ്ഞു, കേരളത്തില്‍ അഞ്ച് കോടി പിന്നിട്ട് ജയിലര്‍ 2

അശ്വിന്‍ രാജേന്ദ്രന്‍

രണ്ട് ദിവസങ്ങള്‍ കൂടെ കഴിഞ്ഞ് ഒക്ടോബര്‍ 15നുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സിനിമാലോകം ഒട്ടാകെ. 2023ല്‍ പുറത്തിറങ്ങിയ നെല്‍സണ്‍ ചിത്രം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ തമിഴ് ആരാധകരെക്കാള്‍ സന്തോഷിച്ചത് മലയാള സിനിമാ പ്രേമികളായിരുന്നു. തങ്ങളുടെ ഇഷ്ടതാരം മോഹന്‍ലാലിനെ മാത്യു എന്ന കഥാപാത്രമായി കാണാനുള്ള ആവേശമായിരുന്നു ഇതിന് കാരണം.

ഇതോടെ ഒരു തമിഴ് ചിത്രമായിരുന്നിട്ട് കൂടി രണ്ടാം ഭാഗത്തിന് വന്‍ ഹൈപ്പാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചതോടെ വലിയ തരംഗമായിരുന്നു ബുക്ക് മൈ ഷോയില്‍ കണ്ടത്. അഞ്ച് മിനുട്ടില്‍ താഴെ മാത്രമായിരിക്കും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നറിഞ്ഞിട്ടും കേരളത്തില്‍ വന്‍ ബുക്കിങ്ങാണ് ജയിലര്‍ 2ന് ലഭിക്കുന്നത്. ആറ് മണി മുതല്‍ തന്നെ ആരംഭിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷോ ടിക്കറ്റുകളെല്ലാം ഇതിനോടകം സോള്‍ഡ് ഔട്ടായിരിക്കുകയാണ്.

ജയിലര്‍ 2. Photo: X.com

മറ്റ് സംസ്ഥാനങ്ങളിലൊന്നും ലഭിക്കാത്ത വിധത്തില്‍ വലിയ തരം?ഗമായിരുന്നു ചിത്രത്തിന് കേരളത്തില്‍ ലഭിച്ചത്. ഒക്ടോബര്‍ 10ന് ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആദ്യഷോയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. മണിക്കൂറില്‍ നാല്‍പ്പതിനായിരത്തിലധികം ടിക്കറ്റുകള്‍ വരെ വിറ്റഴിക്കുന്ന വിധത്തിലായിരുന്നു ജയിലര്‍ 2 വിന്റെ ക്രേസ്. കേരളത്തിലെ പ്രധാന തിയേറ്ററുകളിലെല്ലാം 6 മണിക്ക് ആരംഭിക്കുന്ന ഷോകളുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിലീസ് ചെയ്യാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ ചിത്രത്തിന്റെ കേരളത്തിലെ മാത്രം പ്രീ സെയില്‍ കളക്ഷന്‍ അഞ്ചുകോടി പിന്നിട്ടതായാണ് കണക്കുകള്‍. ഇതോടെ ഒരു രജിനികാന്ത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ്ങായി ജയിലര്‍ 2 മാറുമെന്നാണ് പ്രതീക്ഷ. ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ കേരളത്തില്‍ നിന്നും നൂറുകോടി നേടുന്ന തമിഴ് ചിത്രമാകാനുള്ള പൊട്ടന്‍ഷ്യലും രജിനി ചിത്രത്തിനുണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ മാസിനും സ്വാ?ഗിനും ഇതില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

ജയിലര്‍ 2. Photo: X.com

മോഹന്‍ലാലിന് പുറമെ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഗദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്‍, മിര്‍ണ, അന്ന രാജന്‍, ഷംന കാസിം തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മലയാളി അഭിനേതാക്കളാണ്. ഇവര്‍ക്ക് പുറമെ ജയിലറില്‍ വര്‍മനായി ഗംഭീര പ്രകടനം കാഴ്ചവെച്ച വിനായകന്‍ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലെത്തുമെന്നും സൂചനകളുണ്ട്.

Content Highlight: Jailer 2 kerala pre sale booking collection

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more