| Sunday, 19th April 2026, 7:48 am

നേട്ര് ഇല്ലൈ നാളൈ ഇല്ലൈ എന്നേക്കുമേ രാജാ; തമിഴില്‍ ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സ് ലഭിക്കുന്ന ചിത്രമായി ജയിലര്‍ 2

അമര്‍നാഥ് എം.

സിനിമാജീവിതം ആരംഭിച്ച് അരനൂറ്റാണ്ട് പിന്നിടുമ്പോഴും തന്റെ സ്റ്റാര്‍ഡത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. ഇന്നും തമിഴിലെ നമ്പര്‍ വണ്‍ താനാണെന്നും തനിക്ക് പകരം വെക്കാന്‍ ആര്‍ക്കുമാകില്ലെന്നും തന്റെ സിനിമകളിലൂടെ പലകുറി രജിനി വ്യക്തമാക്കിയിട്ടുണ്ട്.

70ാം വയസിലും ബാക്ക് ടു ബാക്ക് വമ്പന്‍ സിനിമകള്‍ ചെയ്തുകൊണ്ട് ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുകയാണ് രജിനികാന്ത്. നിലവില്‍ ജയിലര്‍ 2ന്റെ അവസാനഘട്ട ഷൂട്ടിലാണ് താരം. റിലീസിന് മുമ്പ് തന്നെ തമിഴ് സിനിമയില്‍ പുതിയൊരു റെക്കോഡ് നേടിയിരിക്കുകയാണ് ജയിലര്‍ 2. തമിഴില്‍ ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കുന്ന സിനിമയായി ജയിലര്‍ 2 മാറിയിരിക്കുകയാണ്.

160 കോടിക്കാണ് ചിത്രത്തിന്റെ റൈറ്റ്‌സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കമല്‍ ഹാസന്റെ തഗ് ലൈഫിനെ മറികടന്നാണ് ജയിലര്‍ 2 ഒന്നാമതെത്തിയത്. ചിത്രം നേടിയ 149 കോടിയായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന തുക. ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളും അണിനിരക്കുന്നുണ്ടെങ്കിലും രജിനികാന്ത് എന്ന പേര് വെച്ചാണ് ജയിലര്‍ 2 മാര്‍ക്കറ്റ് ചെയ്യുന്നത്.

ജയിലറിന്റെ ഇരട്ടിയാണ് രണ്ടാം ഭാഗത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ്. 75 കോടിക്കായിരുന്നു ജയിലറിനെ ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. തമിഴ്‌നാട്, ആന്ധ്ര/ തെലങ്കാന, ജി.സി.സി, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റെക്കോഡ് വ്യൂവര്‍ഷിപ്പായിരുന്നു ജയിലറിന് ലഭിച്ചത്. ഇതേ ട്രെന്‍ഡ് രണ്ടാം ഭാഗവും ആവര്‍ത്തിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

ഹൈദരബാദില്‍ അവസാനഘട്ട ഷൂട്ടിലാണ് ജയിലര്‍ 2. രജിനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവരും ക്ലൈമാക്‌സില്‍ ഒറ്റ ഫ്രെയിമില്‍ അണിനിരക്കുന്നുണ്ടെന്നാണ് റൂമറുകള്‍. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ അതിഥിവേഷം ചിത്രത്തിലുണ്ടെന്ന് ആദ്യമൊക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് വ്യാജമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിജയ് സേതുപതിയും ചിത്രത്തില്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആദ്യഭാഗത്തിന് മേലെ നില്‍ക്കുന്ന ഗംഭീര ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് ആരാധകര്‍ കരുതുന്നത്. പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ അത് ശരിവെക്കുന്നുമുണ്ട്. ജയിലര്‍ 2ന് ശേഷം സിബി ചക്രവര്‍ത്തി ഒരുക്കുന്ന തലൈവര്‍ 173ലേക്ക് രജിനി കടക്കും. കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രം അടുത്തവര്‍ഷം പൊങ്കലിന് തിയേറ്ററുകളിലെത്തും. തലൈവര്‍ 173ക്ക് ശേഷമാണ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന രജിനി- കമല്‍ റീയൂണിയന്‍ പ്രൊജക്ട് ആരംഭിക്കുന്നത്.

Content Highlight: Jailer 2 gets highest ever OTT rights in Tamil cinema

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more